തിരുവനന്തപുരം: 'റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ അവിചാരിതമായാണ് അംഗമായത്. ഒരാശയം പങ്കുവച്ചപ്പോൾ അതിന്റെ പേരിൽ കൂട്ടമായി ആക്രമിക്കുകയായിരുന്നു ഉണ്ടായത്. രാജ്യസ്‌നേഹം പ്രകടിപ്പിച്ച് പോസ്റ്റിട്ടപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. അതുകൊണ്ട് രണ്ട് ദിവസം കൊണ്ട് ഗ്രൂപ്പിൽ നിന്നും ഓടി രക്ഷപെട്ടു..' റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് ഗ്രൂപ്പിൽ നിന്നും പുറത്തുപോയ ഒരാൾ പിന്നീട് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. തീർത്തും രാജ്യവിരുദ്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ഇടം മാത്രവും തീവ്രവാദി വിഭാഗങ്ങളുടെ താവളം കൂടിയാണ് ഈ ഗ്രൂപ്പ്. രാജ്യത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന വിധത്തിലും തീവ്രവാദ ഗ്രൂപ്പുകളെ ആവോളം പുകഴ്‌ത്തുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മ തന്നെ ഈ ഗ്രൂപ്പിലുണ്ട്.

കഴുത്തറുക്കുന്ന ഐസിസ് ഭീകരത സംബന്ധിച്ച വാർത്തയുടെ ലിങ്ക് പോലും ഗ്രൂപ്പിൽ ഷെയർ ചെയ്താൽ അവരെ രൂക്ഷമായി ആക്രമിച്ചും ഐസിസിന്റെ രക്ഷകരായും പാഞ്ഞെത്തുന്ന സംഘം തന്നെ ഇക്കൂട്ടത്തിലൂണ്ട്. ലക്ഷകർ ഭീകരൻ ഒസാമ ബിൻലാദന് രക്തസാക്ഷി പരിവേഷമാണ് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ ചിലർ നൽകുന്നത്. ഇതിനെ എതിർത്തുകൊണ്ട് മറ്റ് മുസ്ലിം വിഭാഗങ്ങൾ തന്നെ രംഗത്തെത്തുമ്പോൾ അവരെ അടിച്ചമാർത്താൻ ഇവർ രംഗത്തെത്തും. ഐസിസിന്റെ അതിക്രൂരത സംബന്ധിച്ച വാർത്തകൾ എഴുതിയതിന്റെ പേരിൽ തന്നെയാണ് മറുനാടൻ മലയാളി ഇവരുടെ കണ്ണിൽ കരടായി മാറിയത്. ഏറ്റവും ഒടുവിൽ എപിജെ അബ്ദുൾ കലാമിനെ പോലും അവഹേളിച്ചു കൊണ്ടുള്ള പോസ്റ്റ് ഗ്രൂപ്പിൽ ചർച്ച ചെയ്തതിന്റെ പേരിലാണ് ഇക്കൂട്ടർ മറുനാടൻ മലയാളിക്കെതിരെ തിരിഞ്ഞത്.

ക്രിയാത്മക ചർച്ചകൾക്കുള്ള ഇടമെന്ന നിലയിൽ ആയിരുന്നു റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് ആദ്യം പ്രവർത്തനം തുടങ്ങിയത്. എന്നാൽ സങ്കുചിത മത കാഴ്‌ച്ചപ്പാടുള്ളവരും മറ്റും ഇവിടേക്ക് കൂട്ടമായി എത്തുകയായിരുന്നു. ഇതോടെ ഗ്രൂപ്പിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നവർ പോലും ഗ്രൂപ്പിനെ കൈവിട്ടു പോയി. ഇപ്പോൾ തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായ ഒരു കൂട്ടം ആളുകളാണ് ഗ്രൂപ്പിന് പിന്നിൽ. നിരോധിത സംഘടനയായ സിമിയിൽ അംഗമായിരുന്നവർ പോലും ഈ ഗ്രൂപ്പുകളിൽ ഇടപെട്ട് തീവ്രവാദം പ്രചരിപ്പിക്കുന്നു എന്ന ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

തൊടുപുഴ ന്യൂമാൻസ് കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ പ്രതികളുടെ വിധിപ്രഖ്യാപനം പുറത്തുവന്നപ്പോൾ ഏറ്റവും അധികം ആഹ്ലാദപ്രകടനം നടന്നത് ഈ ഗ്രൂപ്പിലായിരുന്നു. പ്രതികൾക്ക് ലഭിച്ചത് തുച്ഛമായ ശിക്ഷയാണെന്നതിലുള്ള ആഹ്ലാദപ്രകടനമായിരുന്നു അവിടെ നടന്നത്. ഇത് കൂടാതെ ഗ്രൂപ്പിലെ തീവ്രവാദ സ്വഭാവം വെളിവാക്കുന്ന നിരവധി ചർച്ചകളും ഇവിടെ നടന്നിട്ടുണ്ട്. ഇന്ത്യയിൽ പാക്കിസ്ഥാൻ തീവ്രവാദികൾ നടത്തിയ തീവ്രവാദത്തെ പോലും സൈന്ധാന്തിക വിശദീകരണം നൽകി ന്യായീകരിക്കാൻ നിരവധി രംഗത്തെത്തുന്നുണട് തീവ്ര ഇസ്ലാമിക നിലപാട് വച്ചുപുലർത്തുന്ന ഇവർ. മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ അമീർ കസബിനെ അനുകൂലിച്ചുള്ള ചർച്ചകൾ പോലും ഗ്രൂപ്പിൽ നടന്നുവെന്നത് ആരെയും ഞെട്ടിക്കുന്നതായിരുന്നു.

