തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ, പൊതുഭരണ വകുപ്പിൽ നിന്ന് നീക്കിയ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ തിരിച്ചുവരുന്നു. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകി. ഇതടക്കം ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണിയാണ് സർക്കാർ നടത്തിയിരിക്കുന്നത്.

കെ.ആർ ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നൽകും. എം.ശിവശങ്കറിന് മൃഗസംരക്ഷണത്തിന്റെയും ഡയറി ഡവലപ്‌മെന്റിന്റെയും ചുമതലകൾ കൂടി നൽകി. കെ.എസ് ശ്രീനിവാസാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. ടിങ്കു ബിസ്വാളിനെ ഭക്ഷ്യ, സിവിൽ സപ്ലൈസ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. അജിത് കുമാറാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്രട്ടറി. പ്രിയങ്കയെ വനിതാ ശിശുവികസന വകുപ്പിൽ ഡയറക്ടറായി നിയമിച്ചു.

തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐ.ടി വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ഐ.ടി സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. പ്ലാനിങ് ബോർഡ് മെംബർ സെക്രട്ടറിയുടെ ചുമതലയും ബിശ്വനാഥ് വഹിക്കും.

ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമ പ്രവർത്തകനുമായ ഹരി എസ് കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെആർ ജ്യോതിലാൽ സർക്കാറിന് വേണ്ടി എഴുതിയ വിയോജനക്കുറിപ്പായിരുന്നു സ്ഥാന ചലനത്തിന് ഇടയാക്കിയത്. വിയോജനകുറിപ്പിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സമ്മർദ തന്ത്രം പയറ്റുകയായിരുന്നു. ഇതിന് പിന്നാലെ ജ്യോതിലാലിനെ മാറ്റാൻ സർക്കാർ തയ്യാറായതോടെയാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. ഫെബ്രുവരി പകുതിയോടെ ആയിരുന്നു ജ്യോതിലാലിനെ നീക്കിയത്. ഈ തീരുമാനമാണ് കൃത്യം രണ്ട് മാസങ്ങൾക്കിപ്പുറം തിരുത്തുന്നത്.

.രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ എടുത്തത്.

എതിർപ്പില്ലെന്ന് ഗവർണർ

അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നൽകാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിന്റെ സാഹചര്യം സർക്കാർ തന്നോട് വിശദീകരിച്ചെന്ന് ഗവർണർ പറഞ്ഞു. കാര്യങ്ങൾ ശരിയായി നടക്കണമെന്ന സന്ദേശമാണ് നൽകാൻ ഉദ്ദേശിച്ചത്. തനിക്കാരോടും പ്രതികാര മനോഭാവം ഇല്ല. ആരോടും പരിഭവമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.