കോതമംഗലം : രക്ഷാപ്രവർത്തനം വൃഥാവിലായി... ഇടമലയാറിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പിടിയാന ചരിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി മേഖലയിൽ നരകയാതനയും പേറി കഴിഞ്ഞിരുന്ന അനയുടെ ജഡം ഇടമലയാർ ഫോറസ്റ്റ് റെയിഞ്ചിലേ എണ്ണക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് കാണപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ തുണ്ടം, ഇടമലയാർ റെയിഞ്ചോഫീസർ മാരുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിക്കുകയും ചികത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.

ആനക്കൂട്ടത്തിന്റെ ആക്രമണ ഭീതിയുടെ നിറവിൽ ,ദുർഗന്ധം സഹിച്ചും രക്തദാഹികളായ അട്ടകളോടും പൊരുതിയുമായിരുന്നു ആനയ്ക്കടുത്തെത്തി വനം വകുപ്പ് ജീവനക്കാർ ഭക്ഷണവും മരുന്നും എത്തിച്ച് നൽകിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ഇടമലയാറിൽ വൈദ്യുതവകുപ്പ് ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകൾക്ക് സമീപം അവശ നിലയിലാണ് പിടിയാനയെ കണ്ടെത്തിയത്. മസ്തകത്തിലും കീഴ് താടിയിലും ആഴത്തിൽ മുറിവുകൾ ദൃശ്യമായിരുന്നു. തീറ്റയെടുക്കുകയോ നടക്കുകയോ ചെയ്യാതെ, നിന്നിരുന്ന സ്ഥലത്ത് തളംകെട്ടി കിടന്നിരുന്ന ചെളിവെള്ളം തുമ്പിക്കൈയിലെടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് വൈകും വരെ ആന ഇവിടെത്തന്നെ നിൽക്കുകയായായിരുന്നു.

പുലർച്ചേ ഇടമലയാർ പവ്വർ ഹൗസ് ജീവനക്കാരാണ് ഗുരുതരമായി പരിക്കേറ്റ കാട്ടാനയെ ക്വാർട്ടേഴ്സുൾക്ക് സമീപം ആദ്യം കാണുന്നത്. ഇവർ വിവരം അറിയിച്ചത് പ്രകാരമാണ് തുണ്ടം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നും ജീവനക്കാരെത്തുന്നത്. തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്.മസ്തകത്തിലും കീഴ്‌ത്താടിക്ക് മുകളിലുമാണ് പരിക്കെന്ന് ഇവർ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കാട്ടാന കൂട്ടങ്ങൾ തമ്മിൽ കുത്തു കൂടിയതാവാം പിടിയാനയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ നിഗമനം.

രാവിലെ 11 മണിയോടെ തന്നെ ഉന്നതാധികൃതരുമായി ബന്ധപ്പെട്ട് ആനയ്ക്ക് ചികത്സ ലഭ്യമാക്കുന്നതിന് തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ നീക്കം ആരംഭിച്ചിരുന്നു. കാട്ടിൽ നിൽക്കുന്ന ആനയ്ക്ക് എങ്ങിനെ ചികത്സയൊരുക്കുമെന്നതായിരുന്നു ഉദ്യോഗസ്ഥ സംഘത്തെ ആലട്ടിയ പ്രധാന പ്രശ്നം. വൈകിട്ടോടെ വെറ്റിനറി സർജ്ജൻ സഥലത്തെത്തി ആനയുടെ പരിക്കുകൾ വിലയിരുത്തി. ഗുളികൾ പൈനാപ്പിളിനുള്ളിൽ ഒളിപ്പിച്ച് ,ഇത് ആനയ്ക്ക് ഭക്ഷണമായി നൽകാനായിരുന്നു അധികൃതരുടെ നീക്കം. പൈനാപ്പിളുമായി ഉദ്യോഗസ്ഥ സംഘം അടുത്തേയ്ക്ക് ചെന്നതോടെ ആന ചിഹ്നം വിളിച്ച് ആക്രമിക്കാനെത്തി. തുടർന്ന് പിൻ തിരിഞ്ഞ്് ഉൾക്കാട്ടിലേയ്ക്ക് കടന്നു. സമയം രാത്രിയോടടുത്തതിനാൽ ആനയെ തിരഞ്ഞ് പോകേണ്ടെന്ന് തീരുമാനിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി.

