കൊല്ലം: കർഷകർക്ക് വെള്ളമില്ലാതെ വിളവെടുപ്പിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. പറമ്പുകളിൽ മോട്ടോർവച്ച് വെള്ളം പമ്പ് ചെയ്ത് മണ്ണിനെ പൊന്നണിയിക്കുന്ന കർഷകർ. ഇതിനായി കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യ നിരക്കിൽ നൽകുകയും ചെയ്യുന്നു. എന്നാൽ വേനൽ കടുത്തതോടെ വൈദ്യുതി ഇല്ല. പിന്നെങ്ങനെ കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കും. നിങ്ങളുടെ കൃഷി സ്ഥലത്തിന് അടുത്തുകൊച്ചരുവിയോ പുഴയോ മറ്റോ ഉണ്ടെങ്കിൽ ആശങ്കപ്പെടയേണ്ടതില്ല. വൈദ്യുതിയില്ലെങ്കിലും വെള്ളമെത്തിക്കാൻ നിങ്ങൾക്ക് കഴിയും...

വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഇല്ലാതെ പ്രവർത്തിപ്പിക്കാവുന്ന വാട്ടർ പമ്പ് നിർമ്മിച്ചിരിക്കുകയാണ് കൊല്ലം പുനലൂർ സ്വദേശി ജോയ് പാസ്റ്റൺ  എന്ന കർഷകൻ. അട്ടപ്പാടിയിലെ ജനങ്ങൾക്ക് വൈദ്യുതി ലഭിച്ചിരുന്ന പവർഹൗസ് അടച്ച് പൂട്ടിയതിൽ പ്രതിഷേധിച്ചാണ് ജോയ് പാസ്റ്റൺ  ഇങ്ങനെയൊരു വാട്ടർ പമ്പ് നിർമ്മിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ വൈദ്യുതി മോട്ടോർ പമ്പ് ഉപയോഗിച്ചാണ് ജനം കൃഷിക്കും മറ്റു ആവശ്യങ്ങൽക്കുമുള്ള ജലം ശേഖരിച്ചിരുന്നത്. എന്നാൽ ജനങ്ങൾക്ക് വൈദ്യുതി പോലും നൽകാനാകാത്ത സർക്കാരിനോടുള്ള തന്റെ പ്രതിഷേധമാണ് ജോയ് പാസ്റ്റൺ  വേറിട്ടതും എന്നാൽ മാതൃകാപരവുമായ രീതിയിൽ പ്രകടിപ്പിച്ചിരിക്കുന്നത്.

ആഫ്രിക്കിലും യൂറോപ്പിലും കൃഷി ആവശ്യങ്ങൾക്കായി പതിനെട്ടാം നൂറ്റാണ്ടുമുതൽ തന്നെ ഇത്തരം സംവിധാനം നിലനിന്നിരുന്നുവെന്നാണ് ജോയ് പാസ്റ്റണിന്റെ  വാദം. ഹൈഡ്രോളിക്ക് റാം പമ്പ് എന്നാണ് ഇതിന്റ പേരെന്നും അവിചാരിതമായി ഇന്റർനെറ്റിൽ ഇതിന്റെ മോഡൽ കണ്ടപ്പോൽ വെറുതെ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിനുള്ള ഏക പോരായ്മ ഇത് കിണറുകളിൽ ഉപയോഗിക്കാനാവില്ലാ എന്നുള്ളതാണ്. എന്നാൽ കൃഷി ആവശ്യത്തിന് ഉള്ള വെള്ളം ഒഴുക്കുള്ള തോട്, നദി മുതലായവയിൽ നിന്നും തടസമില്ലാതെ പമ്പ് ചെയ്യുവാൻ സാധിക്കും എന്നതാണ് സവിശേഷത.

റാം പമ്പ് പ്രവർത്തിക്കുന്നത് ഇങ്ങനെ: ജലം ഒന്നര മീറ്റർ എങ്കിലും ഉയരത്തിൽ ലഭിക്കണം. ഇതിനായി രണ്ട് വാൾവുകളാണ് പമ്പിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇൻപുട്ട് വാൾവിൽ ഒരു ചെറിയ പൈപ്പ് ഘടിപ്പിച്ച ശേഷം അത് തോട്ടിലോ നദിയിലോ നിക്ഷേപിക്കും. പൂർണമായും ജലത്തിന്റേയും വായുവിന്റേയും മർദ്ദത്തിലാണ് പമ്പിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. വെള്ളവും വായുവും തമ്മിലുള്ള മർദ്ദത്തിൽ എയർ ചേമ്പറും വാൾവും തുടർച്ചയായി തുറക്കുകയും അടയുകയും ചെയ്യുന്നു. എയർ ചേമ്പറിൽ ഔട്ട്പുട്ട് പൈപ്പ് ഘടിപ്പിച്ചാണ് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നത്.

കൃഷിയിൽ വലിയ താൽപര്യമുള്ള ജോയ് പാസ്റ്റൺ   രണ്ട് വർഷം മുൻപാണ് കൃഷിയിയിൽ
സജീവമാകുന്നത്. പുനലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃഷിഭൂമി എന്ന നവമാദ്ധ്യമ കൂട്ടായ്മയാണ് കൃഷിയിൽ കൂടുതൽ സമയം വ്യാപൃതനാകുവാനുള്ള പ്രേരണ. കൃഷിക്കൊപ്പം തന്നെ കൃപാ ഇൻവർട്ടേറ്‌സ് എന്ന സ്ഥാപനം നട്തതുകയുമാണ്ജോയ് പാസ്റ്റൺ. സോളാർ പാനലും ഇൻവർട്ടർ തുടങ്ങിയവയുടെ വിൽപ്പനയാണ് ഇവിടം കേന്ദ്രീകരിച്ച് നടത്തുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷമയമായ പച്ചക്കറികളുപയോഗിക്കുന്നത്. ഒരു പരിധിവരെ കുറയ്‌ക്കേണ്ടത് നാം ഓരോരുത്തരും മുൻകൈയെടുത്തുകൊണ്ടാകണമെന്ന ചിന്തയാണ് ഇദ്ദേഹത്തെ കൃഷിയിലേക്ക് നയിച്ചത്.

കൃഷിഭൂമി എന്ന നവമാദ്ധ്യമ കൂട്ടായ്മയാണ് കൃഷിക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയതെന്നും ജോയ് പാസ്റ്റൺ പറയുന്നു. സ്ഥലത്തിനു പരിമിധിയുള്ളതിനാൽ ടെറസില് ഗ്രോ ബാഗിൽ മണ്ണു നിറച്ചശഷം അതിലും കൃഷി ചെയ്യുന്നുണ്ട. സ്വന്തമായി ചീര, വഴുതന, കോവക്ക, പച്ചമുളക്, തക്കാളി, മഞ്ഞൾ, ക്വാളീ ഫ്ളാർ, മുള്ളൻ ചിറ്റ തുടങ്ങി അനേകം ഇനങ്ങളാണ് ജോയ് പാസ്റ്റൺ കൃഷി ചെയ്‌തെടുക്കുന്നത്.