- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടമലയാർ ആനവേട്ടക്കേസ് അട്ടിമറിക്കാൻ വനം ഓഫീസിൽ ചരടുവലികൾ നടന്നതായി വെളിപ്പെടുത്തൽ; കേസ് പൊളിക്കാൻ സ്ഥലത്തില്ലാത്ത വനം ഓഫീസറെ കക്ഷി ചേർത്തു; രഹസ്യവിവരങ്ങൾ ചോർത്തി നല്കി: വനം വകുപ്പു മന്ത്രിക്ക് ജീവനക്കാരന്റെ പരാതി
കോതമംഗലം: ഇടമലയാർ ആനവേട്ട കേസ് അട്ടിമറിക്കാൻ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ളാിങ് സ്‌ക്വാഡ് ഓഫീസ് കേന്ദ്രീകരിച്ച് ചരടുവലികൾ നടന്നതായി വെളിപ്പെടുത്തൽ. ജീവനക്കാർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യമാണ് ഇപ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരാൻകാരണം. ഇതേ ഓഫീസിലെ ജീവനക്കാരനാണ് ഈ കേസിൽ തന്റെ മേലധികാരികളുടെ വഴിവിട്ട നീക്കത്തിനെതിരെ പരാതിയ
കോതമംഗലം: ഇടമലയാർ ആനവേട്ട കേസ് അട്ടിമറിക്കാൻ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ളാിങ് സ്‌ക്വാഡ് ഓഫീസ് കേന്ദ്രീകരിച്ച് ചരടുവലികൾ നടന്നതായി വെളിപ്പെടുത്തൽ. ജീവനക്കാർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യമാണ് ഇപ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരാൻകാരണം. ഇതേ ഓഫീസിലെ ജീവനക്കാരനാണ് ഈ കേസിൽ തന്റെ മേലധികാരികളുടെ വഴിവിട്ട നീക്കത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കേസിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ചോർത്തി നൽകുകയും പരസ്യപ്പെടുത്തുകയും ചെയ്‌തെന്നും ഇതുവഴി ഇവർ കുറ്റവാളികൾക്ക് തെളിവുകൾ നശിപ്പിക്കാൻ അവസരം നൽകിയെന്നുമാണ് ഫ്‌ളയിങ് സ്‌ക്വാഡ് ഫോറസ്റ്റ് റെയിഞ്ചോഫീസർ സദാശിവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി ശിവകുമാർ എന്നിവർക്കതിരെ ഉയർന്നിട്ടുള്ള പ്രധാന ആക്ഷേപം.
ഈ ഓഫീസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിചെയ്തുവരുന്ന ജിമ്മി സ്‌കറിയയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വനം വകുപ്പ് മന്ത്രിയുൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകിയിട്ടുള്ളത്. പരാതിയുടെ കോപ്പി കഴിഞ്ഞ ദിവസം പുറത്തായി. കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ്ടിക്കുഞ്ഞ്, സാബു എന്നിവരുൾപ്പെടെയുള്ള പ്രതികളെ പിടികൂടിയതുമായി ബന്ധപ്പെട്ടതും ആനവേട്ട കേസിന്റെ ആണിക്കല്ലുമായ ആദ്യ മഹസർ തയാറാക്കിയപ്പോൾ നടത്തിയ കൃത്രിമങ്ങൾ തന്നെ കേസ് പരാജയപ്പെടാൻ കാരണമാകുമെന്നു ജിമ്മി പരാതിയിൽ പറയുന്നു. മഹസർ സമയത്തു സ്ഥലത്തില്ലാതിരുന്ന ശിവകുമാർ മനഃപ്പൂർവ്വം കക്ഷിചേർന്നെന്നും ഈ ഒറ്റക്കാരണം തെളിയിക്കപ്പെട്ടാൽ കോടതിയിൽ കേസ്സ് പരാജയപ്പെടുമെന്നും ഇതു കരുതിക്കൂട്ടി നടത്തിയ നീക്കമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2016 ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന