തിരുവനന്തപുരം: ഐ പി എസുകാർ ഉൾപ്പെടെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ക്യാമ്പ് ഫോളോവേഴ്‌സായി നിൽക്കുന്ന പൊലീസുകാരെകൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു എന്ന വിഷയം വലിയ ചർച്ചയാകുന്നതിനിടെ ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്രപ്രവർത്തകനായ എംഎസ് സനിൽകുമാർ ഈ വിഷയത്തെ അധികരിച്ച് ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പിനെ അധികരിച്ച് കഴിഞ്ഞദിവസം മറുനാടൻ മലയാളി ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ വിഷയം സംബന്ധിച്ച് വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇക്കാര്യം സ്വമേധയാ പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നത്.

ക്യാമ്പ് ഫോളോവേഴ്‌സ് അനുഭവിക്കുന്ന ദുരിതം അന്വേഷിച്ച് 30 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹൻദാസ് ആവശ്യപ്പെട്ടു ആരോപണം സത്യമാണെങ്കിൽ പൊലീസുകാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളെക്കാൾ കഷ്ടമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സ്ഥിരം ജീവനക്കാർ എതിർത്തപ്പോൾ താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് മനുഷ്യത്വരഹിതമായ ജോലികൾ ചെയ്യിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു.

ആറ്റുകാലിൽ കുത്തിയോട്ടത്തിന് എത്തിക്കുന്ന കുട്ടികളോട് കാട്ടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ബാലപീഡനമാണെന്നും ഡിജിപി ശ്ലീലേഖ ഐപിഎസ് ആരോപിച്ചിരുന്നു. സ്വന്തം വകുപ്പിൽ ക്യാമ്പ് ഫോളോവേഴ്‌സ് നേരിടുന്ന പീഡനങ്ങൾ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി കാണുന്നില്ലേ എന്ന് ചോദിച്ചായിരുന്നു എംഎസ് സനിൽകുമാറിന്റെ കുറിപ്പ്. ഇത് വാർത്തയായതോടെ വിഷയം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയായിരുന്നു.

ആറ്റുകാലിലെ അവകാശലംഘനങ്ങളെക്കുറിച്ചാണ് ഡിജിപി വാചാലയായത്. ഡിജിപി പൊലീസിന് അകത്തേക്ക് എപ്പോഴെങ്കിലും കണ്ണോടിക്കാറുണ്ടോ? ഇല്ലെങ്കിൽ ഒന്നുനോക്കണം. അവിടെ പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ള ഒരുപറ്റം മനുഷ്യജീവികളെക്കാണാം...ക്യാമ്പ് ഫോളോവേഴ്സ്...പൊലീസിലെ അടിമപ്പണിക്കാർ. നിയമമനുസരിച്ച് അടിമപ്പണിയല്ല ജോലി. പക്ഷെ ഐപിഎസ് മേലാളന്മാരുടെ അടിമകളാകാൻ വിധിക്കപ്പെട്ടവരാണ് ഇവർ. - ഇത്തരത്തിൽ ഫോളോവേഴ്‌സ് നേരിടുന്ന പീഡനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു റിപ്പോർട്ട്.
ഇപ്പോഴും പലയിടങ്ങളിലും സ്ഥിതി പഴയതുതന്നെയെന്നും സനിൽ വ്യക്തമാക്കിയിരുന്നു. തുണി കഴുകാൻ ഐപിഎസ്സുകാർ ക്യാമ്പുകളിലെത്തിക്കുന്നുണ്ട്. വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവറിനെ നിർത്തിയിട്ടുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ പല ക്യാമ്പുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷവും ഇപ്പോൾ ക്യാമ്പുകളിലല്ല ജോലി ചെയ്യുന്നത്.

ഐപിഎസ്സുകാരുടെ വീട്ടിൽ. ഒരു കമ്മീഷണറുടെ വീട്ടിൽ അലക്കുകാരൻ, പാചകക്കാരൻ, ശുചീകരണത്തൊഴിലാളി എന്നിങ്ങനെ മൂന്നുപേരെയാണ് നിയോഗിച്ചത്. ഇപ്പോൾ കമ്മീഷണർ മാറി. പുതിയ കമ്മീഷണർ ഇവരെ മാറ്റി പകരം സ്ത്രീ തൊഴിലാളികളെ മതിയെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ക്യാമ്പിൽ ജോലി ചെയ്യുന്നവരെ കമ്മീഷണറുടെ വീട്ടിലെത്തിക്കാനാണ് നീക്കം. അടിമപ്പണിക്കെതിരെ പരാതി പറഞ്ഞവരെയൊക്കെ ഇക്കാലയളവിൽ ഒതുക്കി. സർക്കാരിന്റെ ശമ്പളം വാങ്ങുന്നവരെ, നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായമെന്ന് ചോദിച്ചായിരുന്നു കുറിപ്പ്.