തിരുവനന്തപുരം: 'വാടകവീട് അന്വേഷിച്ചുവരുന്നവരോട് ജാതി ചോദിക്കുന്നവരാണ് തിരുവനന്തപുരത്തുകാർ' എന്നൊരപവാദം പണ്ടുമുതൽ നിലവിലുണ്ട്. പക്ഷേ ആ പ്രചരണവും അപവാദവും ഇതുവരെ ഒരു കലാപത്തിലേക്കും വഴിതെളിച്ചിട്ടില്ല. എന്നാൽ ഇത് അതുപോലെയല്ല. ഗുരുതരമായ വർഗീയ താൽപ്പര്യം നിലനിർത്തിയുള്ള ചില സന്ദേശങ്ങളാണു വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.

തിരുവനന്തപുരത്തെ തീരദേശമേഖലകളായ വെട്ടുകാട്, വേളി, തുമ്പ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നതിന് പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ചുനൽകണമെന്ന പ്രചരണമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. 'ഇടവകയിൽ വാടകയ്ക്ക് താമസിക്കുന്നതിനുള്ള അപേക്ഷ' എന്നപേരിൽ ഒരു അപേക്ഷാ ഫോറത്തിന്റെ പകർപ്പാണ് പ്രചരിപ്പിക്കപ്പെടുന്നത്. 'ഇടവകയുടെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാമെന്ന് ഇതിനാൽ ഞാൻ/ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സമൂഹത്തിന് തെറ്റായിട്ടുള്ള മാതൃക ചെയ്യുകയാണെങ്കിൽ ആ വീട്ടിൽനിന്നും ഉടമസ്ഥന്റെ അറിവോടുകൂടി യാതൊരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്യുന്നതാണ്. ഇതിൽ സഹകരിക്കാമെന്ന് ഉറപ്പ് നൽകുന്നു' ഇതാണ് അപേക്ഷാഫോറത്തിലെ പ്രധാന വാചകം.

വിവിധ ഇടവക പരിധികളിൽ വീട് വാടകയ്ക്ക് നൽകുന്നവരിൽനിന്ന് ഈ അപേക്ഷ നിർബന്ധമായും ഒപ്പിട്ടുവാങ്ങണമെന്ന് പള്ളികളിൽനിന്ന് നിർദ്ദേശം നൽകുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കണം എന്ന ആവശ്യത്തോടെയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചുപോയ മറുനാടൻ സംഘത്തിന് ഇത് വ്യാജമാണെന്നും ഇത്തരത്തിൽ ഒരു അപേക്ഷാഫോറം വാടകയ്ക്ക് താമസിക്കുന്നവരിൽനിന്ന് എഴുതി ഒപ്പിട്ടുവാങ്ങണമെന്ന് പള്ളികളിൽനിന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും മനസിലാക്കാൻ കഴിഞ്ഞു. ഇതിന്റെ പിന്നിൽ വ്യക്തമായ വർഗീയഅജൻഡയുള്ളവരാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

'ഘർവാപ്പസി' വിവാദം കത്തിനിന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സന്ദേശം വ്യാപകമായത്. ഇതിനെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് റിപ്പോർട്ടും നൽകിയിട്ടുണ്ട്. തീരദേശങ്ങൾ കേന്ദ്രീകരിച്ച് 'ഘർവാപ്പസി വ്യാപിപ്പിക്കാൻ നീക്കം' എന്ന റിപ്പോർട്ടാണ് ഒരു വർഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗം നൽകിയത്. അതേസമയം തീരദേശങ്ങൾ കേന്ദ്രീകരിച്ച് വർഗ്ഗീയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന പഴയ രഹസ്യാന്വേഷണ റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്.

 ഒരു വർഷത്തിനുശേഷം ഈ സന്ദേശം വീണ്ടും സജീവമാകുന്നതിന്റെ കാര്യം വീണ്ടും രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചു തുടങ്ങിയതായാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതിനാൽ തീരദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പൊലീസിന് സർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്.