ചണ്ഡീഗഢ്: ബലാത്സംഗക്കേസിൽ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തു മകളായ ഹണിപ്രീത് ഇൻസാന്റെ ഡയറി പൊലീസ് കണ്ടെടുത്തു. 33 കാരി ഹണിപ്രീത് ഇൻസാന്റെ ഡയറിയിൽ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ഹണി പ്രീതും ഗുർമിതും തമ്മലുള്ള ബന്ധത്തെക്കുറിച്ചും ഡയറിയിലുണ്ടെന്നാണ് വിവരങ്ങൾ. ഡേരാ ആശ്രമത്തിൽ നടത്തിയ പരിശോധനയിലാണ് ഹണിപ്രീതിന്റെ ഡയറികൾ കണ്ടെത്തിയത്.ഗുർമീതിന് ലഭിച്ച ഉപഹാരങ്ങൾ, സംഭാവനകൾ, വരുമാനം, ചെലവ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഡയറിയിലുണ്ട്. വിവിധ ഡേരാ ശാഖകളിൽനിന്നുള്ള വരുമാനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡയറികളുടെ പകർപ്പ് ആദായനികുതി വകുപ്പിന് കൈമറിയിട്ടുണ്ട്.

പഞ്ച്കുളയിൽ നടന്ന കലാപത്തിന് ചെലവഴിച്ച തുകയുടെ കണക്കുകൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. കലാപത്തിനായി ഹണിപ്രീതിന്റെ നിർദേശാനുസരണം അഞ്ചുകോടി രൂപ ചെലവഴിച്ചതായാണ് സൂചനകൾ.ഹണിപ്രീതിന്റെ നിർദ്ദേശപ്രകാരം ദേര സച്ചയുടെ പഞ്ച്കുള ശാഖയുടെ തലവനായ ചാംകൗർ സിംഗാണ് കോടികൾ എറിഞ്ഞ് കലാപത്തിനു നേതൃത്വം നൽകിയത്.കൂടാതെ ദേര ആശ്രമത്തിനു പിന്തുണ നൽകുന്ന വിദേശിയരേയും സ്വദേശിയരേയും കുറിച്ചുള്ള വിവരങ്ങൾ ഡയറിയിൽ ഉണ്ട് എന്നു പറയുന്നു

ഹണിപ്രീത് സ്വകാര്യ ജീവിതത്തെക്കുറിച്ച് എഴുതിയ ഡയറിയിൽ കൗമാരകാലത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയിട്ടുണ്ട്.തനിക്കുണ്ടായ പ്രണയ നഷ്ട്ടത്തെക്കുറിച്ചും പ്രണയം, വഞ്ചന എന്നിവയെക്കുറിച്ച് വരികളും ഡയറിയിലുണ്ട്. കൂടെത്തന്നെ തന്റെ പ്രിയതാരങ്ങളായ ആമിർ ഖാൻ, സൽമാൻ ഖാൻ, കജോൾ എന്നിവരെ കുറിച്ചും ഹണിപ്രീത് ഡയറിയിൽ എഴുതിയിരുന്നു.
ഇവരുടെ ചിത്രങ്ങൾ ഡയറിയുടെ താളുകളിൽ ഒട്ടിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഡയറിയിലെഴുതിയ ഒരു ഗാനം ഗുർമീത് റാം റഹീം സിങ്ങിനു വേണ്ടി സമർപ്പിച്ചതായും കണ്ടെത്തി.