തിരുവനന്തപുരം: കാശും സ്വാധീനവും ഉള്ളവന് മുന്നിൽ നമ്മുടെ ജുഡീഷ്യറി സംവിധാനം അൽപ്പമൊന്ന് വളയും എന്നാണ് പൊതുവേ പറയാറ്. എന്നാൽ സുപ്രീംകോടതി വരെ ശിക്ഷിച്ചിട്ടും ഒരു ദിവസം പോലും ജയിലിൽ കഴിയാത്ത കുറ്റവാളിയെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ട് വെറുതേ വിട്ടുവെന്ന് അത്യപൂർവ്വ സംഭവം നടന്നത് കേരളത്തിലാണെന്നത് നമ്മുടെ പൊലീസ് സംവിധാനത്തെ മുഴുവൻ കൊഞ്ഞനംകുത്തിയ സംഭവമായിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട യുഡിഎഫിന്റെ മുതിർന്ന നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്ക് പോലും ഒരുമാസത്തോളം പൂജപ്പുരയില ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ പിള്ളയ്ക്ക് പോലും ലഭിക്കാത്ത വിവിഐപി പരിഗണന എങ്ങനെയാണ് ഡേവിഡ് ലാലിയെന്ന കുറ്റവാളിക്ക് ലഭിച്ചത്? ആഭ്യന്തര സെക്രട്ടറിയുടെ എതിർപ്പിനെയും മറികടന്ന് ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ രക്ഷപെടുത്താൻ എന്തായിരുന്നു മന്ത്രിമാർക്കും നേതാക്കൾക്കും തിടുക്കം? ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടൻ മലയാളിക്ക് വ്യക്തമായത് ഡേവിഡ് ലാലിക്ക് വേണ്ടി ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയതലത്തിലും അനധികൃത ഇടപെടലുകൾ ഉണ്ടായെന്നാണ്.

സുപ്രീം കോടതി വരെ ശരിവച്ച ഡേവിഡ് ലാലിയുടെ ശിക്ഷ സർക്കാർ റദ്ദുചെയ്ത സംഭവത്തിൽ സർക്കാരിന്റെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്. ക്രിമിനൽകുറ്റത്തിന് 1987ൽ ശിക്ഷിക്കപ്പെട്ട ഡേവിഡ് ലാലിക്കാണ് സർക്കാരിന്റെ ഇളവ് ലഭിച്ചത്. ക്രിമിനൽ കേസിൽ സുപ്രീംകോടതി ശരിവച്ച തടവുശിക്ഷയാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. കോടതി വിധിച്ച രണ്ടുവർഷം കഠിനതടവിനുപകരം, വെറും ഒരുലക്ഷം രൂപ പിഴ ഈടാക്കി പ്രതിയെ രക്ഷപെടുത്തുകയായിരുന്നു. പ്രായാധിക്യവും ഗുരുതര രോഗങ്ങളുമാണ് ശിക്ഷ ഇളവു ചെയ്യാനായി സർക്കാർ സ്വീകരിച്ച മാനദണ്ഡത്തിൽ പറയുന്നത്. എന്നാൽ ഇതിലൊന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത് ശരിവെക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളുമുണ്ട്.

1987 ജൂലൈ 31 നാണ് ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസ്സെടുത്തത്. 1990ൽ ആണ് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി രണ്ടുവർഷം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ആദ്യ വിധി കഴിഞ്ഞ് 28 വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസ് തുനിഞ്ഞിട്ടില്ലായെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം ജില്ലയിൽ വിഴവൂർ ദേശത്ത് ഭാര്യയും രണ്ടു കുട്ടികളുമായി ജീവിച്ചു വരുന്ന സന്ദർഭത്തിലാണ് ഇയാൾ മറ്റൊരു സ്ത്രീയുമായി എറണാകുളത്തിലേക്ക് കടന്നത്. നാട്ടിൽ ജീവിച്ചിരുന്നപ്പോൾ തന്നെ ഒട്ടേറെ കേസ്സുകളിൽ ഇയാൾ പ്രതിയായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസ്സുകളായിരുന്നു അധികവും. എന്നാൽ എല്ലാക്കാലത്തും പൊലീസിന്റെ സംരക്ഷണം ലഭിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ചില പൊലീസ് ഓഫീസർമാരുടെ പേരുകളും നാട്ടിൽ പാട്ടാണ്.

എറണാകുളത്ത് സ്ഥിര താമസമായതിനുശേഷം പുതിയ ബന്ധങ്ങൾ വളർത്തിയെടുത്തും, ചില ബിസിനസ്സ് പ്രവർത്തനങ്ങളും നടത്തി ധാരാളം ധനം സമ്പാദിച്ചു. അങ്ങനെയാണ് രാഷ്ട്രീയ പരിരക്ഷകൂടി ലഭിക്കുന്നത്. അവിടെയിരുന്നുകൊണ്ടുതന്നെ നാട്ടിലെ കാര്യങ്ങളും നിയന്ത്രിച്ചുപോന്നു. പണവും സ്വാധീനവും ഇത്രയും ദീർഘമായ കാലയളവ് അയാൾക്ക് തുണയായി പോന്നിട്ടുണ്ട്. പറവൂർ എംഎൽഎ വി ഡി സതീശനും ഇയാൾക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

