മലപ്പുറം: അഖിലയെ ഹാദിയയാക്കി മതം മാറ്റിയതും വിവാഹം ചെയ്ത നൽകിയതുമെല്ലാം ഹൈക്കോടതിയുടെ പരിഗണനാ വിഷയങ്ങളാണ്. തുടക്കം മുതൽ ഈ വിഷയത്തിൽ പൊലീസ് സഹായത്തോടെ മകളെ രക്ഷിക്കാൻ അഖിലയുടെ കുടുംബം ശ്രമിച്ചിരുന്നു. എന്നാൽ സ്ഥലത്തെ ചില പൊലീസ് ഉദ്യോഗസ്ഥർ ഇതിന് വേണ്ടതൊന്നും ചെയ്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. മലപ്പുറം, പാലക്കാട് ജില്ലയിലെ മൂന്ന് ഡിവൈഎസ്‌പി മാരും 3 സിഐമാരും തീവ്ര നിലപാടുകാരെ പിന്തുണയ്ക്കുന്നുവെന്നാണ് കണ്ടെത്തൽ. ഹാദിയ കേസിൽ ഐസിസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരീക്ഷത്തിന് എത്തി. ഇവരാണ് പൊലീസുകാരുടെ ഇടപെടൽ കണ്ടെത്തുന്നത്. ഇക്കാര്യം സംസ്ഥാന പൊലീസിനെ കേന്ദ്ര ഏജൻസികൾ അറിയിച്ചിട്ടുണ്ട്.

മൂന്ന് ഡിവൈഎസ്‌പിമാരും മൂന്ന് സിഐമാരും സംശയ നിഴലിലാണെന്ന് റിപ്പോർട്ട് ചെയതത് ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ്. സംസ്ഥാന ഇന്റലിജൻസ് മേധാവിയും ഇത്തരമൊരു പ്രശ്‌നമുണ്ടെന്ന് സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുന്നുമില്ല. ഏതായാലും ഈ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ കേന്ദ്ര ഏജൻസികൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഹാദിയ വിഷയത്തിൽ ആരോപണ വിധേയർക്കെതിരെ ഒന്നും ചെയ്തില്ല. പകരം അവരെ സഹായിക്കാനാണ് ശ്രമിച്ചത്. ഹാദിയയുടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയത് അങ്ങനെയാണ്. മറ്റൊരു മതം മാറ്റക്കേസിലും ഇത്തരത്തിൽ ഈ ഉദ്യോഗസ്ഥർ ഇടപെടൽ നടത്തി. തീവ്ര ആശയക്കാരെ സഹായിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

മതം മാറ്റി വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളെ തേടി അന്വേഷണസംഘം. കോട്ടയത്തുനിന്നും കാണാതായ പെൺകുട്ടിയുടെ മതം മാറ്റവും സിറിയയിലേക്ക് കടത്താൻ ശ്രമമുണ്ടെന്ന അഛന്റെ പരാതിയുമാണ് സംഭവം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കാൻ ഇടയാക്കിയത്. മതം മാറ്റത്തിനും മതം മാറ്റിയ ശേഷം വിദേശത്തേക്കു കടത്താനുമായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായുള്ള വിവരം മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരിയിലെ ആതിരയെയും മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കാണാതായ അഖിൽ അബ്ദുള്ളയെയും മതം മാറ്റിയത് ഒരേ ആളുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇവർക്കെതിരെ ഈ കേസുകളിൽ നടപടിയൊന്നും ആയില്ല. ഇതു സംബന്ധിച്ച് എൻഐഎയും കേന്ദ്ര ഇന്റലിജൻസും നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താകുന്നത്.

