തളിപ്പറമ്പ്: ഭർത്താവ് മരിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അത് മനസ്സിലാക്കാൻ കഴിയാതെ ഭാര്യ മൃതദേഹത്തിന് കാവലിരുന്നു. മരിച്ചു കിടക്കുന്ന ഭർത്താവിനെ തുണികൾ കൊണ്ട് മൂടിയിടുകയും ചെയ്തു. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.

തളിപ്പറമ്പ് പൂക്കോത്ത്‌തെരുവിലെ പുതിയോന്നൻ ബാലനാ(65)ണ് മരിച്ചത്. മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന ഭാര്യ തോലൻ കമലാക്ഷി മൃതദേഹത്തോടൊപ്പം കഴിയുകയായിരുന്നു. ഇരുവർക്കും മക്കളില്ല. അയൽപക്കവുമായി വലിയ സഹകരണമില്ലാത്തതിനാൽ ആരും മരണ വിവരം അറിഞ്ഞതുമില്ല. പൂക്കോത്ത്‌തെരുവിൽ ഓടുമേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

ബാലൻ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാൽ എല്ലാ ദിവസവും കമലാക്ഷി സമീപത്തെ ക്ഷേത്രത്തിൽ ഭക്ഷണം കഴിക്കാനും മറ്റുമായി എത്തിയിരുന്നു. സമീപത്തുള്ളവരുമായി ഇവർക്ക് അടുപ്പമില്ലാത്തതിനാൽ ആരും ബാലനെ പുറത്ത് കാണാത്തതിൽ അന്വേഷിച്ചതുമില്ല.

ദിവസങ്ങളായി ഭർത്താവ് നിലത്ത് കിടന്നിട്ടും മരിച്ചതാണെന്ന് അറിയാതെ കമലാക്ഷി മൃതദേഹത്തെ ശുശ്രൂഷിച്ചു. ദിവസവും അലക്കിയ തുണി മാറ്റി മാറ്റി ഭർത്താവിനെ പുതപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അസഹ്യമായ ദുർഗന്ധം പരന്ന് തുടങ്ങിയതിനെ തുടർന്ന് ഉറവിടം അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ നിലത്ത് തുണികൾ കൊണ്ടു മൂടിവച്ച നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലാണ്. ഇന്നലെയും അലക്കിയ തുണി കൊണ്ടുവന്ന് മൃതദേഹം പുതപ്പിച്ചിരുന്നുവെന്ന് കമലാക്ഷി പറയുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സിഐ കെ.ജെ.വിനോയി, എസ്‌ഐ കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. വീട് അടച്ചുപൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. കമലാക്ഷിയെ ഇവിടെ നിന്ന് മാറ്റുവാൻ നാട്ടുകാരും ബന്ധുക്കളും ശ്രമിച്ചെങ്കിലും ഇവർ പോകാതെ വീടിനു പുറത്ത് ഇരിക്കുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മോറാഴ കൂളിച്ചാൽ ശ്മശാനത്തിൽ സംസ്‌കരിക്കും. മോറാഴ സ്വദേശിയാണ് ബാലൻ.