മലപ്പുറം: ജീവിതത്തിൽ അവശതയനുഭവിക്കുന്ന നിരവധി ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച യുവ ഡോക്ടർ ഷാനവാസ് പി.സിയുടെ വിയോഗം ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്‌. നാട്ടിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിദ്ധ്യമറിയിച്ചിരുന്ന ഷാനവാസിന്റെ വേർപാടിൽ വിതുമ്പി നിരവധി സുഹൃത്തുക്കളാണ് നിലമ്പൂർ വടപുറത്തെ പുള്ളിച്ചോല വീട്ടിലേക്ക് എത്തിചേർന്നത്.

ചാരിറ്റി പ്രവർത്തനങ്ങൾ വൃതമാക്കിയിരുന്ന അപൂർവങ്ങളിലൊരാളായിരുന്നു ഡോക്ടർ ഷാനവാസ്. ഷാനവാസുമായുള്ള സംഭാഷണങ്ങളിൽ പലപ്പോഴും ചാരിറ്റി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന കാര്യങ്ങൾ മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ഇന്നലെ വൈകിട്ട് കോഴിക്കോട്ടേക്ക് സുഹൃത്തുക്കളോടൊപ്പം പുറപ്പെട്ട ഷാനവാസിന്റെ സംസാരത്തിലും ചിന്തയിലും നിറഞ്ഞു നിന്നിരുന്നതും പ്രവർത്തനങ്ങളെ കുറിച്ചായിരുന്നത്രെ. ചാരിറ്റി പ്രവർത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളും കച്ചവടമാക്കുന്ന സാമൂഹ്യ ചുറ്റുപാടിൽ നിസ്വാർത്ഥമായ പ്രവർത്തനങ്ങളായിരുന്നു ഡോക്ടർ ഷാനവാസിനെ വേറിട്ടു നിർത്തിയത്.

ഇന്ന് മുതൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തങ്ങളോടൊപ്പം പ്രിയ സുഹൃത്ത് ഷാനവാസ് ഉണ്ടാവില്ലെന്ന സത്യം ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് സുഹൃത്തുക്കളായ അനീഷ്, ആരിഫ്, ജംഷീർ എന്നിവർ. നാല് പേർ ഒരുമിച്ചായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. എന്നാൽ യാത്ര തിരിച്ചെത്തിയപ്പോൾ ഉറക്കത്തിൽ നിന്നും ഉണരാതിരുന്ന ഷാനവാസിനെ സുഹൃത്തുക്കൾ എടവണ്ണ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അനീഷ് സംഭവം വിവരിച്ചതിങ്ങനെ: ഞങ്ങൾ ഇടക്കൊക്കെ ഒഴിവ് സമയത്ത് കോഴിക്കോട്ടേക്ക് പോകാറുണ്ട്, ഇന്നലെ അവിടെന്ന് പർച്ചേസിംങ് കഴിഞ്ഞായിരുന്നു രാത്രി നാട്ടിലേക്ക് തിരിച്ചത്. കൂട്ടത്തിലെ ഒരുവൻ വാഹനമോടിച്ചു. ക്ഷീണമുണ്ടെന്ന് പറഞ്ഞ് ഷാനവാസ് കാറിന്റ പുറകിൽ ഉറങ്ങുകയായിരുന്നു. സാധാരണ ഉറങ്ങാറുള്ളത് പോലെയാകുമെന്ന് കരുതി ഞങ്ങൾ വലിയ കാര്യാക്കിയിരുന്നില്ല.

പോകുമ്പോഴൊക്കെ ഞങ്ങൾ സാധാരണ പോലെ സംസാരിച്ചായിരുന്നു പോയിരുന്നത്. ഷാനവാസ് ഇനി ചെയ്ത് തീർക്കാനുള്ള ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും വാഹനം ശരിയാക്കുന്ന വിഷയവും ഉൾപ്പടെ സംസാരിച്ചിരുന്നു. പക്ഷെ ഞങ്ങൾക്കാർക്കും മരണത്തിന്റെ സൂചന പോലും അതിൽ നിന്ന് ലഭിച്ചിരുന്നില്ല. ഷാനവാസിന് ഇപ്പോഴുണ്ടായിരുന്ന സ്ഥലംമാറ്റം ഏറെ ടെൻഷനുണ്ടാക്കിയിട്ടുണ്ട്. ഈ വിഷയം ഞങ്ങളുമായി പങ്കുവച്ചിരുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെ ആശ്രയിക്കുന്ന കുറെ കുടുംബംങ്ങളുണ്ട് ഇതായിരുന്നു അവനെ കൂടുതൽ വിഷമിപ്പിച്ചത്......ഇടർച്ച സംഭവിച്ചതോടെ അനീഷിന് വാക്കുകൾ പൂർത്തിയാക്കാനായില്ല.

