ബംഗളൂരു: ദ്വീർഘകാലം കോൺഗ്രസിനെ സേവിച്ച ശേഷം ബിജെപിയിലേക്ക് ചുവടുമാറിയ എസ്എം കൃഷ്ണയുടെ മരുമകനെതിരെ ആദായ നികുതി വകുപ്പിന്റ നടപടി. കഫേ കോഫീ ഡേ ഉടമസ്ഥൻ കൂടിയായ വിജി സിദ്ധാർത്ഥയുടെ വീട്ടിലും ഓഫീസുകളിലുമാണ് ആദായവകുപ്പ് റെയ്ഡ് നടത്തുന്നത് റെയ്ഡ് പുരോഗമിക്കുന്നതായും നികുതി വെട്ടിപ്പ് നടത്തിയതിന്റെ തെളിവുകളുണ്ടോയെന്ന് പരിശോധിക്കുന്നതായും ആദായവകുപ്പ് ജോയിന്റ് കമ്മീഷണർ എസ് രമേഷ് പറഞ്ഞു.

ബംഗളൂരു, മുംബൈ, ചെന്നൈ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ സിദ്ധാർത്ഥിന്റെ സ്ഥാപനങ്ങളിലാണ് ആദായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് പരിശോധന നടത്തിയത്. റെയ്ഡു നടത്തിയ സ്ഥലങ്ങളിൽ നിന്നും ചില വിവരങ്ങൾ ലഭ്യമായതായും ഇവ റെയ്ഡ് കഴിഞ്ഞതിനുശേഷം പുറത്തുവിടുമെന്നും രമേഷ് പറഞ്ഞു.

ഗോവയിലെ ആദായ വകുപ്പിലെ അസിസ്റ്റൻഡ് കമ്മീഷണറാണ് വിവിധ സ്ഥലങ്ങളിലെ റെയിഡുകൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുഡിഗിരി താലൂക്കിലെ രണ്ട് എസ്റ്റേറ്റ്, ചിക്കമംഗളൂരിലെ സ്‌കൂൾ ഓഫീസ്, സെറായി റിസോർട്ട് എന്നിവിടങ്ങളിലെ പരിശോധന പൂർത്തിയായി. ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സികാൽ ലോജിസ്റ്റിക് ലിമിറ്റഡിലും പരിശോധന നടത്തി.

46 വർഷം കോൺഗ്ഗ്രസ് നേതാവായിരുന്ന എസ്എം കൃഷ്ണ ഇക്കഴിഞ്ഞ മാർച്ചിൽ ബിജെപിയിലേക്ക് മാറിയിരുന്നു. കർണ്ണാടക മുഖ്യ മന്ത്രി സിദ്ധ രാമയ്യയുടെ ചില നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയത്. യുപിഎ ഗവൺമെന്റിനു കീഴിൽ വിദേശകാര്യ മന്ത്രിയായും, കർണ്ണാടക മുൻ മുഖ്യമന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.