കൊച്ചി: കനത്ത മഴയ്ക്കിടെ കളമശേരിയിൽ ഇരുനില വീടു ചെരിഞ്ഞു. വീടു തകരുന്നതു ശ്രദ്ധയിൽ പെട്ട അയൽവാസികൾ ഓടിയെത്തി ഇടപെട്ട് വീടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി. അകത്തെ ഭിത്തികൾ തകർന്നു. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്.

കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂർണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളിൽ തങ്ങിനിൽക്കുന്നത്. സംഭവ സമയത്ത് ഗൃഹനാഥൻ പുറത്തു പോയിരുന്നു.

മെറ്റൽ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ ആളുകളെ പുറത്തെത്തിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി.

ഒരാഴ്ച മുൻപാണ് ഇവിടെ താഴത്തെ നിലയിൽ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബം ഒഴിഞ്ഞുപോയത്. താഴത്തെ നില പൂർണമായും ഇരുന്നു പോയിരുന്നു. ഇവിടെ ആൾത്താമസം ഉണ്ടായിരുന്നെങ്കിൽ ആളപായം ഉൾപ്പെടെ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

പൂർണമായും തകർന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം. അകത്തുണ്ടായിരുന്ന സാധനങ്ങൾ എടുത്തു നീക്കിയിട്ടുണ്ട്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്നു സമീപവാസികൾ പറയുന്നു.

രണ്ടു വീടിന് അപ്പുറത്തു താമസിക്കുന്ന സ്ഥലം കൗൺസിലർ ബിന്ദു മനോഹരന്റെ മാതാവ് സരള രാവിലെ വീടിനു മുകളിൽ തുണി എടുക്കുന്നതിനായി കയറിപ്പോഴാണു വീടു ചെരിയുന്നതു കാണുന്നത്. ബഹളംവച്ച് ഇറങ്ങിയ ഇവർ മകളെ വിവരം അറിയിച്ച് ആളെക്കൂട്ടി അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഉടനെ ആദ്യത്തെ നിലയിലുണ്ടായിരുന്ന വീട്ടുടമസ്ഥരെ വിളിച്ചിറക്കി. പിന്നീട് സമീപവാസികൾ വന്ന് വീടിനുള്ളിലെ സാധനങ്ങൾ മാറ്റി.

വീടിന്റെ താഴത്തെ നില പൂർണമായും തകർന്ന് സമീപത്തെ വീടിനു മുകളിലേക്കു ചെരിഞ്ഞതോടെ ആ വീടിന്റെ ഭിത്തികൾക്കും കാര്യമായ തകരാർ സംഭവിച്ചു. ഇതിന്റെ നല്ലൊരു ഭാഗവും പൊളിച്ചു പുതിയതായി പണിയേണ്ട സാഹചര്യമാണ്. വീട്ടുടമ അടുത്ത കാലത്താണ് പുതിയ വീടു പണിതു താമസം ആരംഭിച്ചതെന്ന് അയൽക്കാർ പറയുന്നു.

20 വർഷം മുൻപ് രണ്ടു സെന്റിൽ ലക്ഷംവീട് പദ്ധതിയുടെ ഭാഗമായി പണിതു കിട്ടിയതാണ് ഒരു നിലയുള്ള വീട്. പിന്നീട് വീട്ടുടമ ഇതിനു മുകളിലേക്ക് രണ്ടു നില കൂടി പണിതു. അതിനു മുകളിൽ ഷീറ്റിട്ട് ചുറ്റും മറച്ച് ഉപയോഗിക്കുകയും ചെയ്തു. വാടകക്കാർ ഒഴിഞ്ഞു പോയതിനു പിന്നാലെ വീടിന്റെ താഴത്തെ നിലയിൽ അറ്റകുറ്റപ്പണികൾ നടത്തി വരികയായിരുന്നു. ഇതിനായി നിലവിലുള്ള സിമന്റുതറ കുത്തിപ്പൊളിച്ചപ്പോഴുണ്ടായ ഇളക്കങ്ങളും വീടിനെ ബാധിച്ചതോടെ തകർന്നു വീഴുകയായിരുന്നു എന്നാണ് സൂചന.

നിർമ്മാണ ജോലിക്കാർ ഈ സമയം വീടിനുള്ളിൽ ഇല്ലാതിരുന്നതും രക്ഷയായി. അപകട വിവരം അറിഞ്ഞു സ്ഥലത്തെത്തിയ കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത് ജോർജ് സമീപത്തെ മൂന്നു കുടുംബങ്ങളോടു മാറി താമസിക്കാൻ നിർദ്ദേശിച്ചു. ഇവരെ സമീപത്തെ അങ്കണവാടിയിൽ ഒരുക്കിയ താൽക്കാലിക ക്യാംപിലേക്ക് മാറ്റി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീടു പൊളിച്ചു മാറ്റുന്നതിനാണ് നിർദ്ദേശം. ഇതിനു വേണ്ട സഹകരണം ഉറപ്പാക്കണമെന്ന് ഫയർഫോഴ്‌സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.