കോഴിക്കോട്: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച കേസായിരുന്നു ഐസ്‌ക്രീംപാർലർ പെൺവാണിഭക്കേസ്. മുസ്ലിം ലീഗിന്റെ പ്രതാപത്തിന് മലബാറിൽ കോട്ടമുണ്ടാക്കിയ വിവാദം. ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ എല്ലാം അവസാനിച്ചെന്നാണ് പ്രചരണം. എന്നാൽ ഐസ്‌ക്രീം പാർലറിലെ പോരാട്ടം ഇനിയും അവസാനിക്കുന്നില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.

മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎ‍ൽഎ. ഉൾപ്പെട്ട ഐസ്‌ക്രീം പാർലർ കേസ് സിബിഐ. അന്വേഷിക്കണമെന്ന സിപിഎമ്മിന്റെ മുതിർന്ന നേതാവ് വി എസ്. അച്യുതാനന്ദന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നു സംസ്ഥാന സർക്കാർ നിലപാട് എടുത്തിരുന്നു. അതേസമയം, ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവെന്ന് വി.എസിന്റെ അഭിഭാഷകൻ തിരിച്ചടിച്ചു. 20 വർഷമായ കേസിൽ പല തവണ അന്വേഷണം നടത്തി കോടതി തീർപ്പാക്കിയതാണ്. വീണ്ടും കേസ് കുത്തിപൊക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ നിലപാട്. ഇത് പ്രതിസ്ഥാനത്ത് നിൽക്കുന്നവരെ സഹായിക്കുന്നതാണ്. വിഎസിന്റെ ഹർജി തള്ളുകയും ചെയ്തു. എന്നാൽ ഐസ്‌ക്രീം പാർലറിൽ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ എതിർപ്പുണ്ടെങ്കിൽ വി എസ്. ആദ്യ വിചാണക്കോടതിയെയാണു സമീപിക്കേണ്ടതെന്നു വ്യക്തമാക്കിയ സുപ്രീം കോടതി ഹർജിയുടെ ശരിതെറ്റുകളിലേക്കു കടന്നില്ലെന്നതാണ് യാഥാർത്ഥ്യം. കേസ് സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് മാത്രമേ സുപ്രീംകോടതി കണ്ടത്തിയിട്ടുള്ളൂ.

വി.എസും കേസിൽ ആരോപണ വിധേയനായ പി.കെ. കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയ പ്രവർത്തകരാണെന്നു നിരീക്ഷിച്ച സുപ്രീം കോടതി കുഞ്ഞാലിക്കുട്ടിയോടുള്ള രാഷ്ട്രീയ വിരോധമാകാം ഹർജി നൽകാൻ കാരണമെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോടതിയെ ഉപയോഗിക്കരുതെന്നും പരാമർശിച്ചു. എന്നാൽ ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് കേസ് അന്വേഷിച്ച പ്രത്യേക സംഘം തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വി എസ്. സിബിഐ. അന്വേഷണം ആവശ്യപ്പെട്ടത്. 2010 ൽ റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിൻസൻ എം പോളിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം ഐസ്‌ക്രീം പാർലർ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകൾ ഇല്ലെന്നായിരുന്നു വിൻസൻ എം. പോളിന്റെ കണ്ടെത്തൽ.

ആരോപണ വിധേയരിൽ ഹൈക്കോടതിയിൽനിന്നു വിരമിച്ച ന്യായാധിപന്മാരും മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസും മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരനും ഉൾപ്പടെ ഉള്ള പ്രമുഖർ ഉണ്ടെന്നും അതിനാൽ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നുമാണ് വി എസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളിയെങ്കിലും വിചാരണക്കോടതിയിലെ നടപടികളിൽ വിഎസിന് ഇടപെടാം. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്യാം. കൂടുതൽ തെളിവുകൾ നൽകുകയും ചെയ്യാം. അങ്ങനെ കേസ് നീട്ടികൊണ്ട് പോകാനും സാധ്യതയുണ്ട്. കേസ് അവസാനിപ്പിക്കണമെന്ന അന്വേഷണ സംഘത്തിന്റെ നിലപാട് വിചാരണക്കോടതി അംഗീകരിച്ചാൽ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും വിഎസിന് സമീപിക്കാം. അതുകൊണ്ട് തന്നെ ഐസ്‌ക്രീംപാർലർ കേസ് അവസാനിച്ചെന്ന് പറയുന്നത് അർത്ഥശൂന്യമാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