ഇതോടെയാണ് മതംമാറ്റ സംഘങ്ങളെപ്പറ്റി ആദ്യം അന്വേഷണസംഘം കൂടുതൽ പഠിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ കണ്ടെത്തിയ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി നൗഫലും മറ്റു ചിലരുമാണ് മതം മാറ്റത്തിന് നേതൃത്വം നൽകിയത്. ഇവരുടെ നേതൃത്വത്തിൽ നിരവധി പേർ മതം മാറ്റലിന്് വിധേയമായതായും ഇതിൽ അധികം പേരെയും മതം മാറ്റി വിദേശത്തേക്ക് കടത്തിയതായും വിവരങ്ങൾ ലഭിച്ചു. എന്നാൽ മിക്ക സംഭവങ്ങളിലും അന്വേഷണം നടന്നില്ല. അഖിൽ എന്ന അബ്ദുള്ളയുടെയും ആതിരയുടെയും സംഭവത്തിനു തൊട്ടു പിന്നാലെയാണ് കോട്ടയം വൈക്കം സ്വദേശിയായ യുവതിയുടെ അഛൻ അശോകൻ മകളെ കാണാനില്ലെന്നും മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമം നടക്കുന്നതായും പരാതിപ്പെട്ടത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള സംഘമാണ് കോട്ടയം സ്വദേശിയുടെ മതം മാറ്റത്തിനു പിന്നിലും.

ബിഎച്ച്എംഎസ് ബിരുദധാരിയായ മകളെ കാണാനില്ലെന്നു കാണിച്ച് ആദ്യം അഛൻ അശോകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി മഞ്ചേരിയിലെ സത്യസരണി കേന്ദ്രീകരിച്ച് ഉണ്ടെന്നു കണ്ടെത്തി. എന്നാൽ യുവതി വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ യുവതി വിവാഹം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിന് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയയ്ക്കാനുള്ള നടപടി എടുക്കാമായിരുന്നു. അതുണ്ടായില്ല. പകരം അവിടെ തന്നെ നിർത്താനാണ് ശ്രമിച്ചത്. പിന്നീട് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ മതം മാറ്റിയ ആളുകളോടൊപ്പമായിരുന്നു പെൺകുട്ടി എത്തിയിരുന്നത്. എന്നാൽ പെൺകുട്ടി വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറായില്ല.

ഈ സാഹചര്യത്തിൽ അഛൻ ഹൈക്കോടതിയിൽ ഹേർബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തു. മകളെ സിറിയയിലേക്കു കടത്താൻ ശ്രമം നടക്കുന്നതായും മതം മാറ്റത്തിനു പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഇതു പരിഗണിച്ച ഹൈക്കോടതി പെൺകുട്ടി രാജ്യം വിടുന്നത് നിരീക്ഷിക്കാനും സത്യസരണിയിൽ റെയ്ഡ് നടത്താനും പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ചേരിയിലെ സത്യസരണിയിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. അതായാത് സത്യസരണിക്കെതിരെ പരാതി ഉയർന്നിട്ടും പൊലീസ് നടപടിക്ക് കോടതി ഉത്തരവ് വേണ്ടി വന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് മഞ്ചേരിയിലെ സത്യസരണി. മുജാഹിദ് നേതാവായ എം.എം അക്‌ബറിനും അക്‌ബറിന്റെ അടുപ്പക്കാർക്കും ഈ സ്ഥാപനവുമായി അടുത്ത ബന്ധമുണ്ട്. കേസിലെ മുഖ്യ കണ്ണി പെരിന്തൽമണ്ണയിലെ നൗഫൽ ജൂൺ മാസം വിദേശത്തേക്ക് കടന്നിരുന്നു. ഇതും പൊലീസിന്റെ വീഴ്ചയുടെ ഭാഗമാണ്.

വിദ്യാസമ്പന്നരായ ഇത്തരം 17 വിദ്യാർത്ഥികളെ കാണാനില്ലെന്ന് കാണിച്ച് വിവിധ ജില്ലകളിലെ രക്ഷിതാക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേറ്റ്‌സിൽ ചേർന്നതിനു ശേഷമാണ് ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മതം മാറ്റത്തിന് പ്രേരിപ്പിക്കുന്ന വിധം പ്രവർത്തിക്കുന്ന മെഡിക്കൽ, എഞ്ചിനീയറിങ് സ്ഥാപനങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സത്യസരണിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എന്നാൽ ഇത്തരം പരാതികളെത്തിയാൽ പൊലീസ് കാര്യമായ ഇടപെടൽ നടത്താറില്ലെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ ആരോപണം. ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനപ്പുറത്തേക്ക് ഒരു അന്വേഷണവും നടത്തിയില്ല.