ന്നലെ സോഷ്യൽ നെറ്റ്‌വർക്കിൽ പതിവില്ലാതെ ഒന്നിലേറെ മറുനാടൻ മലയാളി വാർത്തകൾ ചൂടൻ ചർച്ചയ്ക്കു കാരണമായി. നാസയുടെ ഉപഗ്രഹം ആറ് സെക്കന്റുകൊണ്ട് താഴെ വീണ സാഹചര്യത്തിൽ ന്യുയോർക്ക് ടൈംസിന് മറുപടിയുമായി ജോയി കുളനട വരച്ച കാർട്ടൂൺ ആയിരുന്നു ആദ്യ ചർച്ചാ വിഷയം എങ്കിൽ സരിതയുടെ വാട്ട്‌സാപ്പ് ദൃശ്യങ്ങൾ മുടക്കിയ വിവാഹം ആരുടേതായിരുന്നു എന്നതായിരുന്നു പിന്നീട് ചർച്ചയായത്. വൈകുന്നേരം ആയപ്പോഴേക്കും സോഷ്യൽ നെറ്റ്‌വർക്കിലെ ചർച്ചകൾക്ക് പെട്ടന്ന് രൂപഭാവം മാറി. മറുനാടൻ മലയാളിയുടെ ഉറ്റ സുഹൃത്തും ടെലിവിഷൻ അവതാരകയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീജാനായരുടെ ആത്മഹത്യാ ശ്രമം ആയിരുന്നു ചർച്ചകളുടെ വഴി മാറ്റിവിട്ടത്.

5000 സുഹൃത്തുക്കളെ കൂടാതെ 64,000 ഫോളോവേഴ്‌സ് കൂടിയുള്ള ഫേസ്‌ബുക്കിലെ നിരന്തര സാന്നിധ്യമായ ശ്രീജ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന വാർത്ത തീർച്ചയായും വലിയൊരു ചർച്ചയാകുമെന്ന് ആർക്കും ഊഹിക്കാം. ഈ ചർച്ചകൾ സജീവമായതോടെ അനേകം പേർ മറുനാടനുമായി ബന്ധപ്പെട്ട് വാർത്തയുടെ സ്ഥിരീകരണം ചോദിച്ചു. ശ്രീജയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഉത്തരം ഇല്ലായിരുന്നു. ശ്രീജ ജോലി ചെയ്യുന്ന ചാനലുകളുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോഴും യാതൊരു ഊഹവും ആർക്കും ഇല്ലായിരുന്നു. അതിനിടയിൽ ശ്രീജയുടെ നില അതീവ ഗുരുതരം എന്ന രീതിയിലുള്ള വാർത്തകൾ വെളിയിൽ വന്നു. മറുനാടനെ സംബന്ധിച്ചിടത്തോളം ഒരു സുഹൃത്തിന്റെ ദുരന്തത്തിൽ സഹിക്കാൻ ആവാത്തതിന്റെ ആശങ്കയും വായനക്കാർ അറിയേണ്ട ഒരു വാർത്ത അറിയാതെ പോകുന്നതിലെ അസ്വസ്തതയും ഒരുമിച്ചുണ്ടായി.

അതിനിടയിൽ ശ്രീജ മുമ്പ് തന്നെ സൂചിപ്പിച്ചിട്ടുള്ള ജിജി എന്ന സുഹൃത്ത് ശ്രീജയുടെ ഫേസ്‌ബുക്കിൽ കയറി വാർത്ത ഭാഗികമായി സ്ഥിരീകരിച്ചുകൊണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ഇട്ടു. ശ്രീജ ആശുപത്രിയിൽ ആണെന്നും അപകട നില തരണം ചെയ്‌തെന്നും പറഞ്ഞ ആ പോസ്റ്റിൽ ആത്മഹത്യാശ്രമം എന്ന ആരോപണത്തെ നിഷേധിക്കാൻ ശ്രമം ഒന്നും ഉണ്ടായതുമില്ല. തുടർന്ന് മറുനാടൻ ആ ഫേസ്‌ബുക്ക് സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തമാശയോടും പുഞ്ചിരിയോടും കൂടി ജീവിതത്തെ നേരിടുന്ന ശ്രീജയുടെ മറ്റൊരു തമാശ ആയിരുന്നിരിക്കാം ഈ ആത്മഹത്യ നാടകവും എന്ന സംശയത്തോടെയായിരുന്നു ഞങ്ങളുടെ റിപ്പോർട്ട്. ഏറെ വൈകാതെ ഞങ്ങളുടെ റിപ്പോർട്ടും ശ്രീജയുടെ സ്റ്റാറ്റസ് അപഡേറ്റ്‌സിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ശ്രീജയ്ക്ക് എന്തുപറ്റി എന്നുമാത്രം അറിയാൻ വഴികൾ ഒന്നുമില്ലാതെ തുടർന്നു.

