കൊല്ലം: വാഹന വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജാമ്യം നിന്നയാളുടെ വീട് ജപ്തി ഭീഷണിയിലായതോടെ വാഹന ഉടമയുടെ വീട്ടിൽ കഞ്ഞി  വച്ച് പ്രതിഷേധ സമരം. ശാസ്താംകോട്ട മൈനാഗപ്പള്ളി ഷംനാദ് മൻസിൽ ഷക്കീല(52)യും കുടുംബവുമാണ് ജപ്തി ഭീഷണിയെ തുടർന്ന് വാഹന ഉടമയായ മൈനാഗപ്പള്ളി തെങ്ങും വിളയിൽ നഹാസിന്റെ വീട്ടിൽ കയറി സമരം ആരംഭിച്ചത്.

2007 ൽ നഹാസിന് ലോറി വാങ്ങാനായി ശ്രീ റാം ഫിനാൻസിൽ വായ്പയ്ക്കായി ഷക്കീല ജാമ്യം നിന്നിരുന്നു. എന്നാൽ വായ്പയുടെ തവണകൾ മുടങ്ങിയതിനാൽ ഫിനാൻസുകാർ വാഹനം സിസി ചെയ്തു. വാഹനം ലേലത്തിൽ വിറ്റത് 1,40,000 രൂപയ്ക്കാണ്. എന്നാൽ ബാക്കി തുകയായ 6,78000 രൂപ തിരിച്ചു പിടിക്കാനായി ബാങ്ക് ജപ്തി നടപടി ആരംഭിക്കുകയായിരുന്നു. നഹാസിന്റെ പേരിൽ ജപ്തി നടപടി തുടങ്ങിയപ്പോൾ വസ്തു വകകൾ ഒന്നും ഇല്ലായിരുന്നു. ഇയാൾ തന്ത്രപരമായി മറ്റൊരാളുടെ പേരിലേക്ക് മാറ്റി എഴുതി. പിന്നീട് ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. ജപ്തി ഭീഷണിയിലായ കുടുംബത്തോട് പണം ഞങ്ങൾ അടയ്ക്കുമെന്നും ജപ്തി ഒഴിവാക്കാൻ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങുമെന്നും അറിയിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നഹാസും കുടുംബവും ചെയ്തില്ല. ഇതോടെയാണ് ഷക്കീലയും കുടുംബവും ഇന്ന് രാവിലെ മുതൽ നഹാസിന്റെ വീടിന് മുൻപിൽ സമരം ആരംഭിച്ചത്.

2013 ഏപ്രിൽ 20 നാാണ് തവണകൾ മുങ്ങിയതിന് ബാങ്ക് ജപ്തി നടപടികൾക്ക് തുടക്കം ആരംഭിച്ചത്. വാഹനം സിസി ചെയ്തു. സെക്കൻഡ് ഹാൻഡ് പ്ലാറ്റ് ഫോം ലോറിയായിരുന്നു നഹാസ് വാങ്ങിയത്. പിഴപ്പലിശ ഉൾപ്പെടെ 10 ലക്ഷം രൂപയ്ക്ക് മുകളിൽ പോയതോടെയാണ് കമ്പനി നടപടികൾ തുടങ്ങിയത്. വായ്പ എടുത്തിട്ട് ആകെ രണ്ടര ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളത്. അങ്ങനെയാണ് ജാമ്യം നിന്ന ഷക്കീലയുടെ വീടും പറമ്പും 6,78,000 രൂപയ്ക്ക് ജപ്തി ചെയ്യാൻ തീരുമാനിച്ചത്. അവസാന സെറ്റിൽമെന്റ് എന്ന നിലയിൽ പിഴപ്പലിശ ഒഴിവാക്കി മുതൽ മാത്രം അടച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് ശ്രീറാം ഫിനാൻസ് അറിയിച്ചിട്ടും പണം അടയ്ക്കാതെ കബളിപ്പിക്കുകയായിരുന്നു. സംഭവത്തെ പറ്റി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഷക്കീല പരാതി നൽകിയെങ്കിലും സ്റ്റേഷനിൽ ഹാജരാകാൻ നഹാസിന്റെ പിതാവ് കമറുദീൻ തയ്യാറായില്ല. ഇയാൾക്കെതിരെ പൊലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഒക്ടോബർ 10 ന് വീട് ജപ്തി ചെയ്യും എന്ന അവസാന നോട്ടീസ് കിട്ടിയതോടെയാണ് ഷക്കീലയും കുടുംബവും നഹാസിന്റെ വീട്ടിൽ കഞ്ഞിവച്ച് കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിച്ചത്. ഷക്കീലയ്ക്കൊപ്പം മക്കളും മരുമക്കളുമാണ് സമരം ചെയ്യുന്നത്. തങ്ങളുടെ വീടിന്റെ ജപ്തി ഒഴിവാക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് ഇവരുടെ തീരുമാനം. അതെ സമയം നഹാസിനെ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ ജപ്തി ഒഴിവാക്കാൻ ഹൈക്കോടതിയിൽ പരാതി കൊടുത്തിട്ടുണ്ട് എന്ന വിവരമാണ് പറയുന്നത്.