അമ്പലപ്പുഴ: വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ.അമ്പലപ്പുഴ തെക്കേനട കരൂർ ശ്യാംനിവാസിൽ രമയുടെ (63) കൊലപാതകത്തിലാണ് ഭർത്താവ് ശശിയെ (66) ഇന്നലെ രാവിലെ സിഐ എസ്.ദ്വിജേഷ്, എസ്‌ഐ ടോൾസൺ പി.ജോസഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പോസ്റ്റ്‌മോർ്ട്ടത്തിലെ ചില നിഗമനങ്ങളാണ് കൊലപാതകത്തിലേക്ക് വഴിതുറന്നത്.

കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും അത് മകൻ ചെയ്തതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ശശിയുടെ നീക്കം.എന്നാൽ സാഹചര്യത്തെളിവുകൾ നിരത്തി പൊലീസ് പൂട്ടിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.ശശിയിൽ നിന്ന് രമയ്ക്ക് ഏറ്റ ശക്തമായ മർദ്ദനമാണ് മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് 12 സാഹചര്യത്തെളിവുകൾ പൊലീസ് നിരത്തിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് പറയുന്നത് ഇങ്ങനെ..ചൊവ്വാഴ്ച രാവിലെ വീട്ടിൽ വച്ച് മരിച്ച രമയെ ആംബുലൻസ് വിളിച്ചു ശശി തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.രമയുടെ മുഖത്തും തലയിലും കണ്ടെത്തിയ 6 മുറിവുകളും മറ്റു 2 മുറിവുകളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കൊലപാതകത്തിന് കേസെടുത്തത്. രമയെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസിന്റെ ഡ്രൈവറെയും ചോദ്യം ചെയ്തു.

രമയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഫൊറൻസിക് വിദഗ്ധൻ ഡോ. സ്‌നേഹൽ അശോകും പൊലീസും രമയുടെ വീട്ടിലെത്തി കുറ്റകൃത്യം നടന്നിരിക്കാൻ ഇടയുള്ള സാഹചര്യം പുനഃസൃഷ്ടിച്ചു. 20 വർഷമായി രമയ്ക്ക് ആസ്മയും 12 വർഷമായി പാർക്കിൻസൺസ് രോഗവും ഉണ്ടായിരുന്നു. രമയുടെ തലയിൽ കൈ കൊണ്ട് ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടർ പറഞ്ഞു.

കൃത്യത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി സാധാരണ മരണമാണെന്ന് വരുത്തിത്തീർത്ത് മൃതദേഹം മറവു ചെയ്യാനുള്ള ശശിയുടെ നീക്കം പൊളിഞ്ഞതാണ് കൊലപാതകമാണെന്ന് തെളിയാനിടയാക്കിയത്. ശരത്താണ് രമയെ കൊന്നതെന്ന് ശശി പറഞ്ഞു.

എംബിഎ പരീക്ഷയ്ക്കായി ശരത് ശശി സംഭവദിവസം രാവിലെ 8.30ന് വീട്ടിൽ നിന്ന് പോയി. തുടർന്ന് ശശി രമയെ മർദിച്ചു. രമയുടെ സഹോദരി രാവിലെ 9.51ന് രമയെ വിളിച്ചു. സംഭാഷണത്തിനിടെ രമ കരഞ്ഞു. തുടർന്ന് ഫോൺ കട്ടായി. പിന്നീട് സഹോദരി ശശിയെ വിളിക്കുമ്പോൾ രമ മരിച്ചുവെന്ന് ശശി അവരെ അറിയിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി രമയെ അതിൽ കയറ്റി 10.20ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

രമ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. രോഗിയായ രമ കസേരയിൽ നിന്നു വീണതാണ് മരണകാരണമെന്ന് ശശി ഡോക്ടർമാരോടു പറഞ്ഞു. ഇതിനിടെ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കാൻ ശശി ശ്രമിച്ചു.
ഇതേസമയം ശരത് ആശുപത്രിയിലെത്തി രമയുടെ ശരീരത്തിലെ മുറിവുകളിൽ സംശയം ഉയർത്തിയതോടെ പൊലീസ് സർട്ടിഫിക്കറ്റ് നൽകിയില്ല. ശശിയുടെ വീട്ടിൽ രാത്രി കുടുംബവഴക്ക് പതിവാണെന്ന് നാട്ടുകാർ പൊലീസിനു മൊഴി നൽകി. ഇതിനു മുൻപും ശശി രമയെ ക്രൂരമായി മർദിച്ചിട്ടുണ്ട്.