കൊച്ചി: കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട സംഭവം ആണ് ഹോട്ട് ഡോഗിനെ പട്ടിയിറച്ചിയാക്കിയ ദേശാഭിമാനി വാർത്ത. എന്നാൽ നിരന്തരം കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. പലതും അസത്യമാണ് എന്ന് പോലും ആരും തിരിച്ചറിയാറില്ല എന്നതാണ് സത്യം.

ഇന്ത്യയുടെ അന്താരാഷ്ട്ര ഇമേജിനെയും അനേകായിരം പേരുടെ തൊഴിലിനെയും ഒക്കെ ബാധിക്കുന്ന ഒരു ആഗോള വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനൽ എക്‌സ്‌ക്ലൂസീവ് ആയി നൽകിയതാണ് ഏറ്റവും പുതിയ എപ്പിസോഡ്. 32, 000 ജോലിക്കാർ പണിയെടുക്കുന്ന ഇന്ത്യയിലെ എച്ച്എസ്‌ബിസി ബാങ്ക് ഇന്ത്യ വിടുന്നു എന്നായിരുന്നു വാർത്ത. ഇങ്ങനെ ഒരു വാർത്ത വെളിയിൽ വന്നാൽ മോദി സർക്കാരിന്റെ ഇമേജ് പോലും തകർന്നടിയുമെന്നിരിക്കെ റിപ്പോർട്ടറിൽ മാത്രം അത് എക്‌സ്‌ക്ലൂസീവ് നിലനിന്നു.

റിപ്പോർട്ടർ ടിവിയുടെ വാർത്ത ഇങ്ങനെ- ഏഷ്യയിലെ മൂന്നാമത്തെ പ്രമുഖ സമ്പദ് വ്യവസ്ഥയിൽ നിന്നും ഒരു വിദേശബാങ്ക് കൂടി പടിയിറങ്ങുന്നു. ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് എച്ച്എസ്‌ബിസി അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ പ്രവർത്തനം അവസാനിപ്പിക്കും. ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ആഗോള റീട്ടെയ്ൽ ശൃംഖലയായ എച്ച്എസ്‌ബിസി പ്രീമിയറിലേക്ക് മാറാൻ അവസരം നൽകും. എച്ച്എസ്‌ബിസി ബാങ്കിൽ 32,000ൽ അധികം ജീവനക്കാരാണുള്ളത്. റോയൽ ബാങ്ക് ഓഫ് സ്‌കോട്‌ലന്റും മോർഗൻ സ്റ്റാൻലിയും നേരത്തെ രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് നിരവധി വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ മുന്നോട്ട് വന്നിരുന്നു. ആദ്യഘട്ടത്തിൽ മികച്ച രീതിയൽ പ്രവർത്തിച്ച ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പ്രതിസന്ധിയിലാണ്.

എന്നാൽ യാഥാർത്ഥ വാർത്ത ഇതല്ല. റോയിറ്റേഴ്‌സിൽ വന്ന വാർത്ത പ്രകാരം എച്ച് എസ് ബി സി നിർത്തലാക്കുന്നത് ഇന്ത്യയിലെ ബാങ്കിങ് പ്രവർത്തനമല്ല. മറിച്ച് അവരുടെ ബാങ്കിംഗിലെ ഒരു സേവനം മാത്രമാണ്. വൻകിടക്കാരുടെ നിക്ഷേപവും മറ്റും ആകർഷിക്കാനുള്ള പദ്ധതി. ഇതു പ്രകാരം ഇന്ത്യയിൽ ഈ പദ്ധതിയിൽ ജോലി നോക്കുന്നത് 70 പേർ മാത്രമാണ്. ഈ സേവന പദ്ധതികൊണ്ട് നേട്ടമുണ്ടാകാത്തതു കൊണ്ടാണ് ഇത് ഒഴിവാക്കുന്നത്. റോയിട്ടേഴ്‌സിന്റെ വാർത്തയിലും സ്വകാര്യ ബാങ്കിങ് യൂണിറ്റാണ് പൂട്ടുന്നത് എന്ന് വ്യക്തമാണ്. എന്നാൽ സ്വകാര്യ ബാങ്കിങ് എന്നതിനെ എച്ച് എസ് ബി സിയുടെ ഇന്ത്യയുടെ പ്രവർത്തനം എന്ന് തെറ്റായി കരുതി റിപ്പോർട്ടർ വാർത്ത നൽകുകയായിരുന്നു.

ഒരാൾക്ക് സ്വകാര്യമായി സേവനം നൽകുന്നതാണ് പ്രൈവറ്റ് ബാങ്കിങ്. അതായത് ഓരോ വ്യക്തിക്കും എപ്പോഴും ഒരു ബാങ്ക് ഉദ്യോഗസ്ഥനെ സമീപിക്കാം. എല്ലാ സേവനങ്ങളും ഇൻസ്റ്റന്റായി ലഭിക്കും. ബാങ്കുകളുടെ പ്രധാന ഇടപാടുകാരെ ചേർത്ത് നിർത്താനാണ് ഈ പദ്ധതി. പണമിടലും ചെക്ക് പാസാക്കലും വായ്പ എടുക്കലുമെല്ലാം വേഗത്തിൽ ചെയ്യാൻ ഇതിലൂടെ കഴിയും. എന്നാൽ ഇന്ത്യയിൽ ഈ പദ്ധതി നടപ്പാക്കിയെങ്കിലും വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. ബാങ്കിനാകട്ടെ നിരവധി ഉദ്യോഗസ്ഥരെ പ്രൈവറ്റ് ബാങ്കിങ് സ്‌കീമിനായി നിയോഗിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് ഈ പദ്ധതി മാത്രം ഒഴിവാക്കുന്നത്.

ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ അതിന് മറ്റൊരു സാധ്യതയും തുറന്നിടുന്നുണ്ട്. അടുത്ത വർഷം ആദ്യപാദത്തിൽ തന്നെ ഈ പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിക്കും. അപ്പോൾ ഈ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ആഗോള റീട്ടെയ്ൽ ശൃംഖലയായ എച്ച്എസ്‌ബിസി പ്രീമിയറിലേക്ക് മാറാൻ അവസരം നൽകും. അതായത് തുടർന്നും ഇന്ത്യയിൽ എച്ച് എസ് ബി സി ഉണ്ടാകുമെന്ന് അർത്ഥം.