- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറിവ് വിൽക്കരുത്.. ചികിത്സയും; പാവങ്ങൾക്കായി ഒരു ആതുരാലയം ഒരുങ്ങുന്നു; ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന് 30 ഏക്കർ ലഭിച്ചതായി ഫാദർ ഡേവിസ് ചിറമ്മേൽ; മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാകുക മധ്യകേരളത്തിൽ; ജീവകാരുണ്യ വഴിയിൽ ഫാദർ ഡേവിസ് ചിറമ്മലിന്റെ മറ്റൊരു മാതൃക
കൊച്ചി: ജീവാകാരുണ്യമേഖലയിൽ നിരവധി വേറിട്ട പ്രവർത്തനങ്ങളിലുടെ മാതൃക തീർത്ത ഫാദർ ഡേവിസ് ചിറമ്മൽ ആതുരസേവന രംഗത്തും പുത്തൻ മാതൃക തിർക്കാൻ ഒരുങ്ങുന്നു.പാവപ്പെട്ടവർക്കായി എളുപ്പത്തിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലാണ് ഫാദർ ലക്ഷ്യമിടുന്നത്.ജീവകാരുണ്യ പ്രവർത്തകനായ നാസർ മനുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഫാദറിനൊപ്പം ഇത്തരമൊരു പദ്ധതി യാഥാർത്ഥ്യമാക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ആശുപത്രിക്കാവശ്യമായ സ്ഥലം ലഭ്യമായതായി ഫാദർ ഡേവിസ് ചിറമ്മൽ അറിയിച്ചു.
പദ്ധതിയെക്കുറിച്ചുള്ള ആശയങ്ങളും കാഴ്‌ച്ചപ്പാടുകളും ഫാദർ ദിവസങ്ങൾക്കു മുന്നെ തന്റെ ഫേസ്‌ബുക്ക് പേജിലുടെ പങ്കുവെച്ചിരുന്നു.ഈ വീഡിയോയിൽ ഫാദർ ആവശ്യപ്പെട്ടത് ആശുപത്രിക്കാവശ്യമായ സ്ഥലം കണ്ടെത്തുന്ന നടപടികളെക്കുറിച്ചായിരുന്നു.വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥലം വാഗ്ദാനവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു.ഒരു വ്യക്തി 50 ഏക്കർ നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ മറ്റൊരാൾ വയനാട്ടിൽ 22 ഏക്കർ സൗജന്യമായി കൈമാറാൻ സമ്മതിച്ചിരുന്നു. എന്നാൽ ജനങ്ങൾക്ക് ആശുപത്രിയെ സമീപിക്കുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ മധ്യ കേരളത്തിൽ എവിടെയെങ്കിലും ആശുപത്രി യാഥാർത്ഥ്യമാക്കാനാണ് സംഘത്തിന്റെ തീരുമാനം.
ഇതിനായി ഭൂമി മധ്യകേരളത്തിൽ എവിടെയെങ്കിലും വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഫാ. ഡേവിസ് ചിറമെൽ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയിൽ ആലത്തൂരിലെ താഴത്തെൽ കുടുംബം സ്ഥലം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. 25 ഏക്കറാണ് ആവശ്യപ്പെട്ടതെങ്കിലും 30 ഏക്കറാണ് ഇപ്പോൾ പദ്ധതിക്കായി കുടുംബം വാഗ്ദാനം ചെയ്തിരിക്കുന്നത്.മാത്രമല്ല ആശുപത്രി നിർമ്മാണം ആരംഭിക്കുന്ന മുറയ്ക്ക് പ്രദേശത്തേക്ക് റോഡിനാവശ്യമായ സ്ഥലം നൽകാമെന്നും കുടുംബവും മറ്റുള്ളവരും സമ്മതിച്ചിട്ടുണ്ട്.താഴത്തേൽ കുടുംബത്തിലെ അനിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.ഇതോടെ ആദ്യ കടമ്പ വിജയകരമായി പൂർത്തിയായിരിക്കുകയാണ്.സ്ഥലം ലഭ്യമായ സാഹചര്യത്തിൽ ലാഭേഛയില്ലാതെ പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവരെ ഉൾപ്പെടുത്തി ട്രസ്റ്റ് രൂപീകരിച്ച് നിർമ്മാണ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുമെന്നും ഫാദർ വ്യക്തമാക്കി.
സമൂഹത്തിലെ നിർധനർക്ക് എളുപ്പത്തിലും പ്രാപ്യമായ നിരക്കിലും അത്യാധുനിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി നിർമ്മിക്കുന്നത്. സ്വകാര്യ ആശുപത്രികൾ രോഗികളെ ചൂഷണം ചെയ്യുന്നതിലും ചികിത്സയ്ക്കായി അമിത ബില്ലുകൾ ഈടാക്കുന്നതിലും പിന്നിൽ ദരിദ്രർക്ക് സൗജന്യ ചികിത്സ നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ആശുപത്രിയിലേക്കാവശ്യമായ ഡോക്ടർമാരെയും നഴ്‌സുമാരെയുമുൾപ്പടെ ഇതിന്റെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുക്കുക.പദ്ധതിക്കായി സന്നദ്ധസേവനം നടത്തുന്ന 100 വിദഗ്ധ ഡോക്ടർമാരെ ഞങ്ങൾക്ക് ആവശ്യമുണ്ട്. യുഎസിലും മറ്റ് വികസിത രാജ്യങ്ങളിലും ജോലി ചെയ്തിട്ടുള്ള നിരവധി ഡോക്ടർമാർ ഇതിനകം തന്നെ അവരുടെ സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡോക്ടർമാർക്ക് ആശുപത്രിയോടനുബന്ധിച്ച് സൗജന്യ താമസസൗകര്യം ഒരുക്കി നൽകാനും പദ്ധതിയുണ്ട്.
പ്രതിവർഷം 6,000 രൂപ സംഭാവനയായി നൽകുന്ന നാലുലക്ഷത്തോളം പേർക്ക് സൗജന്യ ചികിത്സ നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു.ഒരു വ്യക്തിക്ക് 500 രൂപ നൽകി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാം. അവർക്ക് വൈദ്യപരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഇൻഷൂറൻസ് പരിരക്ഷയും 11 മാസം വരെ സൗജന്യ ചികിത്സയും ലഭ്യമാക്കും. ഇതിനായി ആ വ്യക്തി 11 മാസക്കാലം 500 രൂപ നിരക്കിൽ നൽകിയാൽ മതിയാകും.ആശുപത്രി യാഥാർത്ഥ്യമാകുന്നതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കുടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും ഫാദർ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർക്ക് പദ്ധയുമായി സഹകരിക്കാമെന്നും ഫാദർ വ്യക്തമാക്കി.നിർമ്മാണം ആരംഭിച്ച് ഒന്നര വർഷത്തിനുള്ളിൽ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി.അലോപ്പതി, ആയുർവേദം, ഹോമിയോ ഉൾപ്പടെ വൈദ്യശാസ്ത്രത്തിലെ പ്രധാന വിഭാഗങ്ങളെയെല്ലാം ഒരുമിച്ച് ആശുപത്രിയിൽ ലഭ്യമാക്കുമെന്നും ഫാദർ ഡേവിസ് ചിറമ്മൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