മലപ്പുറം: സിനിമാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രശസ്തനായ യുവകലാകാരനെ വീഡിയോ കോൾചെയ്ത് നഗ്നത പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. സിനിമാരംഗത്തും സാംസ്‌കാരിക രംഗത്തും സജീവമായ ചങ്ങരംകുളം സ്വദേശിയായ യുവകലാകാരനെയാണ് വീഡിയോകോൾ ചെയ്ത് ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് യുവതി വിവസ്ത്രയായി വീഡിയോകോൾ ചെയ്തതെന്നാണ് കലാകരന്റെ പരാതി. കോൾ എടുത്തതോടെ യുവതി വസ്ത്രം അഴിച്ച് വെച്ച് പരാതിക്കാരനോട് ചാറ്റിങിന് ശ്രമിച്ചു. ആദ്യം വസ്ത്രങ്ങളുടെ കുറച്ചുഭാഗം മാറ്റിയ ശേഷം പൂർണമായും ഒഴിവാക്കുകയായിരുന്നു.

ഇതോടെ പന്തികേട് തോന്നിയ യുവാവ് പെട്ടെന്ന് കോൾ കട്ടാക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് താങ്കളുടെ വീഡിയോ ചാറ്റ് റെക്കോർഡ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും 5000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് മെസേജ് അയക്കുകയുമായിരുന്നെന്നാണ് സിനിമാ കലാ സംവിധായകൻ കൂടിയായ ചങ്ങരംകുളം സ്വദേശി പറയുന്നത്. തുടർന്ന് അദ്ദേഹം ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. കലാരംഗത്തും മറ്റു സാംസ്‌കാരിക മേഖലയിലും പ്രവർത്തിക്കുന്ന ഉന്നത വ്യക്തിത്വമുള്ളവരെ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വിവരം. പലരും നാണക്കേടും മാനഹാനിയും ഭയന്നാണ് പരാതി നൽകാനോ ഇത്തരക്കാർക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങാനോ ശ്രമിക്കാത്തത്. മൗനം പാലിക്കുന്നത് ഇവർക്ക് തണലാവുന്നുണ്ടെന്നും സോഷ്യമീഡിയ ഉയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും യുവകലാകാരൻ പറഞ്ഞു