1997ലാണ് കോഴിക്കോട് ബീച്ചിലുള്ള ഒരു ഐസ്‌ക്രീം പാർലർ പെൺവാണിഭത്തിനായി പെൺകുട്ടികളെ പ്രലോഭിപ്പിക്കുന്നതിനുള്ള ഒരു മറയായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ള വിവാദം കത്തിപടർന്നത്. അജിതയുടെ നേതൃത്വത്തിൽ അന്വേഷി എന്ന സംഘടനയാണ് ഇത് പുറത്തുകൊണ്ട് വന്നത്. നിയമപോരാട്ടത്തിന് അജിത തന്നെ മുന്നിട്ടിറങ്ങി. അങ്ങനെ അന്വേഷണം വന്നു. 1995-96 കാലത്താണ് കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാർലർ കേന്ദ്രീകരിച്ച് വ്യാപകമായി പെൺവാണിഭം നടന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും. 1998ൽ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐസ് ക്രീം പെൺവാണിഭം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുടങ്ങിക്കിടന്ന കേസ് അതോടെ പുതിയ വഴിത്തിരിവിലെത്തുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെൺകുട്ടികൾ മൊഴി നൽകി. എന്നാൽ ഇവർ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നൽകി. വൻ തോതിൽ പണം നൽകിയാണ് ഇവർ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയർന്നിരുന്നു.

ഇതെ തുടർന്ന് ആദ്യം നൽകിയ പ്രതിപ്പട്ടികയിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒഴിവാക്കപ്പെടുകയും അദ്ദേഹത്തിന്റെ ഡ്രൈവർ അരവിന്ദനെ ഉൾപ്പെടുത്തി കേസ് മുന്നോട്ടു നീങ്ങുകയും ചെയ്തു. ഇതിനിടെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കല്ലറ സുകുമാരൻ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് നായനാർ സർക്കാറിന് റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ ഈ റിപ്പോർട്ടിന് അട്ടിമറിക്കാൻ അന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന ദാമോദരനോട് ഉപദേശം തേടുകയായിരുന്നു. ദാമോദരൻ മറ്റൊരു നിയമോപദേശമാണ് നൽകിയത്. കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ഒരു ബംഗ്ലാവ് ഒറ്റരാത്രികൊണ്ട് തകർത്ത് തരിപ്പണമാക്കിയ സംഭവമുണ്ടായി. ഇവിടെ തെളിവെടുപ്പിന് ആളെത്തുമ്പോൾ വീടു നിന്നിടത്ത് ഒരു അടയാളം പോലുമില്ലാതായി. ഇതിനിടെ കേസുമായി ബന്ധമുള്ള കോഴിക്കോട്ടെ രണ്ട് യുവതികൾ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പക്ഷേ ഈ കേസ് 2005ൽ സബ് ജഡ്ജ് കേസ് തള്ളി. അജിതയുടെ ഒൻപതുവർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവൊൽ 2006ൽ സുപ്രീം കോടതി തെളിവില്ല എന്ന കാരണത്താൽ കേസ് തള്ളിക്കളഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചെന്നും കരുതി.

