പഞ്ച്കുള: വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങിന്റെ ദത്തുപുത്രിയെന്നറിയപ്പെടുന്ന ഹണിപ്രീതിന്റെ മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുന്നു. ഹണീപ്രീതിന്റെ ഐ-ഫോണിൽ നിന്ന് വിവരങ്ങൾ എല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ്. അതിനാൽ ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സൈബർ വിദഗ്ദ്ധർ നടത്തി വരുകയാണ്.

കഴിഞ്ഞ 26 നു തന്നെ ഹണിപ്രീത് നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഫോൺ ദേരാ ആശ്രമത്തിലെ വൈസ് ചെയർപേഴ്സൺ വിപാസനയുടെ കൈയിൽ ഏൽപ്പിച്ചിരുന്നു. ഹണിപ്രീതിനെ ചോദ്യം ചെയ്തതിൽ നിന്ന് ഫോൺ വിപാസനയുടെ പക്കലുണ്ടെന്ന് ഹണിപ്രീത് വെളിപ്പെടുത്തി. പിന്നാലെയാണ് ഫോൺ വിപാസനയുടെ കൈയിൽ നിന്ന് പൊലീസ് വീണ്ടെടുത്തത്. ഹണിപ്രീതിന്റെ വിരലടയാളം ഉപയോഗിച്ചാണ് ഐഫോൺ ലോക്ക് ചെയ്തിരിക്കുന്നത്. അതിനാൽ ഹണിപ്രീതിൻെ്റ സാന്നിധ്യത്തിൽ മാത്രമേ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഫോണിൽ നിന്നും നഷ്ടപ്പെട്ട വിവരങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളെ ഹണിപ്രീത് അവഗണിക്കുകയാണ്. പ്രകോപനപരമായ വീഡിയോകളും ചിത്രങ്ങളും സാമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറ്റവും ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുണ്ട്.