- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം കെട്ടിടമുണ്ടായിട്ടും വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറാാൻ ഒരുങ്ങി ഹൗസിങ് ബോർഡ്; ഓഫീസ് മാറ്റുന്നത് മാണിഗ്രൂപ്പ് നേതാവിന്റെ ബിനാമിക്ക് കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ: തെരഞ്ഞെടുപ്പിനു മുൻപേ യുഡിഎഫിലെ കടുംവെട്ട് തുടരുന്നു
പത്തനംതിട്ട: തെരഞ്ഞെടുപ്പിനു മുൻപുള്ള യു.ഡി.എഫ് സർക്കാരിന്റെ കടുംവെട്ട് തുടരുന്നു. വല്യേട്ടനായ കോൺഗ്രസ് നിലംനികത്തലും സ്വന്തക്കാർക്ക് ഭൂമി പതിച്ചു കൊടുക്കലുമൊക്കെയായി സസുഖം മുന്നേറുമ്പോൾ ഘടകകക്ഷി നേതാക്കൾ അവർക്ക് കഴിയുന്ന രീതിയിലാണ് കടുംവെട്ട് നടത്തുന്നത്. മാണിഗ്രൂപ്പിലെ പത്തനംതിട്ട ജില്ലയിലെ പ്രമുഖ നേതാവ് ബിനാമിക്ക് വേണ
പത്തനംതിട്ട: തെരഞ്ഞെടുപ്പിനു മുൻപുള്ള യു.ഡി.എഫ് സർക്കാരിന്റെ കടുംവെട്ട് തുടരുന്നു. വല്യേട്ടനായ കോൺഗ്രസ് നിലംനികത്തലും സ്വന്തക്കാർക്ക് ഭൂമി പതിച്ചു കൊടുക്കലുമൊക്കെയായി സസുഖം മുന്നേറുമ്പോൾ ഘടകകക്ഷി നേതാക്കൾ അവർക്ക് കഴിയുന്ന രീതിയിലാണ് കടുംവെട്ട് നടത്തുന്നത്.
മാണിഗ്രൂപ്പിലെ പത്തനംതിട്ട ജില്ലയിലെ പ്രമുഖ നേതാവ് ബിനാമിക്ക് വേണ്ടി നടത്തിയ കടുംവെട്ട് ഇങ്ങനെ: സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹൗസിങ് ബോർഡ് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം ആ ഭാഗം തന്റെ ബിനാമിക്ക് വാടകയ്ക്ക് കൊടുപ്പിച്ചു. സ്വന്തം കെട്ടിടത്തിൽ സുഗമമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭവന നിർമ്മാണ ബോർഡിന്റെ തിരുവല്ല ഡിവിഷണൽ ഓഫീസാണ് റവന്യൂ ടവറിന്റെ അഞ്ചാം നിലയിലേക്ക് മാറ്റാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. കേരളാ കോൺഗ്രസ് (എം) ജില്ലാ നേതാവിന്റെ താൽപര്യ സംരക്ഷണാർഥമാണ് പെട്ടെന്നുള്ള മാറ്റം. തെരഞ്ഞെടുപ്പിനു മുൻപ് തിരക്കിട്ടു മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.
കഴിഞ്ഞ ദിവസം ചേർന്ന ഭവനനിർമ്മാണ ബോർഡിന്റെ ഡയറക്ടർ ബോർഡ് യോഗം അജണ്ടയ്ക്ക് പുറത്തു നിന്നാണ് ഓഫീസ് മാറ്റത്തിന് തീരുമാനം എടുത്തത്. കുറ്റപ്പുഴയിൽ ഹൗസിങ് ബോർഡിന്റെ സ്വന്തം കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. 98 ലാണ് ഓഫീസിന് വേണ്ടി ഇവിടെ ഇരുനില കെട്ടിടം നിർമ്മിച്ചത്. അന്നു മുതൽ ഓഫീസ് ഇവിടെ പ്രവർത്തിച്ചു വരുന്നു. അടുത്ത കാലത്ത് കെട്ടിടത്തിന്റെ ഒന്നാം നില മാണിഗ്രൂപ്പ് നേതാവിന്റെ ബിനാമിക്ക് കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഇതിനായി പത്രപ്പരസ്യം നൽകിയപ്പോൾ ഒരാൾ മാത്രമാണ് അപേക്ഷിച്ചത്.
