- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയുടെ ഇടപെടൽ; പശ്ചിമേഷ്യയുടെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം അമേരിക്കയാണെന്ന് ലോകത്തിന് ബോധ്യമായി; പുട്ടിൻ ആദ്യം തകർത്തത് വിമതരെത്തന്നെ; സിറിയൻ യുദ്ധത്തിൽ പരാജയപ്പെട്ട ഭീതിയിൽ പാശ്ചാത്യ ശക്തികൾ
ഡമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെയും സിറിയയിലെ വിമതർക്കെതിരെയും കനത്ത ആക്രമണം നടത്തി വിജയം കണ്ട റഷ്യ ലോകത്തിന് മുന്നിൽ തെളിയിച്ചത് മറ്റൊരു യാഥാർഥ്യംകൂടി. പശ്ചിമേഷ്യയിൽ സമാധാന ദൂതരായി എത്തിയ അമേരിക്കയുടെ കപടമുഖമാണ് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ വലിച്ചുകീറിയത്. ഐസിസിനെതിരെ റഷ്യ നടത്തിയ ആക്രമണങ്ങളെ തുടക്കം മുതൽ

ഡമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെയും സിറിയയിലെ വിമതർക്കെതിരെയും കനത്ത ആക്രമണം നടത്തി വിജയം കണ്ട റഷ്യ ലോകത്തിന് മുന്നിൽ തെളിയിച്ചത് മറ്റൊരു യാഥാർഥ്യംകൂടി. പശ്ചിമേഷ്യയിൽ സമാധാന ദൂതരായി എത്തിയ അമേരിക്കയുടെ കപടമുഖമാണ് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ വലിച്ചുകീറിയത്. ഐസിസിനെതിരെ റഷ്യ നടത്തിയ ആക്രമണങ്ങളെ തുടക്കം മുതൽ എതിർത്തുപോന്ന അമേരിക്കയും നാറ്റോയും ഇപ്പോൾ ലോകത്തിന് മുന്നിൽ മാനംകെട്ടുനിൽക്കുകയാണ്.
സിറിയൻ പ്രസിഡന്റ് ആസാദിനെ പുറത്താക്കുകയെന്നതായിരുന്നു അമേരിക്കയുടെ ഗൂഢലക്ഷ്യമെന്ന് വ്യക്തമാവുകയാണ് ഇപ്പോൾ. ഇറാഖിൽ സദ്ദാം ഹുസൈനെ ഇല്ലാതാക്കി ആ രാജ്യത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിട്ടതുപോലെ സിറിയയെയും മാറ്റുകയായിരുന്നു അമേരിക്കൻ യുദ്ധതന്ത്രജ്ഞരുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ, റഷ്യയുടെ ഇടപെടൽ ഈ തിരക്കഥ അപ്പാടെ പൊളിച്ചെഴുതുകയായിരുന്നു.
ഐസിസിനെതിരെ റഷ്യ ആക്രമണം തുടങ്ങിയ കാലം മുതൽക്ക് ആക്രമണം നടക്കുന്നത് ഭീകർക്കുമേലല്ല എന്നുവരുത്തിത്തീർക്കാനായിരുന്നു പാശ്ചാത്യ ചേരികളുടെ ശ്രമം. ഐസിസിനെ 'മോശം ഭീകരരും' വിമതരെ 'നല്ല ഭീകരരു'മായി ചിത്രീകരിക്കാനുള്ള അമേരിക്കയുടെ ഈ ശ്രമത്തെ ആദ്യം തന്നെ റഷ്യ പൊളിച്ചു. വിമതരെത്തന്നെയാണ് റഷ്യ ആദ്യം തുരത്തിയത്. ഛിദ്രശക്തികൾക്കിടയിൽ നല്ലതും ചീത്തയുമില്ലെന്ന് പുട്ടിൻ തന്റെ തീരുമാനത്തിലൂടെ തെളിയിച്ചു. ഇതുവഴി ആസാദിനെതിരെ പോരാടിയിരുന്ന വിമതരെ ആദ്യം തുരത്താനും റഷ്യക്കായി.
റഷ്യയെ ഭീഷണിപ്പെടുത്തി പിന്മാറ്റാനും അമേരിക്ക ഇതിനിടെ ശ്രമം നടത്തി. അവിടെയും വിജയം കണ്ടില്ലെന്ന് മാത്രം. തുടർച്ചയായി ആക്രമണങ്ങൾ സംഘടിപ്പിച്ച റഷ്യ വിമതരെയും ഭീകരരെയും തുരത്തുന്നതുവരെ അത് തുടരുകയും ചെയ്തു. നാറ്റോയും അമേരിക്കയും പലവട്ടം എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും റഷ്യ അത് ചെവിക്കൊണ്ടതേയില്ല. സിറിയയിലെ പ്രതിപക്ഷത്തെ സഹായിക്കണമെന്ന അമേരിക്കയുടെ നിലപാട് അവിടെ ഐസിസിനെ വളർത്താനേ ഉപകരിക്കൂ എന്ന് പുട്ടിൻ തുറന്നുപറയുകയും ചെയ്തിരുന്നു.

റഷ്യയുടെ നിലപാട് ഒടുവിൽ വിജയം കണ്ടുവെന്നതാണ് സിറിയയിൽനിന്നുള്ള സൂചനകൾ. താവളങ്ങൾ നഷ്ടപ്പെട്ട ഐസിസ് അന്തിമ പോരാട്ടത്തിലാണ്. ഒട്ടേറെ ഭീകരർ ഒളിത്താവളങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ഐസിസിന്റെ ആയുധകേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ആയുധവിതരണ ശൃംഖലകൾ ഇല്ലാതായി. വരുമാനമാർഗങ്ങൾ അടഞ്ഞു. ഒരേസമയം ഭീകരരെ സഹായിക്കുകയും അവർക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പാണ് റഷ്യ പൊളിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.


