കൊച്ചി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിന് പിന്നിലെ ചതിക്കുഴികളെ കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ട്. ദുബായ് കേന്ദ്രീകരിച്ച് വൻകിട സെക്‌സ് റാക്കറ്റുകൾ തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ സെക്‌സ് റാക്കറ്റുകളുടെ കെണിയിൽ നിന്നും രക്ഷപെട്ടെത്തിയ യുവതി അടുത്തകാലത്ത് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. മലയാളികൾ തന്നെ നേതൃത്വം കൊടുക്കുന്ന വൻ സെക്‌സ് റാക്കറ്റ് തന്നെയാണ് ദുബായ് അടക്കമുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്നത്. ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ എത്തിക്കുക്കുകയും അവിടെ പെൺവാണിഭ കേന്ദ്രത്തിൽ പാർപ്പിച്ച് മാംസക്കൊതിയന്മാർക്ക് വിൽക്കുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരക്കാർ അവലംബിക്കുന്നത്. ഇങ്ങനെ മലയാളികൾനേതൃത്വം നൽകുന്ന മറ്റൊരു സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ കൂടി പുറത്തുവന്നു.

വിദേശത്തേക്ക് ലൈംഗിക വ്യാപാരത്തിനായി സ്ത്രീകളെ കടത്തിയതിന് അറസ്റ്റിലായ കൊല്ലം കുളത്തുപ്പുഴ പള്ളിത്താഴത്തു വീട്ടിൽ കെ.ടി. സിയാദ് (44), എറണാകുളം പനമ്പള്ളിനഗർ പാസ്‌പോർട്ട് ഓഫീസിനു സമീപം കാട്ടുംപുറത്ത് കെ.ജി. ജോസഫ് (42) എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പെൺവാണിഭ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീകളെ കൂട്ടത്തോടെ പാർപ്പിക്കുകയും ഇവിടെ അറബികൾ അടക്കമുള്ളവർ എത്തി ഇഷ്ടമുള്ളവരെ കൊണ്ടുപോകുകയും ചെയ്യുന്ന വൻകിട സെക്‌സ് റാക്കറ്റായിരുന്നു പ്രവർത്തിച്ചിരുന്നത്.

പനമ്പള്ളിനഗർ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് ഇവർ പിടിയിലായത്. ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് ജോസഫാണ് കഴിഞ്ഞ ഡിസംബറിൽ സ്ത്രീയെ സമീപിച്ചത്. ടിക്കറ്റ് ചാർജു പോലും വേണ്ടെന്ന് പറഞ്ഞതോടെ സ്ത്രീ യാത്രക്ക് സമ്മതിച്ചു. കഴിഞ്ഞ മാസം 15 ന് ദുബായിലെത്തി. വിമാനത്താവളത്തിൽ നിന്ന് വാടകയ്ടക്കെടുത്ത ഒരു കെട്ടിടത്തിലേക്കാണ് സിയാദ് കൂട്ടിക്കൊണ്ടു പോയതെന്ന് സ്ത്രീ പറയുന്നു. പൂട്ടിയിട്ട നിലയിൽ 80 ലധികം സ്ത്രീകൾ അവിടെയുണ്ടായിരുന്നു. സിയാദിന്റെ ഭാര്യ സീനയായിരുന്നു കെട്ടിടത്തിന്റെ ചുമതലക്കാരി. എല്ലാ ദിവസവും അറബികൾ കെട്ടിടത്തിലെത്തി സ്ത്രീകളെ തിരഞ്ഞെടുക്കുകയാണ് പതിവ്.

ഇത്തരത്തിൽ പോയ ഒരു സ്ത്രീ തിരികെയെത്തി പീഡനവിവരം പറഞ്ഞതോടെയാണ് താൻ കെണിയിൽപ്പെട്ട വിവരം അറിഞ്ഞത്. നാട്ടിലേക്ക് മടങ്ങാൻ വാശിപിടിച്ചതോടെ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെടാൻ ദിവസത്തിലൊരിക്കൽ വീട്ടിലേക്ക് വിളിക്കാൻ സീന അനുവദിച്ചു. വീട്ടുകാർ ഒന്നര ലക്ഷം രൂപ അയച്ചു തന്നു. ബാക്കി പണം നാട്ടിലെത്തുമ്പോൾ നൽകാമെന്ന് വീട്ടുകാർ സിയാദിനെ അറിയിച്ചതോടെ നാട്ടിലെത്തിച്ചു. സാധാരണഗതിയിൽ ഒരിക്കൽ അറബികൾ കൊണ്ടുപോകുന്ന സ്ത്രീകൾ കെട്ടിടത്തിലേക്ക് മടങ്ങി വരാറില്ല. എന്നാൽ, ഏതോവിധത്തിൽ മടങ്ങിയെത്തിയ സ്ത്രീയാണ് തനിക്ക് വിവരങ്ങൾ കൈമാറിയതെന്ന് യുവതി വെളിപ്പെടുത്തി.

നാട്ടിലെത്തിയ യുവതിയോട് വീണ്ടും ഒന്നര ലക്ഷം രൂപ ജോസഫും സിയാദും ആവശ്യപ്പെട്ടതോടെയാണ് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് സ്ത്രീ സിയാദിനെ അറിയിച്ചു. നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപം എത്തിയ സിയാദിനെ ഷാഡോ എസ്.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് 90,000 രൂപ, ലാപ്‌ടോപ്പ്, നിരവധി ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

പിന്നീട് സിയാദിനെ കൊണ്ട് ജോസഫിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ നിരവധി അടിപിടിക്കേസുകളുണ്ട്. പനമ്പള്ളിനഗറിൽ പാസ്‌പോർട്ട് ഏജന്റായി പ്രവർത്തിച്ചാണ് ജോസഫ് സ്ത്രീകളെ വലയിലാക്കിയിരുന്നത്. എമിഗ്രേഷൻ നടപടികൾ സുഗമമാകാൻ ഇവർ സ്ത്രീകളെ ബാംഗഌർ വിമാനത്താവളം വഴിയാണ് കടത്തുന്നത്. ബാംഗ്‌ളൂരിൽവച്ച് സിയാദ് പീഡിപ്പിക്കാൻ ശ്രമിച്ചതായും തട്ടിപ്പിനിരയായ സ്ത്രീ മൊഴി നൽകി.