സംഭവിച്ചതൊന്നും അറിയാതെ ഷാനവാസിന്റെ മാതാവ് പി.കെ ജമീല ഹജ്ജുമ്മ നാളെ ഖത്തറിൽ നിന്നും നാട്ടിലേക്ക് തിരിക്കുകയാണ്. ഖത്തറിൽ ഡോക്ടറായി സേവനമനുഷ്ടിക്കുന്ന ഷാനവാസിന്റെ സഹോദരി ഷമീലയുടെ പ്രസവ സംബന്ധമായി ഒന്നര മാസം മുമ്പ് ജമീല ഹജ്ജുമ്മ ഖത്തറിലേക്ക് പുറപ്പെടുകയായിരുന്നു. മാതാവിനോടൊപ്പം മൂത്ത സഹോദരൻ ഡോക്ടർ ഷിനാസ് ബാബുവും നാളെ നാട്ടിലേക്ക് പുറപ്പെടും. ഷാനവാസിനെ ഏറെ സ്‌നേഹിച്ചിരുന്ന ആ മാതാവിനോട് കൂടെയുള്ളവർ ഇപ്പോഴും വിവരമറിയിച്ചിട്ടല്ല. രാവിലെ പത്തിനാണ് ഇവർ നാട്ടിലെത്തുക.

എല്ലാ വേദനകളും കടിച്ചമർത്തി മകന്റെ വിയോഗം താങ്ങാനാവാതെ വീട്ടിൽ കഴിയുകയാണ് പിതാവ് മുഹമ്മദ് ഹാജി. സാധാരണ വീട്ടിൽ കിടന്നിരുന്ന മുഹമ്മദ് ഹാജി ഇന്നലെ എടവണ്ണയിലെ പള്ളിയിലായിരുന്നു രാത്രി സമയം കഴിച്ചു കൂട്ടിയത്. രാത്രി 1.45ന് ഷാനവാസിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ ഫോൺ വിളിയോടെയാണ് പിതാവ് വിവരമറിയുന്നത്. ഇന്നലെ രാവിലെയായിരുന്നു മുഹമ്മദ് ഹാജി മകനെ അവസാനമായി ജീവനോടെ കാണുന്നത്. പിന്നീട് രാജഗിരി ആശുപത്രിയിൽ വച്ച് കാണുന്നത് ഷാനവാസിന്റെ ചലനമറ്റ ശരീരമായിരുന്നു. മകന്റെ പ്രവർത്തനങ്ങളിൽ എന്നും അഭിമാനിതരായിരുന്നു ഈ ദമ്പതികൾ. ഇതുകൊണ്ട് തന്നെ മകന്റെ അകാലത്തിലെ വേർപാട് ഇവരെ ഏറെ സങ്കടപ്പെടുത്തുന്നുണ്ടെങ്കിലും അശരണരുടെ പ്രാർത്ഥന മകന്റെ പരലോക ജീവിതം വിജയിപ്പിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഷാനവാസിന്റെ പിതാവ് മുഹമ്മദ് ഹാജിയുടെ വാക്കുകൾ ഇങ്ങനെ: പടച്ചോന്റെ തീരുമാനം നടപ്പിലായി, ഉടമസ്ഥൻ തീരുമാനിച്ചാൽ വേറെ ആർക്കും തടയാൻ പറ്റില്ലല്ലോ...അവന്റെ നന്മയും പ്രവർത്തനങ്ങളും ഓർത്താണ് ഞങ്ങൾ സമാധാനിക്കുന്നത്.