ലണ്ടൻ: ഇന്നലെ രാത്രി എട്ടുമണിയോടെ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിൽ നാണക്കേടിന്റെ രാത്രി സമ്മാനിച്ച് ആദ്യമായി ഒരു ബിഷപ് പൊലീസ് കസ്റ്റഡിയിൽ ആയതു നിമിഷ വേഗത്തിൽ ലോകമെങ്ങും വാർത്തയായി. ഈ അറസ്റ്റ് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല , ലോകമെങ്ങും ഏറെ പ്രതീക്ഷയോടെയാണ് നോക്കിയിരുന്നത് എന്നത് വാർത്തയുടെ വിശദാംശങ്ങൾ തന്നെ തെളിയിക്കുന്നു. ബിബിസി, സി എൻ എൻ , ഡെയിലി മെയിൽ , ന്യൂയോർക് ടൈംസ്, അൽ ജസീറ, റോയിട്ടേഴ്സ് തുടങ്ങി ലോകമെങ്ങും വാർത്ത എത്തിക്കുന്ന മാധ്യമങ്ങൾ അറസ്റ്റ് വൈകിയതിന് പൊലീസിനെയും സർക്കാരിനെയും കൂടി കുറ്റപ്പെടുത്തുമ്പോൾ ഇത് ലോകം ആഘോഷമാക്കുന്ന വാർത്തയായി മാറുകയാണ്.

 

ഒരു കന്യാസ്ത്രീ തന്റെ പീഡന പരാതി നൽകി നീണ്ട 86 ദിവസം നീതിക്കായി കാത്തിരിക്കേണ്ടി വന്നുവെന്നതും അവരുടെ സോദരിമാർ തെരുവിൽ സമരം ചെയ്യേണ്ടി വന്നു എന്നതുമാണ് ഈ വാർത്തകളുടെ ഉള്ളടക്കം വിശാലമാക്കുന്നത്. ലോകത്തെവിടെയും സംഭവിക്കാൻ പാടില്ലാത്ത കാര്യം എന്നതിന് കൂടി ഊന്നൽ നൽകിയാണ് മാധ്യമങ്ങൾ അറസ്റ്റ് ആഘോഷമാക്കുന്നത്.

സഭാ നേതൃത്വം ബിഷപ്പിനെ അവസാനനിമിഷം വരെ രക്ഷിക്കാൻ ശ്രമിച്ചു എന്ന ആക്ഷേപം മാധ്യമങ്ങൾക്കും ഉണ്ട് എന്ന് തെളിയിക്കും വിധമാണ് ഫ്രാങ്കോയുടെ അറസ്റ്റു വാർത്തയുടെ രൂക്ഷത ബോധ്യപ്പെടുത്തുന്നത്. മുൻപ് പലപ്പോഴും ഇതേ സാഹചര്യത്തിൽ ബിഷപ്പുമാർ ആരോപണം നേരിട്ടിട്ടുള്ളപ്പോൾ അധികാരത്തിനായി ബലം പിടിക്കാതെ സ്വയംസ്ഥാനം ഒഴിയാൻ ഉള്ള വിവേകം കാട്ടിയിട്ടുള്ളത് കൂടി ഓർമ്മിപ്പിച്ചാണ് ലോക മാധ്യമങ്ങൾ ഫ്രാങ്കോയെ തുറന്നു കാട്ടുന്നത്. ആരോപണം ഉയർന്നപ്പോൾ ചെറിയ വിഭാഗം പരസ്യമായും വലിയൊരു വിഭാഗം രഹസ്യമായും ഫ്രാങ്കോയ്ക്കു തണൽ ഒരുക്കിയതാണ് അയാളുടെ അറസ്റ്റ് വൈകിപ്പിക്കും വിധം നിയമനടപടികൾ നീളാൻ കാരണമായത് എന്നും മാധ്യമങ്ങൾ പറയുന്നു. ബിഷപ് ഫ്രാങ്കോയെ തേടി കേരള പൊലീസ് ജലന്ധറിൽ എത്തിയപ്പോൾ നാല് മണിക്കൂർ കുത്തിയിരുത്തിയ ഫ്രാങ്കോ കഴിഞ്ഞ മൂന്നു ദിവസമായി കേരള പൊലീസിന്റെ മുന്നിൽ തല കുനിച്ചിരുന്നു എന്ന് കിട്ടിയ അവസരത്തിൽ കളിയാക്കാൻ മലയാളത്തിലെ മാധ്യമങ്ങളും മറന്നില്ല.

