തിരുവനന്തപുരം: എന്ത് അവഹേളനം നേരിട്ടാലും അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ വിവാദവും ബാർ കോഴയുമുൾപ്പെടെ ഒട്ടേറെ അഴിമതിയാരോപണങ്ങൾ അദ്ദേഹത്തിന് നേർക്കുയർന്നു. ലൈംഗികാരോപണം വരെ നേരിടേണ്ടിവന്നു. അതൊന്നും ഉമ്മൻ ചാണ്ടിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരനെ തളർത്തിയില്ല. എന്തും നേരിടാനുള്ള ചങ്കുറപ്പ് തന്നെയാണ് അദ്ദേഹത്തെ അഞ്ചുവർഷം തികയ്ക്കാൻ സഹായിച്ചതും.

സർക്കാരിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളെ തള്ളിക്കളയാൻ ഉമ്മൻ ചാണ്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ലെന്നാണ് അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്. ' കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ആർക്കും കഴിയില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നത്. ആരോപണങ്ങൾ ജനങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കുമായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ യു.ഡി.എഫ് നേടിയില്ലേ'-അദ്ദേഹം ചോദിക്കുന്നു

ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ അത് തെളിയിക്കാൻ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ' ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ട് അതിന്റെ ഭാഗമാകാൻ പ്രതിപക്ഷം തയ്യാറായില്ല. നിയമസഭയിൽ ചർച്ച ചെയ്യാനും അവർ തയ്യാറായില്ല. സഭ തടസ്സപ്പെടുത്തുന്നതിലും വാക്കൗട്ട് നടത്തുന്നതിലും മാത്രമായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രദ്ധ'

സരിതാ നായർ ഉന്നയിച്ച ലൈംഗികാരോപണം ഉൾപ്പെടെയുള്ള വിവാദങ്ങൾ തന്നെ ബാധിച്ചില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നു.' ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനാണ് ഞാൻ. എന്റെയടുത്ത് പരാതിയുമായി ആർക്കും വരാം. ആർക്കും ഫോട്ടോയുമെടുക്കാം. അതിൽ നല്ലവരും ചീത്തയാളുകളുമുണ്ടാകും. ഇത്തരം മോശക്കാർ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ എനിക്ക് ജോലി ചെയ്യാൻ സാധിക്കില്ല'.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ' ചിലപ്പോൾ ചില തീരുമാനങ്ങൾ തെറ്റിപ്പോയേക്കാം. അത് തെറ്റാണെന്ന് ബോധ്യപ്പെടുന്ന നിമിഷം അത് തിരുത്താനും ശ്രമിക്കാറുണ്ട്. എന്നാൽ, ഇത്തരം അബദ്ധങ്ങളെക്കുറിച്ച് ദുഃഖിച്ചുകൊണ്ടിരുന്നാൽ ഒരു ഭരണാധികാരിയെന്ന നിലയിൽ എനിക്ക് പ്രവർത്തിക്കാനാവില്ല'

ഇത്രയും വിവാദങ്ങളുണ്ടായിട്ടും ഭരണം ഇട്ടെറിഞ്ഞ് പോകണമെന്ന് തോന്നിപ്പിച്ച ഒരുനിമിഷം പോലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 'ആരോപണങ്ങളിൽ സത്യത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അധികാരത്തിൽ ഒരു മിനിറ്റ് പോലും തുടരാൻ എനിക്ക് അവകാശമുണ്ടാകുമായിരുന്നില്ല. എന്റെ ശൈലിക്ക് വിരുദ്ധമായാണ് ഞാൻ പ്രവർത്തിക്കുന്നതെന്ന് ഒരാൾ ചൂണ്ടിക്കാണിച്ചാൽ എനിക്ക് കുറ്റബോധം വരാറുണ്ട്. ആരെയെങ്കിലും എന്റെ വാക്കുകൾ വേദനിപ്പിച്ചാൽ അതിൽ ദുഃഖിക്കാറുമുണ്ട്. എന്നാൽ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് എന്നെ സ്ഥാനത്തുനിന്നിറക്കാനും അപമാനിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ അതിനെ വെല്ലുവിളിയായി കാണാനാണ് എനിക്കിഷ്ടം. ധാർമികമായ സാഹചര്യങ്ങളിൽ രാജിവെക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഞാനത് പരിഗണിക്കുമായിരുന്നു.'

പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പമുള്ളവർ നൽകിയ പിന്തുണയും മുഖ്യമന്ത്രി നന്ദിയോടെ സ്മരിച്ചു.' പാർട്ടി മാത്രമല്ല, യുഡിഎഫിലെ ഘടകകക്ഷികളും മന്ത്രിസഭയിലെ അംഗങ്ങളും എനിക്ക് ശക്തമായ പിന്തുണ നൽകി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ യു.ഡി.എഫ് യോഗത്തിന്റെയോ കാബിനറ്റ് യോഗത്തിന്റെയോ വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലായിരുന്നു എന്നല്ല. അതെല്ലാം ജനാധിപത്യ രീതിയിൽ പരിഹരിക്കാനായി എന്നതാണ് പ്രധാനം'.