ഈ കേസിനെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ രാജിയായിരുന്നു. 2004ഒക്ടോബർ 28ന് വൈകിട്ട് അഞ്ച് മണിക്കുള്ള ബുള്ളറ്റിനിലാണ് റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകൾ ഇന്ത്യാവിഷൻ ചാനലിൽ വരുന്നത്. കോഴിക്കോട്ടെ റിപ്പോർട്ടർ എംപി ബഷീറാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയിൽ വച്ചാണ് റജീനയുടെ വെളിപ്പെടുത്തലുണ്ടായത്. റജീന സംസാരിച്ചുകൊണ്ടിരിക്കെ ആദ്യ കാസറ്റുമായി ബഷീർ ഇന്ത്യാവിഷൻ ഓഫീസിലേക്ക് പോയി. അപ്പോൾ ഇന്ത്യാവിഷനിൽ അഞ്ച് മണിയുടെ വാർത്ത തുടങ്ങാറായിരുന്നു. അങ്ങനെ റജീനയുടെ പതിനാല് മിനിറ്റ് നീളുന്ന വിവാദമായ വെളിപ്പെടുത്തൽ ഇന്ത്യാവിഷന്റെ അഞ്ച് മണിക്കുള്ള വാർത്തയിൽ വന്നു. വാർത്ത പുറത്ത് വന്നതോടെ കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടായി.

മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ ചെയർമാനായ ചാനലിലാണ് സ്വന്തം പാർട്ടി നേതാവിനെതിരെ വെളിപ്പെടുത്തൽ വന്നതെന്ന കാര്യവും ശ്രദ്ധേയമായിരുന്നു. പിന്നീട് പക്ഷെ ഇന്ത്യാവിഷൻ ചാനലിന് തന്നെ വാർത്ത അപ്രധാനമായി റിപ്പോർട്ട് ചെയ്യേണ്ടി വന്നു. സ്വന്തം സ്റ്റുഡിയോയിൽ നിന്ന് ചിത്രീകരിച്ചെങ്കിലും ഏഷ്യാനെറ്റിൽ റിപ്പോർട്ടേ വന്നില്ല. എന്നാൽ കേരളം ഇതിനകം തന്നെ പ്രശ്നം ഏറ്റെടുത്തിരുന്നു. ഇതിനകം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആർ.എ,സ്.പി നേതാവ് ടി.ജെ ചന്ദ്ര ചൂഡനും റജീനയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാർ്ത്താ സമ്മേളനം നടത്തിക്കഴിഞ്ഞിരുന്നു. പിറ്റേന്ന് പത്രങ്ങളിലെല്ലാം വാർത്ത വന്നതോടെ ഇത് തമസ്‌കരിക്കാൻ കഴിയാത്ത സ്ഥിതി വന്നു. സംഭവം വിവാദമായതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. മാദ്ധ്യമ പ്രവർത്തകരെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചതും ഏറെ വിവാദമുണ്ടാക്കി. ഈ വിവാദങ്ങളാണ് 2006ൽ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പദത്തിലെത്തിച്ചതെന്ന് വിലിയുരുത്തുന്നവരും ഉണ്ട്. എന്നാൽ വിഎസിന് ആഭ്യന്തര വകുപ്പ് ലഭിക്കാത്തതിനാൽ വേണ്ടത്ര ഇടപെടൽ നടത്താനുമായില്ല.

അതിനിടെയാണ് റൗഫിന്റെ വെളിപ്പെടുത്തൽ എത്തിയത്. കുഞ്ഞാലിക്കുട്ടി ജഡ്ജിമാർക്കും ഇരകൾക്കും പണം നൽകി ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്ന് പുതിയ കേസുമെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭർത്താവായിരുന്നു റൗഫ്. റൗഫാണ്, കേസിൽ വിധി അനുകൂലമാക്കാൻ പണവും അധികാരവുമുപയോഗിച്ചുവെന്ന വിവരം പുറത്തുവിട്ടത്. ഇതിൽ താനും പങ്കാളിയാണെന്നും റൗഫ് വെളിപ്പെടുത്തിയിരുന്നു. 2011 ജനുവരി 28 ന് കോഴിക്കോട്ട് വാർത്താസമ്മേളനത്തിലായിരുന്നു ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ. തുടർന്ന് അന്നത്തെ എൽഡിഎഫ് സർക്കാർ ഫെബ്രുവരി 28ന് എഡിജിപി വിൻസൻ എം പോൾ തലവനായി പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. റൗഫിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് ടൗൺപൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നൂറിലേറെ സാക്ഷികളെ വിസ്തരിച്ചു. 150 ഓളം തെളിവുകളും രേഖകളും പരിശോധിച്ചു.