ശ്രീജയ്ക്ക് എന്തുപറ്റി എന്നന്വേഷിക്കാനുള്ള തുടക്കത്തിന് മുമ്പ് ശ്രീജയുടെ ഫോണിൽ നിന്നും തന്നെ ഫോൺ വന്നു. എന്തുചോദിക്കണം എന്നറിയാത്ത നിമിഷം; പതിവുപോലെ ഉറക്കെയുള്ള ചിരിയോടെയാണ് ശ്രീജയുടെ തുടക്കം. 'ഞാൻ മരിച്ചിട്ടില്ല. അത്യാസന്ന നിലയിലുമല്ല, ആത്മഹത്യയ്ക്ക് ശ്രമിച്ചതുമല്ല' ശ്രീജ പറഞ്ഞു. അപ്പോൾ പിന്നെ എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് മരണത്തെ പ്രണയിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്? ഈ ചോദ്യത്തിന് മുമ്പിൽ ശ്രീജയുടെ വാക്കുകളുടെ ദൃഢത നഷ്ടപ്പെട്ടു.

'സത്യമായിട്ടും ഞാൻ മരിക്കാൻ ശ്രമിച്ചതല്ല. ഇടയ്ക്കിടെ ഞാൻ ഇങ്ങനെ ചില പോസ്റ്റുകൾ ഇടാറുള്ളതാണ്. എനിക്കുണ്ടായ ഒരു ദുരന്തവും ആ ഫേസ്‌ബുക്ക് പോസ്റ്റും യാദൃശ്ചികമായി ഒരുമിച്ച് സംഭവിച്ചു എന്നു മാത്രം. ഒരുപാട് ജോലി ചെയ്ത് തളരുമ്പോൾ ചിലപ്പോൾ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല. അത്തരം ദിവസങ്ങളിൽ ഞാൻ ഉറക്കഗുളിക ഉപയോഗിച്ചാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു ഗുളിക കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രയ്ക്കും സംഘർഷഭരിതമായിരുന്നു മനസ്സ്. അതുകൊണ്ട് ഒന്നിലധികം കഴിച്ചു സുഖമായി ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ, അല്പം കൂടിപ്പോയതുകൊണ്ട് ഇന്നലെ ഉച്ചവരെ ഞാൻ ഉറങ്ങിപ്പോയി. അങ്ങനെയാണ് ആശുപത്രിയിൽ ആകുന്നത്. അതുപക്ഷേ, ആത്മഹത്യാശ്രമമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.' പതറിയ സ്വരത്തിലായിരുന്നു ഇത്രയും പറഞ്ഞത്.

എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നു വാർത്തകൾ വന്നതിൽ ശ്രീജയ്ക്ക് ഒട്ടും പരിഭവം ഇല്ല. ഇടയ്ക്കിടെ സംഭാഷണത്തിൽ നർമ്മം കലർത്തി വിജയിക്കാനുള്ള ശ്രമം ശ്രീജ തുടർന്നു. 'എന്റെ മരണം ഇത്രയും പ്രധാനപ്പെട്ടതാണ് എന്നറിഞ്ഞതിനാൽ എനിക്ക് സന്തോഷം ഉണ്ട്. വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലും ഒക്കെ ഇത്രയും വലിയ ചർച്ച ആയതിന് അർത്ഥം എന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നല്ലേ. ഇന്നലെ ഒരു ദിവസം എനിക്ക് കുറഞ്ഞത് 2000 ഫോൺകോളുകൾ വന്നിരുന്നു. ഞാൻ ആരുടേയും ഫോൺ അറ്റന്റ് ചെയ്തില്ല.' ശ്രീജ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒരേദിവസം രണ്ടും മൂന്നും അഭിമുഖങ്ങളും മറ്റും ചാനലുകൾക്ക് വേണ്ടി എടുക്കാറുള്ള ശ്രീജ ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ വലിയ നിരാശ ജീവതത്തിൽ തോന്നാറുണ്ടെന്നും അത്തരം ദിവസങ്ങളിൽ ഉറക്കം വരില്ലെന്നും ഉറക്കം പൂർണ്ണമായും നഷ്ടപ്പെടാതിരിക്കാൻ ഉറക്കഗുളികൾ കഴിക്കാറുണ്ടെന്നും ശ്രീജ പറയുന്നു. സംഭവം നടന്ന ദിവസം സിനിമാ നിർമ്മാതാവു കൂടിയായ ശ്രീജയുടെ ഭർത്താവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഇന്നലെ മദ്രാസിൽ നിന്നും എത്തിച്ചേരുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി. ഫേസ്‌ബുക്ക് പോസ്റ്റുകളും തുടർവാർത്തകളും ദുരൂഹതയായി തുടരവേയാണ് ശ്രീജയുടെ വിശദീകരണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീജയുടെ ഫേസ്‌ബുക്ക്പോസ്റ്റുകളിൽ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാനൊരു നീണ്ട ഉറക്കത്തിലേക്ക്പോകുന്നു എന്ന് ഒരാഴ്ചമുമ്പ്ഫേസ്‌ബുക്കിൽ ശ്രീജ പോസ്റ്റ് ചെയ്തിരുന്നു. ഒരുപോസ്റ്റിൽ 'ഇതെന്റെ ഒരു ആത്മഹത്യകുറിപ്പായി ആരും കണക്കാക്കേണ്ട.. എന്നാൽ അങ്ങനെ ആയിക്കൂടാ എന്നും ഇല്ല' എന്നും ശ്രീജ കുറിച്ചു.എന്നാൽ ആത്മഹത്യക്ക്ശ്രമിച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ ജന്മത്തിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്‌തെന്നും അറിഞ്ഞുകൊണ്ട്ആരെയും ദ്രോഹിച്ചില്ലെന്നും ഫേസ്‌ബുക്കിൽ ശ്രീജ കുറിച്ചിരുന്നു. 

അപകട കാരണം എന്തായാലും ശ്രീജ പുതിയ ജീവിതത്തിലേക്ക് മടങ്ങി വന്നതിൽ ആശ്വസിക്കുകയാണ് അനേകം സുഹൃത്തുക്കൾ. ഓരോ ദിവസവും ഓരോ തമാശ എങ്കിലും ഫേസ് ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ശ്രീജയുടെ പോസ്റ്റുകൾ വഴി അനേകം പേർക്ക് ജോലി ലഭിക്കാനും രോഗികളായ അനേകം പേർക്ക് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീജയുടെ ചില പ്രസംഗങ്ങൾ വൻ വിവാദത്തിന് കാരണമായിട്ടുണ്ട്. ഫേസ് ബുക്കിലെ പോസ്റ്റിന്റെ പേരിൽ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഒന്നിലധികം തവണ മറുനാടൻ മലയാളി വാർത്ത നല്കിയിട്ടുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ശ്രീജയുടെ കരുണയിൽ ജീവിതം തിരിച്ച് കിട്ടിയ അനേകം പേർ ഇവരെ ആരാധനയോടെ ആണ് കണ്ടിരുന്നത്. ചാനൽ അവതാരക എന്ന നിലയിലുള്ള പ്രശസ്തി മാത്രമല്ല സൂക്ഷ്മമായ സാമൂഹ്യ ഇടപെടലുകളോടെയാണ് ഈ ജനപ്രീതി ഇവർ പിടിച്ചു വാങ്ങിയത്. നൂറുകണക്കിന് ആളുകൾ ശ്രീജയുടെ ദുരന്തത്തിൽ മനം നൊന്ത് പ്രാർത്ഥനയുമായി ഇന്നലെ രംഗത്ത് ഉണ്ടായിരുന്നു.