കൊച്ചി: കാക്കാനാട്ടെ ഫ്‌ളാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പൊക്കിയതുകൊലപാതക വിവരം പുറത്തുവന്നത് ഒരു ദിവസം പോലും പൂർത്തിയാകുന്നതിന് മുമ്പാണ്. അത്രയ്ക്ക് വേഗത്തിലായിരുന്നു സംസ്ഥാനത്തെ പൊലീസ് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചത്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് വച്ചാണ് പ്രതിയെ പൊലീസ് പൊക്കിയത്. തേഞ്ഞിപ്പാലത്ത് എത്തിയ അർഷാദ് മൊബൈൽ സ്വിച്ച്ഓഫ് ചെയ്‌തെങ്കിലും സൈബർ സെല്ലിന്റെ ട്രാക്കിങ് നിർണായകമാകുകയായിരുന്നു.

കൊച്ചി സൈബർ സെൽ അർഷാദിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കും വിധത്തിൽ ട്രാക്ക് ചെയ്തു. പ്രതി കാസർകോട്ടേക്ക് എത്തിയ വിവരം അറിഞ്ഞതോടെ സൈബർ സെൽ വിവരങ്ങൾ കാസർകോട്ട് പൊലീസിന് കൈമാറി. ഈ സമയം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. കർണാടകത്തിലേക്ക് കടക്കാനായിരുന്ന ശ്രമം. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് അർഷാദിനെ വളയുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെടാനാണ് ശ്രമിച്ചത്. എന്നാൽ, പൊലീസ് ഓടിച്ചിട്ട് പ്രതിയെ പൊക്കുകയും ചെയ്തു.

മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലുള്ള അർഷാദിനെ കൊച്ചിയിലേക്ക് എത്തിക്കും. രാഷ്ട്രീയ ഇടപെടൽ ഇല്ലാത്ത കേസുകളിൽ പൊലീസിന്റെ അതിവേഗത തെളിയിക്കുന്നതാണ് ഈ കേസിലെ പ്രതിയെ പൊക്കിയ സംഭവവും. എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് ഈ കേസിലെ പൊലീസ് ബ്രില്ല്യൻസ് ചർച്ചയാകുന്നത്.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാൽക്കണിയിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മറ്റുള്ളവർ കഴിഞ്ഞദിവസം വിനോദയാത്ര കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. അർഷാദാണ് കൊല ചെയ്തതെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ കൊല്ലപ്പെട്ട സജീവ് കൃഷ്ണനും കാണാതായ അർഷാദുമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. സംശയം തോന്നിയ മറ്റുസുഹൃത്തുക്കൾ കഴിഞ്ഞദിവസം വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് സജീവിനെ കൊലപ്പെട്ടനിലയിൽ കണ്ടത്. അർഷാദ് ഇതിനോടകം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തിരുന്നു. ഒളിവിൽപോയ അർഷാദിനെ കാസർഗോഡ് അതിർത്തിയിൽ നിന്നാണ് പിടിച്ചത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത് വച്ചാണ് അർഷാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ഈ ഭാഗങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.

കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം വേഗത്തിലാത്. അതി ക്രൂരമായ കൊലപാതകമാണ് ഫ്‌ളാറ്റിൽ നടന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ളാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.

ഞായറാഴ്‌ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ളാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവ് കൃഷ്ണന്റെ മൊബൈൽ ഫോൺ കഴിഞ്ഞദിവസംവരെ ഉപയോഗിച്ചിരുന്നത് അർഷാദായിരുന്നു. കഴിഞ്ഞദിവസം വരെ സജീവിന്റെ ഫോണിൽനിന്ന് മെസേജുകൾ വന്നിരുന്നതായും എന്നാൽ ഇതിൽ ഉപയോഗിച്ചിരുന്ന ഭാഷാരീതിയിൽ സംശയം തോന്നിയിരുന്നതായും ഇവരുടെ മറ്റൊരു സുഹൃത്തായ അംജാദ് പ്രതികരിച്ചു.

'കഴിഞ്ഞദിവസം വരെ സജീവിന്റെ ഫോണിൽനിന്ന് മെസേജുകൾ വന്നിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മെസേജുകൾ കണ്ടപ്പോൾ സംശയം തോന്നിയിരുന്നു. മെസേജുകളിലെ സ്ലാങ് ആണ് സംശയമുണ്ടാക്കിയത്. ആരും ഫ്‌ളാറ്റിലേക്ക് വരാതിരിക്കാൻ വേണ്ടി അർഷാദ് തന്നെയാകും സജീവിന്റെ ഫോണിൽനിന്ന് മെസേജ് അയച്ചതെന്നാണ് കരുതുന്നത്. ഫോൺ വിളിച്ചപ്പോൾ എടുക്കുകയും ചെയ്തില്ല. ഞാൻ ഫ്രണ്ടിന്റെ ഫ്‌ളാറ്റിലാണ്, ഫ്‌ളാറ്റിൽ ഇല്ല എന്നിവയായിരുന്നു മെസേജുകൾ'- അംജാദ് പറഞ്ഞു.