കൊച്ചി: ഇന്നലെ തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ എത്തിയപ്പോൾ മുതൽ ഏതാണ്ട് ഒരു കാര്യം ഉറപ്പായിരുന്നു. ബിഷപ്പ് അറസ്റ്റിലാകുമെന്ന്, ഇക്കാര്യം ബന്ധുക്കളെയും സഭാ നേതൃത്വത്തെയും പൊലീസ് അറിയിച്ചെങ്കിലും രാവിലെ അറസ്റ്റുണ്ടായില്ല. ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്ന് വിവരരം കൃത്യമായി തുടങ്ങി. ഇതോടെ എപ്പോഴാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നത് എന്ന് ചോദിച്ച് കൂളായി തന്നെയാണ് ഫ്രാങ്കോ തുടങ്ങിയത്. ഏഴര മണിയോടെ അറസ്റ്റ് ഉണ്ടായി. എന്തായാലും അറസ്റ്റിലായെങ്കിലും ചിരിച്ചു കൊണ്ടും കൂളായുമാണ് മെത്രാന്റെ നിന്നത്.

അറസ്റ്റുമായി ബന്ധപ്പെട്ട് തന്നെ അവ്യക്തതകൾ നിലനിന്നിരുന്നു. അറസ്റ്റ് ചെയ്തതായി ഒരു ചാനൽ ഫ്‌ളാഷ് ന്യൂസ് നൽകി. പക്ഷേ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ബിഷപ്പിനെ പുറത്തെത്തിച്ചില്ല. ഉച്ചയോടെ റിമാൻഡ് റിപ്പോർട്ട് തയാറാക്കുകയും അറസ്റ്റിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും അറസ്റ്റ് പിന്നെയും നീണ്ടു. വൈദ്യപരിശോധന ഏത് ആശുപത്രിയിൽ നടത്തണമെന്ന് അന്വേഷണ സംഘം അഭിപ്രായം തേടി.

ഇതിനിടെ, റിമാൻഡ് റിപ്പോർട്ട് പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് (ഡിജിപി) അയച്ചുകൊടുത്ത് അഭിപ്രായം തേടി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇതാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നും സൂചനകളുണ്ടായി. അഞ്ചരയോടെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കായി എത്തിക്കുമെന്നായി സൂചനകൾ. നാട്ടുകാരെ ഗേറ്റിനു സമീപത്തുനിന്നു പൊലീസ് മാറ്റി. വൈദ്യപരിശോധനയ്ക്കു ഡോ. ഉമ്മൻ തോമസിനെ തയാറാക്കി നിർത്തുകയും ഇൻസ്‌പെക്ടർ ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് കാവലേർപ്പെടുത്തുകയും ചെയ്തു. ഇതോടെ ചാനലുകൾ വീണ്ടും അറസ്റ്റിന്റെ ഫ്‌ളാഷ് നൽകിത്തുടങ്ങി. അപ്പോഴും പൊലീസ് അറസ്റ്റ് സ്ഥിരീകരിക്കാൻ തയാറായില്ല.

വൈകിട്ട് ആറരയോടെ ഐജി വിജയ് സാഖറെയുമായി ചർച്ച നടത്താനായി കൊച്ചിയിലെ ഐജി ഓഫിസിലേക്കു പോകാൻ ഇറങ്ങിയ എസ്‌പി ഹരിശങ്കർ, അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നു മാധ്യമപ്രവർത്തകരെ അറിയിച്ചു. ഐജിയെ സന്ദർശിച്ചു പുറത്തിറങ്ങിയ എസ്‌പി, രാത്രിതന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നു വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങൾക്കു വിരാമമായത്. രേഖകൾ ശരിയാക്കാനും നിയമ ഉപദേശം തേടാനും സമയം വേണ്ടിവന്നതാണ് അറസ്റ്റ് വൈകിച്ചതെന്ന് എസ്‌പി വിശദീകരിച്ചു. രാത്രി 8ന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. 9നു െവെദ്യപരിശോധനയ്ക്കു കൊണ്ടുപോയി.

