ചണ്ഡീഗഢ്: ഭർത്താവിന്റെ കുത്തേറ്റ് വേദനയിൽ പിടഞ്ഞ ഭാര്യയെ സഹായിക്കുന്നതിന് പകരം അയൽവാസികൾ യുവതിയുടെ ദൃശയങ്ങൾ ക്യാമറയിൽ പകർത്തി സമീഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രാണ വേദന കൊണ്ട് യുവതി കരയുമ്പോൾ തൊട്ടടുത്തുള്ള വീട്ടുകാരാണ് അത് മൊബൈലിൽ പകർത്താൻ തിരക്ക് കൂട്ടിയത്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു അയൽവാസി രക്തത്തിൽ കുളിച്ച് കിടന്നപ്പോൾ സഹജീവി എന്ന പരിഗണന പോലും നൽകാതെയാണ് അയൽക്കാർ രംഗം മൊബൈലിൽ പകർത്താൻ തിരക്ക് കൂട്ടിയത്.

ഹരിയാണയിലെ ജിണ്ട് ജില്ലയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. രക്തംവാർന്ന് വേദനയിൽ പിടഞ്ഞ് നിലവിളിക്കുന്ന നിലയിലാണ് യുവതിയുടെ ദൃശ്യങ്ങൾ. മരം മുറിക്കുന്ന വാൾ ഉപയോഗിച്ച് ഭർത്താവ് യുവതിയുടെ വയറും,തോളും, മുട്ടും മുറിവേൽപ്പിക്കുകയായിരുന്നു.

യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഭർത്താവിന്റെ ആക്രമണം. എന്നാൽ യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ അത് കണ്ട് രസിക്കുക ആയിരുന്നു എന്നതാണ് കൂടുതൽ ഞെട്ടിച്ചത്. വീഡിയോ ചിത്രീകരിച്ച അയൽവാസികൾ അത് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് വയറലാക്കുകയും ചെയ്തു. ചോരയൊലിച്ച്, വേദനയിൽ പിടഞ്ഞ് നിലവിളിക്കുന്ന നിലയിലാണ് യുവതിയുടെ ദൃശ്യങ്ങൾ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ജൂൺ 30ന് വൈകുന്നേരം മദ്യപിച്ച് ലക്ക്‌കെട്ട ഭർത്താവ് നരേഷ് വീട്ടിലെത്തി യുവതിയുടെ കണ്ണിൽ മുളക് പൊടിവിതറി. തുടർന്ന് ഈർച്ചവാൾ ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. വേദനയിൽ യുവതി നിലവിളിച്ചപ്പോൾ അയൽക്കാർ ഓടിക്കൂടിയെങ്കിലും ആരും യുവതിയെ രക്ഷിക്കാൻ തയാറായില്ല. പകരം, വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

യുവതി ആക്രമിക്കപ്പെടുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്ഥലം എസ്‌ഐ രാം മഹേർ സംഭവസ്ഥലത്തെത്തിയപ്പോൾ കണ്ടകാഴ്‌ച്ച ചോരവാർന്ന് നിലവിളിക്കുന്ന സ്ത്രീയെയും അത് ഫോണിൽ ചിത്രീകരിക്കുന്ന നാട്ടുകാരെയുമാണ്. നാട്ടുകാരെ വിലക്കിയ ശേഷം ഉടൻ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സോണപാത്തിലെ ഖൺപുർ കലൻ മെഡിക്കൽ കോളേജിലേക്ക് യുവതിയെ മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്ത യുവതി ആശുപത്രി വിട്ടു.

സെക്ഷൻ 323,324 തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ആക്രമിക്കാൻ ഉപയോഗിച്ച ഈർച്ചവാളും പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു.