ചേർത്തല: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പ്രവാസി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളെത്തെ ദേവസ്വംവെളി വീട്ടിൽ സുനീഷ് (31) ഭാര്യ സേതുലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. സുനീഷിന്റെ അറിവോടെ സേതുലക്ഷ്മി തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കുകയായിരുന്നു.

ഫേസ്‌ബുക്കിലൂടെയാണ് സേതുലക്ഷ്മി തൊടുപുഴ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവിനെ സേതുലക്ഷ്മി സുനീഷിന്റെ ഒത്താശയോടെ കണിച്ചുകുളങ്ങരയിലെ വാടകവീട്ടിലേക്കു വിളിച്ചുവരുത്തി. സേതുലക്ഷ്മിയുമൊത്തുള്ള ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തിയും മർദിച്ചും എടിഎം കാർഡ്, ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ പിടിച്ചുവാങ്ങി. തുടർന്ന് ഭീഷണിപ്പെടുത്തി എടിഎം കാർഡിന്റെ രഹസ്യനമ്പർ വാങ്ങി പണം കവർന്നെന്നാണ് പരാതി. യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്യുക ആയിരുന്നു.