ഇന്നലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യംചെയ്യലിനു ഹാജരായത് അറസ്റ്റ് ഉറപ്പിച്ചുതന്നെ. ''നമ്മൾ എപ്പോഴാ പോകുക'' 10.30നു ചോദ്യംചെയ്യൽ മുറിയിൽ എത്തിയപ്പോൾ ചോദിച്ചതിങ്ങനെ. വ്യാഴാഴ്ച മടങ്ങുമ്പോൾ തന്നെ അറസ്റ്റ് സംബന്ധിച്ചു സൂചന ലഭിച്ചതനുസരിച്ചു ബന്ധുക്കളോടും ജലന്തറിലെ അഭിഭാഷകരോടും വിവരം പറഞ്ഞു. ഇന്നലെ ചോദ്യംചെയ്യൽ പുരോഗമിക്കവേ അദ്ദേഹം സ്ഥാനവസ്ത്രങ്ങൾ മാറ്റി ജുബ്ബയും പാന്റ്‌സും ധരിച്ചു. മാലയും മോതിരവും ഊരിമാറ്റി.

വൈകീട്ടോടെ ജുബ്ബ ധരിച്ച് ബിഷപ്പിനെയും കൊണ്ട് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് പോകാൻ പൊലീസ് അകമ്പടിയിൽ എത്തിയതോടെ നാട്ടുകാരും ചാനൽ ക്യാമറകളും ചുറ്റുകൂടി. പൊലീസ് വാഹനത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിന് പുറത്തേക്കെത്തുമ്പോൾ ഫ്രാങ്കോ മുളയ്ക്കലിന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു. ഗേറ്റിനുമുന്നിൽ കാത്തുനിന്ന മാധ്യമങ്ങളെയും നാട്ടുകാരെയും നോക്കി ചിരിച്ചാണ് ഫ്രാങ്കോ കടന്നുപോയത്.

വാഹനത്തിന്റെ നടുവിലെ സീറ്റിൽ രണ്ട് പൊലീസുകാരുടെ ഇടയിൽ ഇരുന്ന ഫ്രാങ്കോയെ പരിസരത്ത് കാത്തുനിന്ന നാട്ടുകാർ കൂവിയാണ് യാത്രയാക്കിയത്. രാത്രിയും അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമാകാതെ നീണ്ടപ്പോൾ കുറച്ചുപേർ പിരിഞ്ഞുപോയെങ്കിലും ചിലർ ബാക്കിയായി. ഇവരാണ് ഫ്രാങ്കോയെ കൂവിവിളിച്ചത്. താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും ഫ്രാങ്കോയെ നാട്ടുകാർ കൂവിവിളിക്കുന്നുണ്ടായിരുന്നു. സുരക്ഷയുടെ ഭാഗമായി രണ്ട് പൊലീസ് വാഹനങ്ങൾക്കിടയിലാണ് ഫ്രാങ്കോ കയറിയ വാഹനം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് പോയത്.

രണ്ട് പൊലീസുകാർക്ക് നടുവിൽ ഇരുന്നായിരുന്നു ബിഷപ്പിന്റെ യാത്ര. കോട്ടയത്തിന് മുമ്പായി നെഞ്ചുവേദന അനുഭവപ്പെടുന്നു എന്ന വാർത്ത വന്നതോടെ പൊലീസ് വാഹനം മെഡിക്കൽ കോളേജിലേക്ക നീങ്ങി. അവിടെ നിന്നും നടന്നു തന്നെയാണ് ബിഷപ്പ് പരിശോധനകൾക്ക് വിധേയനായതും. കാർഡിയാക് ഐസിയുവിലാണ് ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ഡോക്ടർമാർ പരിശോധിക്കാനുമെത്തി. ഇനി തുടർ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ ഡോക്ടർമാരുടെ അഭിപ്രായവും നിർണായകമാകും. ഇന്നലെ വരെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ തീർത്തും അപമാനിതനായാണ് തടങ്കലിലേക്ക് പോയിരിക്കുന്നത്.