ജയ്പുർ: രാജസ്ഥാനിൽ മലയാളിയായ സിവിൽ എഞ്ചിനീയറെ, ഭാര്യ വീട്ടുകാർ വെടിവെച്ചുകൊന്നു. അടൂർ മണ്ണടിയിൽനിന്ന് ജയ്പുരിലേക്കു കുടിയേറിയ സോമൻപിള്ള- രമാദേവി ദമ്പതികളുടെ മകൻ അമിത്(27) ആണ് ഇന്നു രാവിലെ മരിച്ചത്. ഭാര്യ മംമ്ത ചൗധരിയുടെ വീട്ടുകാർ രാവിലെ വീട്ടിലെത്തി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെടിയുതിർക്കുകയും ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ജയ്പൂർ സ്വദേശിയായ ഭാര്യ മമത ചൗധരിയെ ബലമായി പിടിച്ചുകൊണ്ടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ദുരഭിമാനകൊലയാണെന്നാണ് പൊലീസ് നിഗമനം.

നാലു പതിറ്റാണ്ട് മുമ്പ് ജയ്പുരിലേക്കു കുടിയേറിയതാണ് അമിതിന്റെ കുടുംബം. അമിത് ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. മാതാപിതാക്കളോടൊപ്പം ജയ്പുരിൽ താമസിച്ചിരുന്ന അമിത് സിവിൽ എൻജിനിയറായി ജോലി നോക്കിവരുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ജയ്പൂർ സ്വദേശിനി മമത ചൗധരിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. കൊട്ടാരക്കര ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.

വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെയാണ് മമത വിവാഹത്തിന് സമ്മതിച്ചത്. വിവാഹ ശേഷം ഭാര്യാവീട്ടുകാർ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമിതിന്റെ ബന്ധു അഭിലാഷ് മറുനാടനോടു പറഞ്ഞു. അമ്മയുമായി മാത്രം മമത ഇടയക്ക് ഫോണിൽ ബന്ധം പുലർത്തിയിരുന്നു. മമത അഞ്ച് മാസം ഗർഭിണിയൊണെന്ന് അറിഞ്ഞതോടെ കാണാനെത്തുമെന്ന് അമ്മ അറിയിച്ചു.

തുടർന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെ അച്ഛൻ ജീവൻ റാം ചൗധരി, അമ്മ ഭഗ്വാനി ചൗധരി എന്നിവർ മറ്റ് രണ്ടു പേരോടെപ്പം വീട്ടിലെത്തി. ആ സമയത്ത് ഉറങ്ങുകയായിരുന്ന അമിത് സ്വീകരണമുറിയിൽ എത്തി. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ നാല് തവണ നിറയൊഴിക്കുകയുമായിരുന്നു. ഇതിനിടെ മമതയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോകാനും ശ്രമം നടന്നു.

ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സംഘം കടന്നു കളയുകയായിരുന്നു. പ്രതികൾ നാല് പേരും ഒളിവിലാണ്. മമതയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തെ കുറിച്ച് സഹോദരന് വിവരമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.