കാക്കനാട്: ഹാക്കിങ് പലവിധത്തിൽ നടക്കുന്ന സമയാമാണിപ്പോൾ. പ്രതികാരം തീർക്കാൻ വേണ്ടി സൈറ്റുകൾ നശിപ്പിക്കുന്ന ശൈലി അടുത്തിടെയാണ് വർദ്ധിച്ചു വന്നത്. സൈബർ ലോകത്ത് പരസ്പ്പരം വൈരം തീർക്കൽ കൊഴുക്കുമ്പോൾ ലക്ഷങ്ങളാണ് പലർക്കും നഷ്ടമാകുന്നത്. അത്തരമൊരു സംഭവമാണ് കൊച്ചി ഇൻഫോപാർക്കിൽ നിന്നും ഉണ്ടായത്.

ഇൻഫോപാർക്കിലെ കമ്പനി കരാർ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തുകൊണ്ടിരുന്ന വെബ്‌സൈറ്റുകൾ ഹാക് ചെയ്തു കമ്പനിക്ക് 23 ലക്ഷം രൂപ നഷ്ടം വരുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. സ്ഥാപനത്തിനെ മുൻ ജീവനക്കാരനാണ് ഹാക്കിംഗിന്റെ പേരിൽ അറസ്റ്റിലായത്. ഐടി ജീവനക്കാരനായ, ആലുവ തായിക്കാട്ടുകര എസ്‌പിഡബ്ല്യു റോഡിൽ നിർമ്മാല്യം വീട്ടിൽ നിർമൽ കമ്മത്ത് (34) പിടിയിലായ ഐടി കുറ്റവാളി.

കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ഇൻഫോപാർക്ക് സിഐ പി.കെ. രാധാമണി നടത്തിയ അന്വേഷണത്തിലാണു പ്രതി പിടി പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതിയായ നിർമ്മൽ കമ്മത്ത് ഇതേ കമ്പനിയിൽ പ്രോജക്ട് മാനേജരായി നേരത്തെ ജോലി നോക്കിയിരുന്നു. എന്നാൽ, പ്രകടനം മോശമായെന്ന ചൂണ്ടിക്കാട്ടി കമ്പനി ഇയാളിൽ നിന്നും വിശദീകരണം തേടി. ഇതോടെ നിർമ്മലിന് തൊഴിൽ പോകുകയും ചയ്തു. കുറച്ചുനാളായി ജോലിയിൽനിന്നു വിട്ടുനിന്ന ഇയാൾ പിന്നീട് കൊരട്ടി ഇൻഫോപാർക്കിലെ കമ്പനിയിൽ ജോലിക്കു കയറി.

അവരുടെ കംപ്യൂട്ടർ ഉപയോഗിച്ചാണ് കാക്കനാട്ടെ കമ്പനി വിദേശ കമ്പനികൾക്കു വേണ്ടി രൂപകൽപന ചെയ്യുന്ന വെബ്‌സൈറ്റുകൾ ഹാക് ചെയ്തത്. പ്രതികാരത്തിന്റെ ഭാഗമായാണ് ഇയാൾ ഹാക്കിംഗിന് മുതിർന്നത. സംഭവത്തിൽ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.