പീഡനത്തിനിരയായ റജീന, റജുല, ബിന്ദു എന്നിവരെയും ചോദ്യംചെയ്തു. കുഞ്ഞാലിക്കുട്ടിയെ മൂന്നുതവണ ചോദ്യംചെയ്തു. ആരോപണവിധേയരായ ജസ്റ്റിസുമാരായ പി നാരായണക്കുറുപ്പ്, കെ തങ്കപ്പൻ എന്നിവരിൽനിന്നും തെളിവെടുത്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തെളിവില്ലെന്ന വാദവുമായി കേസ് ചവറ്റുകൊട്ടയിലിടാനുള്ള റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് അട്ടിമറിക്കാൻ സാക്ഷികളും ഇരകളുമായ യുവതികൾക്ക് പണം നൽകിയതായി പ്രത്യേകാന്വേഷണസംഘം. കേസ് അട്ടിമറിച്ച കോടതിവിധി കോടതിക്ക് പുറത്തുനിന്നാണ് എഴുതിയതെന്നും അന്വേഷണസംഘം കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസ് അട്ടിമറിച്ചതിൽ അഴിമതിയുണ്ടെങ്കിലും അതിന് തെളിവില്ലെന്ന വിചിത്രമായ വാദവും റിപ്പോർട്ടിലുണ്ട്. തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും എഴുതിത്ത്ത്ത്തള്ളണമെന്നുമാണ് റിപ്പോർട്ട്.

പീഡനത്തിനിരയായ റജീന, റജുല, റോസലിൻ, ബിന്ദു എന്നിവർക്കെല്ലാം ലക്ഷങ്ങൾ ലഭിച്ചു. ചേളാരി സ്വദേശി ഷെരീഫും റൗഫും ചേർന്നാണ് പണം നൽകിയത്. റജീനക്ക് ലക്ഷങ്ങളുടെ സ്വത്തും വാഹനവുമുണ്ട്. ഇത് എങ്ങനെ കിട്ടിയെന്ന് കണ്ടെത്താനായില്ല. പണം നൽകിയതിന് രേഖാപരമായ തെളിവുമില്ല. എവിടെവച്ച് പണംനൽകിയെന്നതിനും തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് ഒതുക്കാൻ പി ശശിയെ സമീപിച്ചെന്ന വാർത്ത ചോദ്യംചെയ്യലിൽ പി കെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. കോടതിക്ക് പുറത്താണ് ഐസ്‌ക്രീം കേസിന്റെ വിധി എഴുതിയെന്നതിന് സൂചനയുണ്ടെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പരാമർശം. എറണാകുളത്തെ ഹോട്ടലിലായിരുന്നു വിധി തയ്യാറാക്കിയത്. വിധിയിൽ വെട്ടുംതിരുത്തും കണ്ടെത്തി.

എന്നാൽ വിധി തയ്യാറാക്കി തിരുത്ത് വരുത്തിയെന്ന ആരോപണത്തിന് വിധേയനായ അഡ്വ. അനിൽ തോമസ് കൈപ്പട പരിശോധനക്ക് വിസമ്മതിച്ചെന്ന നിസ്സഹായതയാണ് പൊലീസ് പ്രകടിപ്പിച്ചത്. ജസ്റ്റിസുമാരായ കെ നാരായണക്കുറുപ്പ്, കെ തങ്കപ്പൻ എന്നിവർക്ക് കോഴ നൽകിയെന്നതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. കോഴിക്കോട് ചാലപ്പുറത്ത് വാടകക്കെടുത്ത വീട്ടിൽ പീഡനത്തിനിരയായ പെൺകുട്ടികളെ താമസിപ്പിച്ച് സാക്ഷിമൊഴി പഠിപ്പിച്ചതായും കണ്ടെത്തി. അഡ്വ. സി എം രാജനാണ് സാക്ഷികളെ മൊഴി പഠിപ്പിച്ചത്. എന്നാൽ ഈ വീട്ടിൽ കുഞ്ഞാലിക്കുട്ടി വന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതെല്ലാം കണ്ടെത്തിയ പൊലീസ് കേസെടുക്കാനും തുടരന്വേഷണത്തിനും തെളിവില്ലെന്ന വിചിത്രവാദമാണ് ഉയർത്തിയിരിക്കുന്നത്.

