- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീരജ് മറ്റൊരു സമുദായത്തിൽപ്പെട്ട സഞ്ജന യാദവിനെ പ്രണയിച്ച് വിവാഹം കഴിച്ചത് ഒന്നര വർഷം മുമ്പ്; ഒന്നര മാസം മുമ്പ് ഒരു കുട്ടിയും ജനിച്ചു; യുവതിയുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുള്ള വിവാഹം ദുരഭിമാനമായി; ഹൈദരാബാദിൽ 24 കാരനെ നടുറോഡിലിട്ട് ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു
ഹൈദരാബാദ്: ഹൈദരാബാദിനെ നടുക്കി വീണ്ടും ദുരഭിമാന കൊലപാതകം. നീരജ് കുമാർ പൻവാർ എന്ന 24 കാരനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. റോഡിൽ വെച്ച് പിതാവിന് മുന്നിലിട്ടായിരുന്നു ഭാര്യയുടെ ബന്ധുക്കൾ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മാസത്തിനിടെ ഹൈദരാബാദിൽ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലപാതകമാണിത്.
നീരജ് ഒന്നര വർഷം മുമ്പാണ് മറ്റൊരു സമുദായത്തിൽപ്പെട്ട സഞ്ജന യാദവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. യുവതിയുടെ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം. ഇവർക്ക് ഒന്നര മാസം മുമ്പ് ഒരു കുട്ടിയും ജനിച്ചിരുന്നു. വെള്ളിയാഴ്ച ഷാഹിനായത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവതിയുടെ ബന്ധുക്കൾ നീരജിനെ ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നീരജിന്റെ പിതാവ് രാജേന്ദ്ര പൻവാറിന്റെ മുന്നിൽ വച്ചായിരുന്നു കൊലപാതകം.
വിവാഹത്തെത്തുടർന്ന് യുവതിയുടെ വീട്ടുകാർ പ്രതികാരത്തിനായി കഴിഞ്ഞ ആറു മാസമായി തക്കം പാർത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ഇതിനായി നീരജ് നടത്തി വന്നിരുന്ന കടയിലേക്കുള്ള വരവും പോക്കും യുവതിയുടെ ബന്ധുക്കൾ നിരീക്ഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന നീരജിനെ റോഡിൽവെച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. പിന്നിൽ നിന്നും ഗ്രാനൈറ്റ് പാളി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസ്, അക്രമിസംഘത്തിൽപ്പെട്ട നാലുപേരെ കർണാടകയിലെ ഗുരുമിത്കാലിൽ നിന്നും പിടികൂടിയതായാണ് റിപ്പോർട്ട്. നീരജിന് യുവതിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
മെയ് നാലിന് ബില്ലാപുരം നാഗരാജു എന്ന 25 കാരനും ദുരഭിമാനക്കൊലയ്ക്ക് ഇരയായിരുന്നു. അഷ്റിൻ സുൽത്താന എന്ന പെൺകുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തതിനെത്തുടർന്നാണ് നാഗരാജു യുവതിയുടെ വീട്ടുകാരാൽ കൊലചെയ്യപ്പെടുന്നത്.
മറുനാടന് ഡെസ്ക്