ജോർദ്ദാൻ പൈലറ്റിനെ ഐസിസ് തീവ്രവാദികൾ അതിക്രൂരമായി ഇരുമ്പുകൂട്ടിൽ അടച്ച് ജീവനോടെ ചുട്ടുകൊന്ന വാർത്ത ലോകത്തെ മൊത്തത്തിൽ നടുക്കിയ സംഭവമായിരുന്നു. ഈ സംഭവത്തെ അപലപിച്ച് പ്രശസ്ത ബ്ലോഗർ ബഷീർ വള്ളിക്കുന്ന് എഴുതിയ ലേഖനത്തിന്റെ പേരിൽ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യുവാക്കൾ ഒരിക്കലും തീവ്രവാദത്തിലേക്ക് പോകരുത് എന്ന ലേഖനത്തിലൂടെ ബഷീർ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതിന്റെ പേരിലാണ് തീവ്രവാദികളെ അനുകൂലിക്കുന്ന ഇക്കൂട്ടർ രൂക്ഷമായ അധിക്ഷേപ ശരങ്ങളുമായി രംഗത്തെത്തിയത്.

സുഗമമായ ചർച്ചകൾക്ക് ഏതാനും പെരുമാറ്റ ചട്ടങ്ങളെന്ന പേരിൽ കൂറേ നിബന്ധനകളും ഈ ഗ്രൂപ്പിലുണ്ടെന്നതാണ് വിചിത്രമായ കാര്യം. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടുക, ഇന്ത്യയുടെ ഐക്യ അഖണ്ഡത കാത്തു സൂക്ഷിക്കുക, വിദ്വേഷം, വർഗ്ഗീയത, വംശീയത വളർത്തുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും ഒഴിവാക്കുക. അസഭ്യമായ ഭാഷയും ചിത്രങ്ങളും ഒഴിവാക്കുക, ചീത്ത വിളി , അശ്ലീലം, സഭ്യത ലംഘിച്ചു സംസാരിക്കൽ, തെറി വിളി എന്നിവ അനുവദിക്കുകയില്ല തുടങ്ങിയവയാണ് ഗ്രൂപ്പിലെ നിബന്ധനയായി ഇവർ പറയുന്നത്. എന്നാൽ, ഈ നിബന്ധനയൊക്കെ വെറും തമാശയാണെന്നതാണ് യാഥാർത്ഥ്യം.

ഐസിസിനെ വിമർശിച്ച് വാർത്ത എഴുതിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെ ഫോട്ടോഫോപ്പ് പ്രചരണവുമായി രംഗത്തിറങ്ങിയത് ഗ്രൂപ്പിന്റെ അഡ്‌മിനിലെ പ്രധാനിയായ അഷ്‌ക്കർ ലെസ്സിരി എന്നയാളാണ്. മതവിദ്വേഷം വളർത്തുന്ന വിധത്തിൽ പ്രചരണം നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ. മറുനാടനെതിരെ ഫോട്ടോഷോപ്പുമായി ആദ്യം മുതൽ ഇയാൾ രംഗത്തെത്തിയിരുന്നു. ആർടി ഗ്രൂപ്പിൽ അംഗങ്ങളായ ചിലർ മറുനാടൻ ഓഫീസിന്റെ മുന്നിലെത്തി ഭീഷണയുടെ രൂപത്തിൽ എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇയാളുടെ പുതിയ ഭീഷണി.

അതേസമയം കലാമിനെ അവഹേളിച്ചുള്ള പോസ്റ്റിന്റെ പേരിൽ കടുത്ത എതിർപ്പാണ് ഇയാൾക്കെതിരെയും ഉയർന്നത്. കലാമിനെ പോലുള്ള മഹത് വ്യക്തിയെ അവഹേളിച്ച പോസ്റ്റ് അനുവദിച്ചതിന്റെ പേരിൽ നിരവിധി പേർ ഈ ഗ്രൂപ്പിനെ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന്റെ കലിപ്പു തീർക്കാൻ വേണ്ടി മറുനാടനെതിരെ വീണ്ടും ഫോട്ടോഷോപ്പുമായി ഇവർ രംഗത്തുണ്ട്.