കേസിന്റെ നാൾവഴികൾ തേടി പോകുന്ന ബിബിസി പതിവ് പോലെ ഇന്ത്യയിലെയും കേരളത്തിലെയും ക്രിസ്ത്യാനികളുടെ ചരിത്രം അടക്കമുള്ള വിവരങ്ങൾ ഫ്രാങ്കോ അറസ്റ്റിൽ ആയ വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്. 54 കാരനായ ബിഷപ് 44 കാരിയായ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചു എന്നാണ് ബിബിസി നൽകിയ വാർത്ത. അറസ്റ്റ് നടന്നു മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ബി ബി സി വാർത്തയാക്കി എന്നതും സ്രെധേയമാണ്. നീതി തേടി കന്യാസ്ത്രീ നാല് വട്ടം വത്തിക്കാന് കത്തെഴുതിയ കാര്യവും ബി ബി സി ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ വാർത്ത ഏജൻസി പി ടി ഐ നൽകിയ വാർത്തയാണ് ബ്രിട്ടനിൽ ഏറ്റവും അധികം വായനക്കാരുള്ള പത്രങ്ങളിൽ ഒന്നായ ഡെയിലി മെയിൽ നൽകിയത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യയിൽ ഇത്തരം കേസുകൾ പെരുകുകയാണ് എന്നും ഡെയിലി മെയിൽ ചൂണ്ടിക്കാട്ടുന്നു .

ജലന്ധറിൽ സ്ത്രീകൾ അടക്കം ഉള്ളവർ ബിഷപ്പിനു എതിരെ നടത്തുന്ന സമര ചിത്രങ്ങളുമായാണ് സി എൻ എൻ വാർത്ത നൽകിയത്. അറസ്റ്റിനെ തുടർന്ന് ജലന്ധറിൽ ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ സി എൻ എൻ എത്തിയെങ്കിലും പ്രതികരണം നല്കാൻ ആരും തയാറായില്ല എന്നും റിപ്പോർട്ട് വക്തമാക്കുന്നു . ബിഷപ് നിരപരാധിയാണെന്ന് അദേഹഹത്തിന്റെ അനുയായികൾ കഴിഞ്ഞ ആഴ്ചയും സി എൻ എൻ നൽകിയ അഭിമുഖത്തിൽ വക്തമാക്കിയിരുന്ന കാര്യവും ഇന്നലത്തെ വാർത്തയിൽ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്ത്യാനികൾക്കെതിരായ തെറ്റായ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് എന്ന് ഫ്രാങ്കോയുടെ അനുചരവൃന്ദത്തിൽ പെട്ട ഫാ പീറ്റർ കാവുംപുറം അറിയിച്ചതായും സി എൻ എൻ പറയുന്നു. ഫ്രാങ്കോയെ പോലുള്ള വൈദികരെ നിയന്ത്രിക്കുന്നതിൽ സഭ പരാജയമാണെന്ന് പോപ്പ് കഴിഞ്ഞ മാസം പുറത്തു വിട്ട സർക്കുലറിനെ കുറിച്ചും സി എൻ എൻ ഓർമ്മിപ്പിക്കുന്നു .