പിറ്റേന്ന് പുലർച്ചെ ആനയെ കണ്ടെത്താൻ ഉദ്യോഗസ്ഥ സംഘം ഇടമലയാറിലെയും സമീപപ്രദേശങ്ങളിലെയും വനമേഖലയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.ഫലം കാണാത്തതിനാൽ വൈകിട്ടോടെ മടങ്ങി.ബുധനാഴ്ചയും തിരച്ചിൽ തുടർന്നു. ഉച്ചയോടെ എണ്ണക്കല്ലിന് സമീപം ആനയെ കണ്ടെത്തി.ആനയെ തുടർന്നും നിരീക്ഷിക്കുന്നതിനായി ഏതാനും ജീവനക്കാരെ റെയിഞ്ചോഫീസർ ചുമതലപ്പെടുത്തുകയും ചെയ്തു താമസിയാതെ മരുന്ന് നിറച്ച പാനാപ്പിൾ ജിവനക്കാർ ആനയ്ക്ക് എറിഞ്ഞുകൊടുത്തു.ഇത് ആന ഭക്ഷിക്കുകയും ചെയ്തു. ഇത്തവണ കണ്ടെത്തുമ്പോൾ ആനയുടെ ദേഹത്തെ ചെളി അപ്രത്യക്ഷമായിരുന്നു.ഇതേത്തുടർന്ന് മുറിവുകൾ കുടുതൽ വ്യക്തമായി കാണാവുന്നതിനും സാധിച്ചു.

മസ്തകത്തിലെ മുറിവിന് സാമാന്യം ആഴമുണ്ടെന്ന് കാഴ്ചയിൽ വ്യക്തമായിരുന്നു. ഒരു ചെവി ഒട്ടുമുക്കാലും പഴുത്ത് നശിച്ചു.കീഴ്‌ത്താടിയിലെ മുറിവും പഴുത്ത് ചീഞ്ഞിരുന്നു. ആന നിൽക്കുന്ന പരിസരമാകെ ദുർഗന്ധം വ്യാപിച്ചിരുന്നു. ചുറ്റും പൊതിഞ്ഞിട്ടുള്ള ഈച്ചകളെ അകറ്റാൻ ഇടയ്ക്കിടയ്ക്ക് സമീപത്തെ നീർച്ചാലിൽ നിന്നും തുമ്പിക്കൈയിൽ വെള്ളമെടുത്ത് തലയിലും ദേഹത്തും ഒഴിക്കുന്നുമുണ്ടായിരുന്നു. ഈ അവസ്ഥ്ഥയി കോന്നിയിൽ നിന്നെത്തിയ വെറ്റിനറി സർജ്ജൻ സി എസ് ജയകുമാർ ആനയെ കണ്ട് പരിക്കുകൾ വിലയിരുത്തി, നിർദ്ദേശിച്ച മരുന്നുകളാണ് വനപാലക സംഘം നൽകി വന്നിരുന്നത് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥി മോശമാണെന്നും പൈനാപ്പിളിൽ മരുന്ന് ഒളിപ്പിച്ച് നൽകുകയല്ലാതെ ഈ ഘട്ടത്തിൽ ഒന്നും ചെയ്യാനില്ലന്നും ഡോ.ജയകുമാർ ഈയവസ ര ത്തിൽ മറുനാടനോട് വിശദീകരിച്ചിരുന്നു. വരും ദിവസങ്ങളിലും ഇത്തരത്തിൽ മരുന്ന് നൽകൻ നിർദ്ദേശിച്ച ശേഷം ഇദ്ദേഹം മടങ്ങി.

മയക്കുവെടി വച്ച് വീഴ്തിയ ശേഷം മുറിവ് വൃത്തിയാക്കുന്നതിനെകുറിച്ച് ആദ്യഘട്ടത്തിൽ വെറ്റനറി സർജ്ജനും ഉദ്യോഗസ്ഥ സംഘവും ആലോചിച്ചെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.ആരോഗ്യ സ്ഥിതി മോശമായതിനാൽ ആന മയക്കം വിട്ട് എഴുന്നേൽക്കുമോ എന്നുള്ള ആശങ്കയിലാണ് അധികൃതർ ഈ നീക്കം ഉപേക്ഷിച്ചത്. രണ്ട് ദിവസം മുമ്പ് ഇടമലയാർ ജലാശയത്തിലിറങ്ങി തുമ്പികൈ മാത്രം വെള്ളത്തിന് മുകളിൽ കാണാവുന്ന തരത്തിൽ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും അപ്രത്യക്ഷമായ ആനയുടെ ജഡമാണ് വനമേഖലയിൽ കണ്ടെത്തിയത്.