തിരുവനന്തപുരം: ബാർ കോഴയിൽ സർക്കാരിനെ സഹായിച്ചത് ഡയറക്ടർ എൻ ശങ്കർ റെഡ്ഡിയാണ്. വിജിലൻസ് ഡയറക്ടറുടെ പദവി ഡിജിപി കേഡറാണ്. എന്നാൽ എഡിജിപിയെ നിയമിച്ച് ഡിജിപമാരെ ഒതുക്കി ഉമ്മൻ ചാണ്ടി സർക്കാർ പുതിയ വഴി തെളിച്ചു. ബാർ കോഴയിൽ സഹായിച്ച വിൻസൺ എം പോളിന് മുഖ്യ വിവരാവകാശ കമ്മീഷണർ സ്ഥാനം നൽകി. ഇപ്പോഴിതാ ഒപ്പം നിന്നവർക്കെല്ലാം സ്ഥാനക്കയറ്റം. ഇവരിൽ ആർക്കൊക്കെ ശമ്പളം കിട്ടുമെന്നത് മാത്രം ബാക്കി. ഏതായാലും സർക്കാർ ചെയ്യേണ്ടത് ചെയ്യുകയാണ്. ഇനിയെല്ലാം വിധി. ഐപിഎസുകാരെ മാത്രം പരിഗണിക്കുന്നത് ഐഎഎസുകാരുടെ എതിർപ്പിന് കാരണമാണ്. പ്രോട്ടോകോളിൽ ഐഎഎസുകാരാണ് മുന്നിൽ അതുകൊണ്ട് തന്നെ. അവരുടെ വേദനയും ഉമ്മൻ ചാണ്ടി കണ്ടു.

വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതല വഹിക്കുന്ന എൻ. ശങ്കർ റെഡ്ഡി ഉൾപ്പെടെയുള്ള ഐ.പി.എസുകാർക്കു സ്ഥാനക്കയറ്റം നൽകുന്നതിനെച്ചൊല്ലി മന്ത്രിസഭായോഗത്തിൽ ആഭ്യന്തരമന്ത്രിയും ചീഫ് സെക്രട്ടറി ജിജി തോംസണും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ ഭാഗമായാണ് ഐഎഎസുകാർക്കും കോളടിച്ചത്. അഞ്ച് എ.ഡി.ജി.പിമാർക്കു ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകണമെന്നു മന്ത്രി രമേശ് ചെന്നിത്തലയും അങ്ങനെയെങ്കിൽ അഞ്ചു പ്രിൻസിപ്പൽ സെക്രട്ടറിമാർക്കു ചീഫ് സെക്രട്ടറി പദവി നൽകണമെന്നു ജിജി തോംസണും വാശിപിടിച്ചു. ഇതോടെ എല്ലാവർക്കും എല്ലാം നൽകാൻ മുഖ്യമന്ത്രി സമ്മതിച്ചു. നഷ്ടം ഖജനാവിന് മാത്രം.

നിലവിൽ നാല് ഡിജിപിമാരാണ് ഉണ്ടായിരുന്നത്. ടിപി സെൻകുമാറും ജേക്കബ് തോമസും ലോക്‌നാഥ് ബെഹ്‌റയും ഋഷി രാജ് സിംഗും. ഇതിൽ സെൻകുമാർ പൊലീസ് ഡിജിപിയാണ്. സെൻകുമാർ വിരമിക്കുമ്പോൾ മറ്റ് മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളെ പൊലീസ് മേധാവിയായി നിയമിക്കേണ്ടി വരും. ഇത് മറികടക്കാനാണ് ഡിജിപിമാരുടെ എണ്ണം കൂടിയത്. ഇനിയിപ്പോൾ വേണമെങ്കിൽ ഇ്‌പ്പോൾ പ്രെമോഷൻ കിട്ടിയ ഡിജിപിക്കാരേയും പൊലീസ് മേധാവിയാക്കാം. ഇതിനുള്ള കള്ളക്കളിയാണ് നടന്നത്. ഇത് മനസ്സിലാക്കി ഐഎഎസുകാർക്ക് വേണ്ടി ജിജി തോംസണും ഉറച്ചു നിന്നു. ഇതോടെ എല്ലാവർക്കും പ്രെമോഷൻ നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

എ.ഡി.ജി.പിമാർക്കു സ്ഥാനക്കയറ്റം നൽകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി അവധിയെടുത്തു പൊയ്‌ക്കൊള്ളാനായിരുന്നു മന്ത്രി രമേശിന്റെ നിലപാട്. ഇതിന്റെ പേരിൽ സ്വയം വിരമിക്കാനും തയാറാണെന്നു ജിജി തോംസൺ തിരിച്ചടിച്ചു. ഒടുവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തു ഡി.ജി.പിമാരുടെ എണ്ണം ഒൻപതായും ചീഫ് സെക്രട്ടറി ഗ്രേഡിലുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ എണ്ണം 29 ആയും ഉയർന്നു. ഇതിനിടെ ജിജിതോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. ജിജി തോംസണെ ചീഫ് സെക്രട്ടറിയായി തുടരാൻ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം റിസ്‌കിൽ പുതിയ പദവി.

