ന്യൂഡൽഹി: കൃത്യമായ വട്ടത്തിൽ ചപ്പാത്തി ഉണ്ടാക്കാത്തതിന് ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊന്നു. ഡൽഹിയിലെ ജഹാംഗിർപുരിയിലാണ് സംഭവം. 22കാരിയായ ഗർഭിണി സിമ്രാൻ ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ച പുലർച്ചെയോടെയാണ് പുറംലോകം അറിഞ്ഞത്. പുലർച്ചെ നാലു മണിയോടെ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരൻ ആണ് പൊലീസിൽ വിവരം അറിയിച്ചത്. തന്റെ സഹോദരി അവരുടെ ഫ്‌ലാറ്റിൽ ബോധമില്ലാത്ത നിലയിലാണെന്നും നാലു വയസുകാരിയായ മകളെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുക ആണെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചത്.

സിമ്രാനെ ഉടൻ തന്നെ അശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇവർ നാലുമാസം ഗർഭിണി ആയിരുന്നു. എന്നാൽ ഭർത്താവിനെ കണ്ടെത്തിയിട്ടില്ല. അതേസമയം, അമ്മയുടെ ചപ്പാത്തി നല്ലതാണെന്നും എന്നാൽ കൃത്യമായ വട്ടത്തിൽ പരത്തുന്ന കാര്യത്തിൽ അച്ഛനും അമ്മയും തമ്മിൽ തർക്കം ഉണ്ടായിരുന്നതായും നാലുവയസുകാരിയായ മകൾ പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് ദമ്പതികൾ തമ്മിൽ വഴക്ക് ഉണ്ടായത്. തുടർന്ന് സിമ്രാന്റെ വയറിൽ ഭർത്താവ് ഇടിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാൻ മകൾ ശ്രമിച്ചെങ്കിലും മകളെ മറ്റൊരു മുറിയിലിട്ട് പൂട്ടുകയായിരുന്നു. അഞ്ചു വർഷം മുമ്പ് വിവാഹം കഴിക്കുന്നതിന് മുമ്പ് ഇരുവരും ഒരുമിച്ച് ആയിരുന്നു താമസിച്ചിരുന്നത്.