കോഴിക്കോട് : കോഴിക്കോട് വൻലഹരി വേട്ട. മാവൂർ റോഡിലെ ലോഡ്ജിൽ നിന്ന് ലഹരി വസ്തുക്കളുമായി എട്ടു പേർ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കൾ പിടികൂടിയത്. നാലു ദിവസമായി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു സംഘമെന്ന് പൊലീസ് സൂചിപ്പിച്ചു.

യുവതി അടക്കമുള്ള സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായവർ കോഴിക്കോട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. നാലുമുറികളിലാണ് ഇവർ താമസിച്ചിരുന്നത്. ലഹരി വിൽപ്പനയ്ക്കായി നഗരത്തിൽ എത്തിയതെന്നാണ് സൂചന.

പിടിയിലായവർ അന്തർ സംസ്ഥാന ബന്ധമുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ലഹരിവസ്തുക്കൾ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം പൊലീസ് കുടുക്കിയതാണെന്നാണ് പ്രതികൾ ആരോപിക്കുന്നത്. കണ്ടെടുത്ത ലഹരിവസ്തുക്കൾ മുറി തള്ളിത്തുറന്ന് അകത്തുകടന്ന പൊലീസ് കൊണ്ടു വച്ചതാണെന്നും പിടിയിലായ പ്രതികൾ പറയുന്നു.

-.കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി അർഷാദിന്റെ നേതൃത്വത്തിലാണ് എട്ടംഗ സംഘം നാല് ദിവസമായി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചുവന്നത്. പിടിയിലായവർ എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ലഹരി മരുന്ന് വിൽപനയ്ക്കായിട്ടാണ് ഇവർ ലോഡ്ജിലെത്തിയതെന്നാണ് സൂചന.ഇവരിൽ നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്.