തിരുവനന്തപുരം: നിങ്ങൾ സമരം ചെയ്തോളു ശമ്പളം ഞങ്ങൾ പിടിച്ച് വെച്ചോളാം. സമാനതകളില്ലാത്ത സമരം നയിക്കുന്ന നഴ്സിങ്ങ് സമൂഹതത്തെ വെല്ലുവിളിച്ച് ആശുപത്രി മുതലാളിമാർ അങ്കാരം തുടരുകയാണ്. കഴിഞ്ഞ മാസം 15ന് കെവി എം ആശുപത്രിയിൽ മാസങ്ങളായി തുടരുന്ന നഴ്സിങ്ങ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തിരുവനന്തപുരത്തെ ആശുപത്രി മുതലാളിമാർ നേരിടുന്നത് ശമ്പളം നൽകാതെയാണ്. മുതലാളിമാരുടെ നിലപാടിനെതിരെ ശക്തമായി രംഗത്ത് വരുമെന്ന് യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.ഇന്ന് വൈകുന്നേരത്തിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ ഒരു രോഗിയേയും നഴ്സുമാർ പരിചരിക്കില്ലെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

സാധാരണയായി എല്ലാ മാസവും 5ന് മുൻപ് ശമ്പളം നൽകുന്ന ആശുപത്രികൾ പോലും ഇത്തവണ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ശമ്പളം നൽകാതിരിക്കുകയാണെന്നും യുഎൻഎ പറയുന്നു. നഴ്സുമാർക്ക് മാത്രമാണ് ആശുപത്രികൾ ശമ്പളം നൽകാത്തത്, ബാക്കി എല്ലാ ജീവനക്കാർക്കും ശമ്പളം നൽകി കഴിഞ്ഞു. ഒരു ദിവസം പണിമുടക്കിയതിന് എട്ട് ദിവസത്തെ ശമ്പളം നൽകാതിരിക്കാനാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടനയായ കെപിഎഎച്ച്എയുടെ തീരുമാനം. തങ്ങളുടെ കൈവശം പണമില്ലെന്നാണ് എസ്‌കെ ആശുപത്രി പറയുന്നത്, നിയമപരമായി ശമ്പളം നൽകാൻ സമയമായില്ലെന്ന് പിആർഎസ് ഉൾപ്പടെയുള്ളവർ ഇനിയും ശമ്പളം നൽകിയിട്ടില്ല.

ഇന്ന് വൈകുന്നേരത്തിന് മുൻപ് ശമ്പളം നൽകിയില്ലെങ്കിൽ രോഗികളെ നോക്കില്ലെന്ന തീരുമാനത്തിൽ നിന്ന് ഒരു കാരണത്താലും പിന്മാറില്ലെന്നും യുഎൻഎ പറയുന്നു.അശാസ്ത്രിയമായ ഷിഫ്റ്റ് സമ്പ്രദായം, അവധി നൽകാതിരിക്കുക, 2013ൽ സുപ്രീം കോടതി പറഞ്ഞ ശമ്പളം പോലും നൽകാതിരിക്കുക എന്നിങ്ങനെയുള്ള ചേർത്തല കെവി എം ആശുപത്രിയലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ യുഎൻഎയുടെ ആഭിമുഖ്യത്തിൽ സമരം നടത്തിയത്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രിയിലേയും നഴ്സുമാർ കഴിഞ്ഞ 15ന് ചേർത്തലയിൽ സമരം നടത്തിയിരുന്നു.

യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ നിരാഹാര സമരം നടത്തുകയും പിന്നീട് ആരോഗ്യ സ്ഥിതി മോശമായപ്പോൾ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് നിരാഹാര സമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സിബി മുകേഷിന്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കഴിഞ്ഞ മാസം 27ന് സെക്രട്ടേറിയറ്റിന് മുന്നിൽ യുഎൻഎയുടെ രാപ്പകൽ ഉപവാസ സമരവും നടത്തിയിരുന്നു, ഇത്തരത്തിൽ ഒരു ആശുപത്രിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്തെ നഴ്സുമാർ മുഴുവനും ഒരുമിച്ച് സമരം ചെയ്യുന്നത് ആശുപത്രി മാനേജ്മെന്റുകളെ ചൊടിപ്പിച്ചു. ഇതാണ് ശമ്പളം നൽകാതെ നഴ്സുമാരെ വിരട്ടി ഭാവിയിലെ സമരങ്ങൾ അടിച്ചമർത്താനുള്ള മാനേജ്മെന്റിന്റെ നീക്കമായി യുഎൻഎ കാണുന്നു.

ശമ്പളം നൽകുന്ന കാര്യത്തിൽ ആശുപത്രി മാനേജ്മെന്റ് കാണിക്കുന്ന നെറികേടുകളോട് ജില്ലാ ലേബർ ഓഫീസറുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാകുന്നില്ലെന്നും യുഎൻഎക്ക് പരാതിയുണ്ട്. ലേബർ ഓഫീസിൽ പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ല. കെവി എം ആശുപത്രിയിലെ സമരത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുഭാവപൂർണമായ നിലപാട് ഇനിയും ഉണ്ടായിട്ടില്ല. സർക്കാർ നോക്കുകുത്തിയായി നിൽക്കുമ്പോഴാണ് കെവിഎമ്മിലെ സമരം 205 ദിവസം പിന്നിട്ടിരിക്കുന്നത്. ഇതിൽ ഇന്നലെ നടത്തിയ ചർച്ചയും പരാജയമായതിന് പിന്നാലെയാണ് തലസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ മുതലാളിമാർ ശമ്പളം നൽകാതെ പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.