തിരുവനന്തപുരം: തലസ്ഥാന നഗര മധ്യത്തിലുള്ള ഹോളി ഏഞ്ചൽസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ വാൻ ഡ്രൈവർക്കെതിരെ കുറ്റം ചുമത്താൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു.പ്രതി കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ച ജഡ്ജി പി.എൻ.സീത പ്രതി സമർപ്പിച്ച വിടുതൽ ഹർജി തള്ളി.

പിഞ്ചു ബാല്യങ്ങളെ കശക്കിയെറിഞ്ഞ് മരണത്തിലേക്ക് തള്ളി വിടുന്ന നരാധമന്മാരെ വിചാരണ കൂടാതെ വിട്ടയക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ശൈശവ - ബാല്യങ്ങളെ കാമാസക്തിയോടെ പിച്ചിച്ചീന്തുന്ന രതി വൈകൃതങ്ങളെ തളക്കാൻ ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ടുള്ള 2012 ലെ പോക്‌സോ നിയമ നിർമ്മാണം മാത്രം കൊണ്ട് സാധ്യമല്ല. ഫലപ്രദമായ ബോധവൽക്കരണത്തിലൂടെയും മന:പരിവർത്തനത്തിലൂടെയും പുനരധിവാസത്തിലൂടെയും കൂടി മാത്രമേ സാധ്യമാകൂവെന്നും കോടതി വ്യക്തമാക്കി. ശിക്ഷ വർദ്ധിപ്പിച്ചിട്ടും കുറ്റകൃത്യങ്ങൾ പെരുകുന്നതായും കോടതി നിരീക്ഷിച്ചു.

കുറ്റം ചുമത്തലിന് ജനുവരി 4 ന് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കരമന സർക്കിൾ ഇൻസ്‌പെകർക്ക് കോടതി നിർദ്ദേശം നൽകി. ഹോളി ഏഞ്ചൽസ് സ്‌കൂൾ വാൻ ഡ്രൈവർ മലയിൻകീഴ് ഗോവിന്ദ മംഗലം തകിടിയിൽ കുളത്തിന് സമീപം എസ്.ബി. സദനത്തിൽ സുരേന്ദ്രൻ നായർ മകൻ അനു എന്നും പ്രവീൺ എന്നും വിളിക്കുന്ന പ്രവീൺ കുമാർ (26) ആണ് കേസിലെ പ്രതി.

2011 ജൂലൈ 28 വൈകിട്ട് 4.30 നും 5.30നും ഇടക്കാണ് പെൺ കുട്ടി ആത്മഹത്യ ചെയ്തത്. മണക്കാട് വില്ലേജിൽ നെടുങ്കാട് വാർഡിൽ കീഴാറന്നൂരിൽ താമസിച്ചിരുന്ന 13 വയസ്സുള്ള വിദ്യാർത്ഥിനി വീടിന്റെ രണ്ടാമത്തെ നിലയിലുള്ള ബെഡ് റൂമിലെ ഫാനിന്റെ ഹുക്കിൽ ഷാൾ ഉപയോഗിച്ച് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. 2011 മാർച്ച് 13 മുതൽ ജൂലൈ 27 വരെ പ്രതി നിരന്തരമായി ശാരീരികമായി പീഡിപ്പിച്ചതിൽ വച്ചുള്ള മനോവിഷമത്താൽ പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

സ്‌കൂളിൽ പഠിച്ചു കൊണ്ടിരുന്ന 13 വയസ്സുള്ള കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോവുകയും വീട്ടിൽ കൊണ്ടു വിടുന്നതുമായ വാൻ ഡ്രൈവർ പ്രണയം നടിച്ച് പെൺകുട്ടിയെ നിരന്തരം പറഞ്ഞ് പ്രലോഭിപ്പിച്ച് ആയതിൽ വച്ച് കുട്ടിക്കുണ്ടായ അടുപ്പത്തിൽ വച്ച് പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഊരൂട്ടമ്പലം കൃഷ്ണപുരം എന്ന സ്ഥലത്ത് ഡ്രൈവറുടെ കാർ ഒതുക്കുന്ന കാർ ഷെഡ്ഡിനുള്ളിൽ കാറിൽ വച്ചും പീഡിപ്പിച്ചെന്ന് പ്രതി നൽകിയതായ കുറ്റസമ്മത മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കി.

പെൺകുട്ടി 4 മാസത്തെ പീഡന വിവരം ഹിന്ദിയിൽ തന്റെ ഡയറിയിൽ രേഖപ്പെടുത്തി അലമാരയിൽ സൂക്ഷിച്ചു വച്ചിരുന്നു. ഈ ഡയറിക്കുറിപ്പാണ് കേസിന് തുമ്പുണ്ടാക്കിയത്. ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം കേസെടുത്ത് എഫ്.ഐ.ആർ. തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതിയിൽ കരമന പൊലീസ് സമർപ്പിച്ചു. തുടരന്വേഷണത്തിൽ പീഡന വിവരം വെളിവായതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം ചുമത്തി പുതിയ എഫ്.ഐ.ആർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 376 ( ലൈംഗിക പീഡനം ) ,305 (പ്രായപൂർത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കൽ) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയാണ് കുറ്റപത്രം. 2013 ൽ ആണ് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.