ധാക്ക: മോദിയുടെ സന്ദർശനത്തിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ്. ലോക നേതാവിന്റെ പ്രതിച്ഛായയിലാണ് മോദിക്ക് സ്വാഗതമരുളിയത്. മാദ്ധ്യമങ്ങളിലും ഹീറോ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ. അതിർത്തി തർക്കമുൾപ്പെടെയുള്ളവ പരിഹരിച്ച നേതാവാണ് അവർക്ക് മോദി. മോദിയിലൂടെ ഇന്ത്യ വികസിക്കുമ്പോൾ അതിന്റെ നേട്ടം തങ്ങൾക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ. അതു തന്നെയാണ് മോദിക്ക് ലഭിക്കുന്ന പ്രാധാന്യത്തിന്റെ അടിസ്ഥാന കാരണവും.

ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് മോദിയുടെ സന്ദർശനമെന്ന വാർത്തയാണ് ബംഗ്ലാദേശ് മാദ്ധ്യമങ്ങളും പങ്കുവയ്ക്കുന്നത്. മോദിയുടെ സന്ദർശനം തന്നെയാണ് എല്ലാ പത്രങ്ങളിലേയും പ്രധാന വാർത്ത. മോദിയുടെ ഭക്ഷണ രീതികളും അദ്ദേഹത്തിനായി ഒരുക്കിയ മെനും പോലും അവതരിപ്പിക്കാൻ മത്സരിക്കുന്നു. മോദി എത്തുന്നതിന് മുമ്പു തന്നെ ഈ രീതിയിലെ ആഘോഷം മാദ്ധ്യമങ്ങൾ തുടങ്ങി. പതിവുകൾ തെറ്റിച്ച് മോദിയെ സ്വീകരിക്കാൻ ഷെയ്ഖ ഹസീനയെത്തിയതും മുഖ്യ വാർത്തയാകുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ബംഗ്ലാദേശ് നൽകുന്ന പ്രാമുഖ്യമാണ് ഇതിലെല്ലാം വ്യക്തമാകുന്നത്. മറ്റൊരു ലോക നേതാവിനും കിട്ടാത്ത പരിഗണന നൽകിയാണ് മോദിയെ വരവേറ്റത്.

ബംഗ്ലേദേശിലേക്ക് വരാൻ മോദി വളരെ നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ അതിർത്തി കരാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് താമസം എടുത്തത്. ദക്ഷിണേഷ്യയിലെ ജനങ്ങൾക്കാകെ ആശ്വാസമാകുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതുമുതൽ ഇന്ത്യയേയും ബംഗ്ലാദേശിനേയും വാക്കുകളിലൂടെ തെറ്റിക്കാൻ ശ്രമിച്ച കൂട്ടരുണ്ട്. ഒരിക്കലും ബംഗ്ലാദേശിന്റെ വികാരങ്ങൾ ബിജെപിയും മോദി അംഗീകരിക്കില്ലെന്നായിരുന്നു അത്. എന്നാൽ അവയെല്ലാം അപ്രസക്തമാക്കുന്ന തീരുമാനമാണ് ഉണ്ടായതെന്നും ബംഗ്ലാ മാദ്ധ്യമങ്ങൾ വിലയിരുത്തി.

ഭീതിയോടെയാണ് ജീവിക്കുന്നതെന്ന പരിഭവവുമായി ബംഗ്ലാദേശി ഹിന്ദുക്കളും മോദിയെ കണ്ടു. ബംഗ്ലാദേശ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഹിന്ദുക്കൾ അടക്കമുള്ള ബംഗ്ലാദേശി ന്യൂനപക്ഷങ്ങൾ പരാതി പറഞ്ഞത്. വിഷയത്തിൽ മോദി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റ് കൗൺസിൽ എന്ന സംഘടയുടെ ജനറൽ സെക്രട്ടറി റാണാ ദാസ് ഗുപ്തയുടെ നേതൃത്വത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ബംഗ്ലാദേശിലെ ഭൂരിപക്ഷ സമുദായത്തിന്റെയും തീവ്രവാദ സംഘടനകളുടെയും ഭീഷണിയെത്തുടർന്ന് പ്രാണഭീതിയിലാണ് തങ്ങൾ കഴിയുന്നതെന്ന് റാണാ ദാസ് പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ജനിച്ച മണ്ണിൽ നിന്ന് പുറത്തു പോകണമെന്നാണ് ഭൂരിപക്ഷ സമുദായം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദി സംഘടനകളുടെ നിരന്തര ഭീഷണി ഭയന്നാണ് തങ്ങൾ ജീവിക്കുന്നത്. വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ തങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും റാണാ ദാസ് കൂട്ടിച്ചേർത്തു. ഹിന്ദുക്കൾ അടക്കമുള്ള ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ശക്തമായ സന്ദേശം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.

രാജ്യത്ത് ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കണമെന്ന് പ്രമുഖ ആക്റ്റിവിസ്റ്റ് പീയുഷ് ബന്ദോപാധ്യായ മോദിയോട് ആവശ്യപ്പെട്ടു.