- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ ആത്മഹത്യ ചെയതത് കാൽനുറ്റാണ്ട് മൂൻപ്; ആത്മഹത്യക്കുപിന്നിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധനപീഡനമെന്നു കണ്ടെത്തൽ; ഹൈക്കോടതിയുടെ ശിക്ഷക്കെതിരെ ഭർത്താവ് നൽകിയ ഹർജ്ജി തള്ളി സുപ്രീംകോടതിയും; 25 വർഷത്തിനിപ്പുറം ഭാര്യയുടെ മരണത്തിൽ കീഴടങ്ങി വിമുക്തഭടൻ
ഒറ്റപ്പാലം: യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവ് കാൽനൂറ്റാണ്ടിന് ശേഷം കീഴടങ്ങി.സ്ത്രീധന പീഡനത്തെത്തുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതോടെ ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് കോടതിയിൽ ഭർത്താവ് കീഴടങ്ങിയത്. വിമുക്തഭടൻ മങ്കര മഞ്ഞക്കരയിൽ സുരേന്ദ്രനാണ്(55) ഒറ്റപ്പാലം അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ഹാജരായത്. ഒരു വർഷം കഠിനതടവിനു ശിക്ഷിച്ച ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയതായി പൊലീസ് ഇൻസ്‌പെക്ടർ വി.ബാബുരാജൻ അറിയിച്ചു.
1996 ഒക്ടോബർ 21നാണു സുരേന്ദ്രന്റെ ഭാര്യ പത്തിരിപ്പാല പുത്തൻപുരയിൽ അജിതയെ (ബിന്ദു-20) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള ആത്മഹത്യ, ക്രൂരത എന്നീ വകുപ്പുകൾ ചുമത്തിയ കേസിൽ ഭർത്താവും ഭർതൃമാതാപിതാക്കളും ഭർത്താവിന്റെ 2 സഹോദരങ്ങളുമായിരുന്നു പ്രതികൾ. ഭർതൃപിതാവ് വിചാരണഘട്ടത്തിൽ മരിച്ചു. ഭർത്താവിനെയും ഭർതൃമാതാവിനെയും ശിക്ഷിച്ച സെഷൻസ് കോടതി സഹോദരങ്ങളായ 2 പേരെ വിട്ടയച്ചു.
സുരേന്ദ്രനും അമ്മയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സ്ത്രീധന പീഡനം സംബന്ധിച്ച വകുപ്പ് ഒഴിവാക്കിയ ഹൈക്കോടതി ഭർതൃമാതാവിന്റെ ശിക്ഷ ഒരു മാസമാക്കി.അതേസമയം, ക്രൂരതയ്ക്ക് ഇരയാക്കിയെന്ന വകുപ്പ് നിലനിർത്തി ഭർത്താവിന്റെ തടവു ശിക്ഷ ശരിവച്ചു. ഹൈക്കോടതി വിധി ചോദ്യംചെയ്താണു സുരേന്ദ്രൻ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
ക്രൂരത സംബന്ധിച്ച വകുപ്പു തെളിയിക്കാൻ ഭാര്യയുടെ മരണമൊഴി പരിഗണിക്കാമെന്നു വ്യക്തമാക്കിയാണു സുപ്രീം കോടതി സുരേന്ദ്രന്റെ ശിക്ഷ ശരിവച്ചത്. ജാമ്യത്തിലായിരുന്ന സുരേന്ദ്രൻ 7 ദിവസത്തിനകം ഹാജരാകണമെന്ന വിധിക്കു പിന്നാലെയായിരുന്നു കീഴടങ്ങൽ.
മറുനാടന് മലയാളി ബ്യൂറോ