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അധികാര ചിഹ്നങ്ങൾ ഇല്ലാതെ പുറത്തു വരുന്ന ഫ്രാങ്കോയുടെ തെളിഞ്ഞ ചിത്രം സഹിതമാണ് വാർത്ത ഏജൻസി ലോകമെങ്ങും വിവരം എത്തിച്ചിരിക്കുന്നത് . കഴിഞ്ഞ മൂന്നു ദിവസമായി ക്യാമറ കണ്ണുകളെ വെട്ടിച്ചു പൊലീസിൽ ചോദ്യം ചെയ്യാൻ വന്നുപോയ്‌ക്കൊണ്ടിരുന്ന ഫ്രാങ്കോയുടെ പൊലീസ് കസ്റ്റഡിയിൽ ഉള്ള ആദ്യ ചിത്രം ലഭിച്ചതും റോയിട്ടേഴ്സിനാണ് . ക്ഷീണിത മുഖഭാവത്തിലുള്ള ഫ്രാങ്കോ ക്യാമറ കണ്ണിൽ പെടാതിരിക്കാൻ പൊലീസ് തടസം സൃഷ്ട്ടിക്കുന്നില്ല എന്നതും സ്രെധേയമാണ് . കോട്ടയം എസ പി എസ ഹരിശങ്കറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കും ഒപ്പം നീങ്ങുന്ന ചിത്രമാണ് റോയിട്ടേഴ്സിന് ലഭിച്ചത് . അമേരിക്ക , ചിലി , ഓസ്ട്രേലിയ , ജർമനി എന്നിവിടങ്ങളിൽ സമാനമായ തരത്തിൽ മുൻപ് അറസ്‌റ് നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി അറസ്റ്റിൽ ആകുന്ന ബിഷപ്പാണ് ഫ്രാങ്കോയെന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു .

വാർത്ത ഏജൻസി റിപ്പോർട്ട് തന്നെയാണ് അമേരിക്കയിൽ നിന്നും ന്യുയോർക് ടൈംസ് പുറത്തു വിട്ടിരിക്കുന്നതും. വാർത്താ ലേഖകരെ ഉപയോഗിച്ച് വിവരം തേടിയിട്ടുണ്ടെങ്കിലും കാര്യമായ വിശദംശങ്ങൾ നല്കാൻ ന്യൂയോർക് ടൈംസ് തയ്യാറായിട്ടില്ല. മെഡിറ്ററേനിയൻ ദ്വീപ് സമൂഹമായ മാൾട്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് മാൾട്ടോ അറസ്‌റ് നടന്നു ഉടൻ തന്നെ വാർത്ത നൽകിയിട്ടുണ്ട്. ഈ രാജ്യത്തെ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന പത്രമാണ് ടൈംസ്. ഫ്രാൻസിൽ നിന്നും പുറത്തു വരുന്ന ഫ്രാൻസ് 24 എന്ന മാധ്യമം ഡൽഹിയിൽ നിന്നും എ എഫ് പി റിപ്പോർട്ട് ആസ്പദമാക്കിയാണ് ഫ്രാങ്കോയുടെ അറസ്‌റ് വായനക്കാരിൽ എത്തിക്കുന്നത്.

വോയിസ് ഓഫ് അമേരിക്കയും ഇതേവിധം തന്നെയാണ് റിപ്പോർട്ട് ചെയ്തത്. സമര രംഗത്ത് കരയുന്ന മുഖവുമായി ഇരിക്കുന്ന കന്യാസ്ത്രീകളുടെ ചിത്രം സഹിതമാണ് ഐറിഷ് എക്സാമിനർ ബിഷപ്പിന്റെ അറസ്റ്റു വാർത്ത നൽകിയിരിക്കുന്നത്. ഈ വിഷയത്തെ ലോക മാധ്യമ സമൂഹം തന്നെ ഏറെ വൈകാരികമായാണ് സമീപിച്ചത് എന്നും തത്സമയമുള്ള റിപ്പോർട്ടിങ് രീതി തന്നെ വ്യക്തമാകുന്നു. ഒപ്പം സമാന സംഭവങ്ങളിൽ സഭയ്ക്കുള്ള താക്കീതു കൂടിയാണ് ലോക മാധ്യമങ്ങളുടെ സമീപനരീതി.