ചതുരശ്ര മീറ്ററിന് ഏഴുരൂപ നിരക്കിൽ വാടക നൽകാമെന്നാണ് ഇദ്ദേഹം ക്വോട്ട് ചെയ്തിരുന്നത്. എന്നിട്ടും അഞ്ചുരൂപ നിരക്കിലാണ് ഇദ്ദേഹത്തിന് ഒന്നാം നില നൽകിയത്. നിലവിൽ ഭവന നിർമ്മാണ ബോർഡ് ഓഫീസ് റവന്യൂ ടവറിലേക്ക് മാറ്റുന്നതോടെ കെട്ടിടത്തിന്റെ താഴത്തെ നിലയും വാടകയ്ക്ക് നൽകാൻ കഴിയും. ഇതും നേതാവിന്റെ സ്വന്തക്കാരനു വേണ്ടിയാണെന്നാണ് ഹൗസിങ് ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ ആരോപിക്കുന്നത്. റവന്യൂ ടവർ നിലവിൽ ഭവനനിർമ്മാണ ബോർഡിന്റെ കൈയിലാണ്.
റവന്യൂ വകുപ്പിനു വേണ്ടി ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മിച്ച ടവർ അവർക്ക് പൂർണമായും വിട്ടു കൊടുത്തു കഴിഞ്ഞാൽ പിന്നെ ഭവന നിർമ്മാണ ബോർഡ് വാടക നൽകേണ്ടി വരും. ഇപ്പോൾ പ്രവർത്തനം അവിടേക്ക് മാറ്റിയാലും പ്രതിമാസം മാനേജിങ് കമ്മറ്റിക്ക് അയ്യായിരം രൂപയോളം നൽകേണ്ടി വരും. ഇവിടെയുള്ള മറ്റു ചെലവുകളുടെ വിഹിതമായിട്ടാണ് ഇതു നൽകേണ്ടി വരിക. ഓഫീസ് മാറ്റത്തിനും ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയെങ്കിലും ചെലവു വരും. നിലവിൽ ഭവന നിർമ്മാണ ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരുടെയും വിരമിച്ചവരുടെയും ആനുകൂല്യങ്ങൾ നൽകാൻ പോലും ബോർഡിൽ പണമില്ല. ഈ സാഹചര്യത്തിൽ ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന നീക്കം എന്തുവില കൊടുത്തും തടയുമെന്ന് ഹൗസിങ് ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. സമ്പത്ത് എംപി, സെക്രട്ടറി മനോജ്കുമാർ എന്നിവർ അറിയിച്ചു.
തിരുവല്ല സീറ്റിൽ സ്ഥിരമായി നോട്ടമിടുകയും മത്സരിച്ച് പരാജയമടയുകയും ചെയ്യുന്ന നേതാവിന്റെ ഇത്തരം വിക്രിയകൾ ഇതാദ്യത്തേതല്ല. ഒരു വള്ളംകളിയുടെ പേരിൽ, മധ്യതിരുവിതാംകൂറിലെ അഴകിയരാവണൻ എന്നറിയപ്പെടുന്ന ഒരു ഭൂമാഫിയ തലവനിൽനിന്ന് ലക്ഷങ്ങൾ അടിച്ചു മാറ്റിയ പാരമ്പര്യവും ഉണ്ട്. കൊല്ലുന്ന മന്ത്രിക്ക് തിന്നുന്ന അണി.