തന്റെ ആദ്യ ഭാര്യയുടെ മകനും പാസ്റ്ററുമായ ജെറിൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയുടെ ഫലമാണ് സർക്കാരിനെക്കൊണ്ട് ശിക്ഷ ഇളവ് ചെയ്യിപ്പിക്കാൻ പെട്ടന്ന് ഇയാളെ പ്രേരിപ്പിച്ചത്. തന്റെ പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത് അയാളെ ശിക്ഷിപ്പിക്കുക എന്ന ഉദ്ദേശ്യം തന്നെയായിരുന്നു. കാരണം മകനെതിരെയും ഇയാൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. നിവർത്തിയില്ലാതെയാണ് മകൻ പിതാവിനെ പിടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയത്. കൂടാതെ ശിക്ഷ നടപ്പാക്കണമെന്ന് കാണിച്ച് ഈ കേസിലെ ഇരയായ ജോർജ്ജ്കുട്ടിയും 2014 നവംബറിൽ ഹൈക്കോടതിയിൽ പരാതി ബോധിപ്പിച്ചിരുന്നു.

വ്യവസ്ഥാപിത നിയമങ്ങൾ ഒന്നൊന്നായി ലംഘിക്കുന്ന കാഴ്ചയാണ് ഡേവിഡ് ലാലിയുടെ കാര്യത്തിൽ കാണുന്നത്. രണ്ടു ഭാര്യമാരോടൊപ്പം സസുഖം വാണിരുന്നു ഇയാൾ. രാഷ്ട്രീയ സ്വാധീനത്താലും പണ സമ്പാദനത്താലും കഴിഞ്ഞിരുന്ന ഇയാളെ കണ്ടുകിട്ടിയില്ലായെന്ന് പറഞ്ഞ് കഴിഞ്ഞ കാൽ നൂറ്റാണ്ട് പൊലീസ് സംരക്ഷിച്ച് നിർത്തിയത് അന്വേഷണ വിധേയമാക്കേണ്ടതാണ്.

ബീഹാർ, ഉത്തർപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പ്രതാപശാലികളായ രാഷ്ട്രീയ കുറ്റവാളികൾക്ക് പോലും ഇത്തരത്തിലുള്ള ഒരു ആനുകൂല്യം നൽകാൻ അവിടുത്തെ സർക്കാർ തുനിഞ്ഞിട്ടില്ലെന്ന് പ്രത്യേകം ഓർക്കേണ്ട കാര്യമാണ.് ഉരുക്കു വനിതയായ പുരടിച്ചി തലൈവി ജയലളിത പോലും ഒരുമാസം ജയിലിൽ കിടക്കേണ്ടി വന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ക്രിമിനൽ നടപടിക്രമം 433ാം വകുപ്പ് പ്രകാരം സർക്കാരിന് ശിക്ഷ റദ്ദ് ചെയ്യാനുള്ള പ്രത്യേകം അധികാരം ഉണ്ട്. സുപ്രീംകോടതി ഈ അധികാരം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രത്യേക സ്വഭാവത്തിലുള്ള കേസിലും, പൊതുജന താൽപര്യങ്ങളുടെ അടിസ്ഥാനത്തിലും മാത്രമേ സർക്കാർ ഈ അധികാരം വിനിയോഗിച്ച് ശിക്ഷ റദ്ദ് ചെയ്യാൻ പാടുള്ളൂ എന്ന് സുപ്രീം കോടതി പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ ഈ കേസ് കേവലം വ്യക്തിപരമാണ്. ഒരു സാമൂഹ്യ സമ്മർദ്ദവും ഇക്കാര്യത്തിലില്ല. കൂടാതെ പ്രായാധിക്യവും അസുഖവും മൂലമാണെന്ന വാദവും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. 55 വയസ്സിൽ കൂടുതൽ പ്രായം ഇയാൾക്കില്ലെന്ന് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഐപിസി 326ാം വകുപ്പാണ് പ്രതിക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുള്ളത്. അതായത് മാരകായുധം ഉപയോഗിച്ച് ഗുരുതരമായി അടിച്ചു പരിക്കേൽപ്പിക്കുക എന്നതാണ്. ഇടിയുടെ ആഘാതത്തിൽ ഇരയുടെ നാല് പല്ലുകൾ ഇളകിപ്പോയിട്ടുണ്ട്. സർക്കാരിൻെ ഈ പ്രവർത്തി നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയൂം, ദുർബലപ്പെടുത്തുകയും ചെയ്യും. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് ഇത് ആത്മവിശ്വാസം പകരും. ഇതൊരു തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. 70 വയസ്സ് കഴിഞ്ഞ നൂറുകണക്കിനു തടവുകാർ നമ്മുടെ ജയിലിൽ ഇപ്പോഴുമുണ്ട്. അതുപോലെ ക്യാൻസർ പോലുള്ള മാരകമായ അസുഖം ബാധിച്ച തടവുകാരും ഉണ്ട്. അവർക്കൊന്നും സർക്കാരിന്റെ ഇത്തരത്തിലൂള്ള ആനുകൂല്യം ഇതുവരെയും ലഭ്യമായിട്ടില്ല.

സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകുമെന്ന് ഈ കേസിലെ ഇരയായ ജോർജുകുട്ടി പ്രതികരിച്ചു. ചുരുക്കത്തിൽ എക്‌സിക്യൂട്ടീവൂം ജുഡീഷറിയും തമ്മിലുള്ള നിയമ പോരാട്ടത്തിലേക്ക് ഈ സംഭവം വഴിതെളിക്കാനാണ് സാധ്യത.