2005ൽ കേരള ഹൈക്കോടതിയിൽ കേസിലെ വാദം കേൾക്കുകയായിരുന്ന ജസ്റ്റിസ് ടി.കെ. തങ്കപ്പൻ, ജസ്റ്റിസ് കെ. നാരായണ കുറുപ്പ് എന്നിവർക്ക് അനുകൂലവിധിക്കായി 30 ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തലുകളിലൊന്ന്. കേസിലെ പ്രധാന സാക്ഷികൾക്കും പണം കൊടുത്ത് അവരുടെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചു എന്നും റൗഫ് ആരോപിക്കുകയുണ്ടായി. ടി.കെ. തങ്കപ്പന് ഇരുപത്തഞ്ച് ലക്ഷം രൂപ കൊടുത്തിരുന്നുവെന്നായിരുന്നു റൗഫിന്റെ ഒരു ആരോപണം. ഇദ്ദേഹം കേസ് ഒരു സബ് ജഡ്ജിക്ക് മാറ്റിക്കൊടുക്കുകയുണ്ടായി. കെ. നാരായണക്കുറുപ്പ് 2007ൽ ഈ കേസ് സിബിഐ. അന്വേഷണത്തിന് വിടണം എന്ന ആവശ്യം തള്ളുകയുണ്ടായി. ഇദ്ദേഹത്തിന് മരുമകനായ സണ്ണി വഴി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു എന്നാണ് റൗഫ് അവകാശപ്പെട്ടത്. അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരന് 32.5 ലക്ഷം രൂപ നൽകി എന്നും റൗഫ് അവകാശപ്പെട്ടു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കുമുന്നിൽ ജസ്റ്റിസ് ടി.കെ. തങ്കപ്പനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ധ4പ അഡ്വക്കേറ്റ് എം.കെ. ദാമോദരനും ആരോപണങ്ങൾ നിഷേധിക്കുകയുണ്ടായി. ഇതിനെല്ലാം പുറമേ ഐസ്‌ക്രീം പാർലർ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതി തള്ളിക്കളയുകയുണ്ടായി. ഇതും വിവാദം സൃഷ്ടിച്ചു.

ഐസ്‌ക്രീം കേസിലെ ഇരകളുടെ മൊഴിമാറ്റാണ് പലപ്പോഴും കേസിനെ അട്ടിമറിച്ചത്. റെജീനയുടെ മൊഴി കോടതിക്ക് അംഗീകരിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടായി. ഇതിനിടെയാണ് റൗഫ് വെളിപ്പെടുത്തലുമായി എത്തുന്നതും അത് വി എസ് അച്യൂതാനന്ദൻ ഏറ്റുപിടിക്കുന്നതും. ഇതിൽ സുപ്രീംകോടതി വരെ പോയി സിബിഐ അന്വേഷണത്തിന് വി എസ് സമ്മർദ്ദം ചെലുത്തി. അത് നടന്നില്ല. എന്ന് കരുതി കേസ് അവസാനിക്കുന്നതുമില്ല. കേസിൽ തെളിവില്ലെന്ന കണ്ടെത്തൽ കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയിൽ വിഎസിന്റെ വാദം കേൾക്കാം. ഇത് തള്ളിയാൽ ഈ കേസിൽ വിഎസിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അതിന് ശേഷം മേൽകോടതിയിൽ വീണ്ടുമെത്താം. നടപടിക്രമങ്ങൾ ഇത്രയും പൂർത്തിയായാൽ മാത്രമേ ഐസ് ക്രീം കേസ് എന്നന്നേക്കുമായി അവസാനിച്ചൂവെന്ന് വിധിയെഴുതാൻ കഴിയൂ.