റോം: റോമിലെ പ്രസിദ്ധമായ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയിൽ ഈ അദ്ധ്യയനവർഷം പുതിയൊരു പഠനവിഭാഗം ആരംഭിക്കുന്നു- ചർച്ച് മാനേജ്‌മെന്റ്. സഭയുടെ വിഭവസ്രോതസ്സുകൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനു വൈദികരേയും സന്യസ്തരേയും അല്മായരേയും സജ്ജരാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം.

ഏതാനും അമേരിക്കൻ കത്തോലിക്കാ യൂണിവേഴ്‌സിറ്റികളും നേതൃത്വപരിശീലനസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പഠനപരിപാടി തയ്യാറാക്കിയിരിക്കുന്നത്. വൈദികരെ മാനേജർമാരാക്കുകയല്ല ഈ കോഴ്‌സിന്റെ ലക്ഷ്യം. മറിച്ച്, വൈദികവൃത്തിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവർക്കു സൗകര്യമൊരുക്കാനാണ് ഇത്. സാമ്പത്തിക കാര്യങ്ങളുടെയും ചർച്ച് മാനേജ് മെന്റിന്റെയും അടിസ്ഥാനതത്ത്വങ്ങൾ മനസ്സിലാക്കുന്ന വൈദികർക്ക് ഇത്തരം ചുമലതലകൾ അല്മായർക്കു പങ്കുവച്ചു കൊടുക്കുകയും സ്വന്തം അജപാലനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുകയും ചെയ്യാൻ കഴിയും പാഠ്യപദ്ധതി രൂപപ്പെടുത്തിയ മോൺ. മാർട്ടിൻ ഷ്‌ലാഗ് പറഞ്ഞു.

സെമിനാരികളിൽ സാമ്പത്തിക വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടു സെമിനാരി വിദ്യാർത്ഥികൾ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ഒരു സർവേ വെളിപ്പെടുത്തിയതെന്ന് മോൺ. ഷ്‌ലാഗ് പറഞ്ഞു. പക്ഷേ ഇവർ വൈദികരായി സേവനമാരംഭിച്ചു കഴിയുമ്പോഴാണ് ഈ വിഷയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നത്. പിന്നെ, അവർ സ്വയം ഇതു പഠിക്കാൻ മുന്നോട്ടു വരുന്ന സ്ഥിതിയുണ്ട്. ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയിൽ ഈ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്, മറ്റു സ്ഥാപനങ്ങൾക്കും ഇത്തരം കോഴ്‌സുകൾ തുടങ്ങാൻ പ്രേരണയമാകുമെന്നു പ്രതീക്ഷിക്കുന്നു.

ഇംഗ്ലീഷ് മാധ്യമമായ ആദ്യ കോഴ്‌സിലെ 40 സീ റ്റുകളിൽ 25% വീതം അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമുള്ള പഠിതാക്കൾക്കായി നൽകാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു.