- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലിറ്റർ പെട്രോളിന് 150 കൊടുക്കേണ്ട ഗതിവരുമോ? ഉക്രെയിനിലെ റഷ്യൻ അധിനിവേശം ഉപരോധമായാൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരും; യുപിയിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ ആഗോള വിപണിയിലെ ഉയർച്ചയ്ക്കൊപ്പം ഇന്ത്യൻ കമ്പനികളും വില കൂട്ടും; ഇനിയുള്ള മാസങ്ങൾ വിലക്കയറ്റത്തിന്റേതോ?
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പെട്രോൾ വില കുത്തനെ ഉയരും. ഉക്രൈയിനിലെ സംഘർഷത്തോടെ ആഗോള വിപിണിയിൽ എണ്ണ വില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ടാകും. അങ്ങനെ വന്നാൽ രൂക്ഷമായ വിലക്കയറ്റത്തിന് സാധ്യത തെളിയും. യൂറോപ്പിനെ ആകെ ആശങ്കയിലാക്കുന്ന യുദ്ധം മുന്നിലുള്ളതാണ് ഇതിന് കാരണം. കോവിഡിൽ ആടി ഉലയുന്ന സമ്പദ് വ്യവസ്ഥയ്ക്ക് തീർത്തും തിരിച്ചടിയാണ് പുതിയ യുദ്ധ സാഹചര്യം.
റഷ്യ- യുക്രൈൻ പ്രതിസന്ധി തുടരുകയാണ്. എപ്പോൾ വേണമെങ്കിലും യുക്രൈനെതിരായി റഷ്യയുടെ ആക്രമണം ഉണ്ടായേക്കും. ഇതിനെ ചെറുക്കാനാണ് അമേരിക്കയും ബ്രിട്ടണും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ ആഗോള സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബ്ബലമാകും. ക്രൂഡ് ഓയിൽ വില കുതിച്ചുയരും. സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കും
ക്രൂഡ് ഓയിൽ നിർമ്മാണത്തിലെ ഭീമനാണ് റഷ്യ. അതുകൊണ്ടുതന്നെ യുക്രൈനിലെ പ്രതിസന്ധി അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയർത്തും. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇപ്പോൾ വില എത്തിക്കഴിഞ്ഞു. നിലവിൽ 96.7 ഡോളറാണ് ഒരു ബാരലിന്റെ വില. ഇത് നൂറ് ഡോളർ കവിയാനും സാധ്യതയുണ്ട്. 150 ഡോളർ വരെ എത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ രാജ്യത്തെ പെട്രോൾ വിലയും ലിറ്ററിന് 150 രൂപ കടക്കും. നവംബറിൽ രാജ്യത്ത് ഇന്ധന വില പത്ത് രൂപയോളം കുറച്ചിരുന്നു.
അതിന് ശേഷം ഇന്ധന വില ആഗോള തലത്തിൽ പലവട്ടം ഉയർന്നു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം എണ്ണ വില ഇന്ത്യയിൽ ഉയർത്തിയില്ല. വോട്ടെടുപ്പ് കഴിയുമ്പോൾ കഥ മാറും. പിന്നെ ആഗോള വിപണിയിലെ ചാഞ്ചാട്ടം ഇന്ത്യയിലെ പെട്രോൾ ഡീസൽ വിലയിലും പ്രതിഫലിക്കും. അധിക നികുതികൾ സർക്കാരുകൾ വേണ്ടെന്ന് വച്ചാലും വില കുതിച്ചുയരാനാണ് സാധ്യത.
കോവിഡിനു ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ ഇതു ബാധിച്ചേക്കാം. പണപ്പെരുപ്പം ഉയരുമെന്നതാണ് മറ്റൊരു ഭീഷണി. പെട്രോളിന് വില വർധിക്കുമ്പോൾ അവശ്യവസ്തുക്കളുടെ വില ഉയരും. യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചുവെന്ന് അമേരിക്ക പറയുന്നു. യുദ്ധം ആരംഭിച്ചാൽ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തും. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കും. ഇറാനെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷ നൽകുന്നത്.
ഇറാനിൽനിന്ന് എണ്ണ വിപണിയിലെത്തിത്തുടങ്ങിയാലും റഷ്യയിൽനിന്നുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകില്ല. ഏപ്രിൽ, മെയ് മാസങ്ങളിലായി അഞ്ചു ലക്ഷം ബാരൽ അധിക എണ്ണ ഇറാനിൽനിന്നെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റഷ്യ-യുക്രൈൻ സംഘർഷം. ഇത് ആഗോള എണ്ണവില കുറയ്ക്കാനുള്ള ശ്രമത്തിന് വലിയ തിരിച്ചടിയാണ്. 2008 ജൂലായിൽ അന്താരാഷ്ട്ര എണ്ണവില 147 ഡോളർ വരെ എത്തിയിരുന്നു. അതേ സാഹചര്യം വീണ്ടും ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