1986 ബാച്ച് എ.ഡി.ജി.പിമാരായ എൻ.സി. അസ്താന (ഇന്റലിജൻസ് ബ്യൂറോ, കശ്മീർ), എ. ഹേമചന്ദ്രൻ (ഇന്റലിജൻസ്, കേരളം), എൻ. ശങ്കർ റെഡ്ഡി (വിജിലൻസ്), രാജേഷ് ദിവാൻ (പരിശീലനവിഭാഗം), മുഹമ്മദ് യാസിൻ (തീരദേശ പൊലീസ്) എന്നിവർക്കാണു ഡി.ജി.പി. പദവി. ഇതേ ബാച്ചിലെ ഐ.എ.എസുകാരായ ഡോ. വിശ്വാസ് മേത്ത (റവന്യൂ), യു.കെ. ചൗഹാൻ (ജോയിന്റ് സെക്രട്ടറി, ഭക്ഷ്യപൊതുവിതരണം, ന്യൂഡൽഹി), ഡബ്ല്യു.ആർ. റെഡ്ഡി (നികുതിവകുപ്പ്), ജെയിംസ് വർഗീസ് (തദ്ദേശസ്വയംഭരണം), പി.എച്ച്. കുര്യൻ (വ്യവസായം) എന്നിവർക്കാണ് അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കും ചീഫ് സെക്രട്ടറിയുടെ ഗ്രേഡും ലഭിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും കേന്ദ്ര സർവീസിൽപെട്ട ഇവർക്കു ശമ്പളവർധന ഉണ്ടാകില്ല. പകരം സ്ഥാനക്കയറ്റത്തിനനുസരിച്ചുള്ള ശമ്പളം സംസ്ഥാനഖജനാവിൽനിന്നു നൽകാൻ തുടങ്ങി. എന്നാൽ ഇതിന് സാങ്കേതി തടസ്സങ്ങൾ ഏറെയുണ്ട്.

ശങ്കർ റെഡ്ഡി ഉൾപ്പെടെയുള്ളവരുടെ സ്ഥാനക്കയറ്റത്തിനായി ആഭ്യന്തരമന്ത്രി ശക്തമായി വാദിച്ചുവരുകയായിരുന്നു. ഡി.ജി.പിമാരെ മാത്രം നിയമിക്കേണ്ട വിജിലൻസ് ഡയറക്ടർ തസ്തികയിൽ എ.ഡി.ജി.പി: ശങ്കർ റെഡ്ഡിയെ നിയമിച്ചതിനെതിരേ ചീഫ് സെക്രട്ടറി കടുത്ത നിലപാടെടുത്തിരുന്നു. എന്നാൽ, ഇടതുസർക്കാർ അധികാരത്തിൽ വന്നാൽ ശങ്കർ റെഡ്ഡിക്കു ഭീഷണിയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണു ചർച്ചയ്ക്കു തുടക്കംകുറിച്ചത്. ഡി.ജി.പിമാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്, ലോക്‌നാഥ് ബെഹ്‌റ എന്നിവർക്കു തസ്തികയ്ക്കനുസരിച്ചുള്ള ശമ്പളം ലഭിക്കാതിരിക്കുമ്പോൾ ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി നിലനിർത്തുന്നതും സ്ഥാനക്കയറ്റം നൽകുന്നതും ശരിയല്ലെന്നായിരുന്നു ജിജി തോംസന്റെ നിലപാട്. നാലു ഡി.ജി.പിമാർക്കേ സംസ്ഥാന സർവീസിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളൂവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

എ.ഡി.ജി.പിമാർ ഡി.ജി.പി. പദവിയിലെത്തുമെങ്കിലും സംസ്ഥാനത്തു നാലു ഡി.ജി.പി. തസ്തികകളേ കേന്ദ്രസർക്കാർ അംഗീകരിക്കൂ. ഇവർക്കു സ്ഥാനക്കയറ്റത്തിനനുസരിച്ചുള്ള ശമ്പളം അനുവദിക്കില്ലെന്ന് അക്കൗണ്ടന്റ് ജനറലും വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇവർക്കു പദവി മാത്രമേ ലഭിക്കൂ, ഡി.ജി.പിയുടെ വേതനം ലഭിക്കില്ല. എന്നാൽ, ഈ വ്യവസ്ഥ ഐ.എ.എസുകാരുടെ കാര്യത്തിലില്ല. മാത്രമല്ല, ഈവർഷം ഏഴ് ഐ.എ.എസുകാർ വിരമിക്കുന്നതിനാൽ ഇവരുടെ സ്ഥാനക്കയറ്റം ഉടൻ സാധുവാകും. ഐ.പി.എസിൽ ആദ്യ ഡി.ജി.പി. തസ്തിക ഒഴിയുന്നത് അടുത്തവർഷം പൊലീസ് മേധാവി ടി.പി. സെൻകുമാർ വിരമിക്കുമ്പോൾ മാത്രമാണ്. അതുകൊണ്ട് തന്നെ പ്രമോഷൻ കിട്ടിയവർക്ക് ഏറെക്കാലം പഴയ ശമ്പളം തന്നെ വാങ്ങേണ്ടി വരും.