കൊച്ചി: പ്രണയം നടിച്ച് 19കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ ദമ്പതികളാണ് കൊച്ചിയിൽ അറസ്റ്റിലായത്. കൊല്ലം സ്വദേശിനി റിസ്വാന (24), കുന്നുംപുറം സ്വദേശി അൽത്താഫ് (21) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം 19കാരനെ വലയിലാക്കുകയായിരുന്നു.

ഇടപ്പള്ളി സ്വദേശിയായ 19കാരനെ ഇവർ താമസിക്കുന്ന ചേരനല്ലൂരിലുള്ള വാടക വീട്ടിൽ വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും സ്വർണ മാലയും തട്ടിയെടുക്കുകയുമായിരുന്നു. യുവാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

തട്ടിയെടുത്ത സ്വർണവും മൊബൈൽ ഫോണും കണ്ടെടുത്തു. എറണാകുളം എസിപി ലാൽജിയുടെ നിർദേശത്തെ തുടർന്ന് ചേരാനല്ലൂർ സിഐ എൻ.ആർ. ജോസിന്റെ നേതൃത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്‌ഐ കെ.കെ. രൂപേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.