തന്റെ പേരിൽ ഇക്കാരണത്താൽ യാതൊരുനടപടികളും ഉണ്ടാവാനിടയില്ലെന്ന തിരിച്ചറിവിലാണ് ശിവകുമാർ കേസ്സ് അട്ടിമറിക്കാൻ പ്രതികളുമായി ചേർന്ന് കരുക്കൾ നീക്കിയതെന്നും ഇതുമൂലം, രാജ്യം കണ്ട ഏറ്റവും വലിയ ആനവേട്ടക്കേസ് യാതൊരു ചലനവും സൃഷ്ടിക്കപ്പെടാതെ പര്യവസാനിക്കുമെന്നുമാണ് നിലവിലെ സ്ഥിതിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിനപത്രത്തിന്റെ വരിസംഖ്യ മുതൽ വിവിധ കേസുകളുടെ പേരിലും വകുപ്പുതല വികസന പ്രവർത്തനങ്ങളുടെ പേരിലും വെട്ടിപ്പും തട്ടിപ്പും നടത്തിയും ഓഫീസിലെ ജനറൽ ഡയറിയിൽ കൃത്രിമം നടത്തിയും ഇവർ വൻസാമ്പത്തീക നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് പരാതിയിലെ മറ്റൊരാക്ഷേപം. ഓഫീസിൽ ഒരു പത്രം മാത്രമേ വരുത്തുന്നുള്ളുവെന്നും ബില്ലിൽ കൃത്രിമം നടത്തി രണ്ടുപത്രത്തിന്റെ വരിസംഖ്യ റെയിഞ്ചോഫീസർ വർഷങ്ങളായി അടിച്ചു മാറ്റുന്നുണ്ടെന്നും വാഴച്ചാൽ റെയിഞ്ചോഫീസ് പരിധിയിലെ പ്ലാന്റേഷനിൽ വൃക്ഷത്തൈകൾ നട്ടതിലെ ക്രമക്കേട് കരാറുകാരനിൽ നിന്നും പണം കൈപ്പറ്റി ഒതുക്കിത്തീർത്തെന്നും പരാതിയിൽ ആരോപിക്കുന്നു. കഴിഞ്ഞമാസം 3-ന് നൽകിയ പരാതിയിൽ ഇവർ ഉൾപ്പെട്ടിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിശദമായ പരാമർശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പരാതിയിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ളവരിൽ മനോരമ ലേഖകൻ ജയന്മേനോനും ഉൾപ്പെടുന്നു.ആനവേട്ടകേസിന്റെ ഔദ്യോഗീക രഹസ്യങ്ങൾ ശിവകുമാർ ജയൻ മേനോന് ചോർത്തി നൽകിയെന്നും പത്രപ്രവർത്തകൻ എന്ന നിലയിൽ ജയൻ മേനോന് ആവശ്യത്തിലധികം സ്വാതന്ത്ര്യം ഓഫീസിൽ അനുവദിക്കപ്പെട്ടിരുന്നു എന്നും സർക്കാർ വാഹനങ്ങൾ മാത്രമിടാറുള്ള ഓഫീസിലെ പോർച്ചിൽ ജയൻ മേനോൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന കാർ പാർക്ക് ചെയ്യാൻ അവസരം നൽകിയിരുന്നത് ഇതുകൊണ്ടാണെന്നും 9 പേജ് വരുന്ന പരാതിയിൽ ജിമ്മി വ്യക്തമാക്കിയിട്ടുണ്ട്.
2012 മുതൽ ആനവേട്ട നടന്നതായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇക്കൂട്ടർക്ക് യാതൊരുവിവരവും ലഭിച്ചിരുന്നില്ലന്നാണ് നിലവിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഇത് കൃത്യനിർവ്വഹണരംഗത്തെ ഇവരുടെ കനത്ത വീഴ്ചയായി മാത്രമേ കാണാൻ കഴിയുവെന്നും ഇക്കാര്യവും അന്വേഷണ വിധേയമാക്കണമെന്നും കോൺഗ്രസ്സ് അനുകൂലസംഘടനയായ കെ എസ് എഫ് എ യുടെ നേതാവു കൂടിയായ ജിമ്മി സ്‌കറിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2008-ൽ തൃശൂർ സെൻട്രൽ സർക്കിൾ കൺസർവേറ്റർ ക്രമക്കേടുകളുടെ പേരിൽ ശിവകുമാറിനെ പുറത്താക്കണമെന്ന് കാണിച്ച് ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് നൽകിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്താൽ ഈ നിർദ്ദേശം പ്രവർത്തികമായില്ല. മാത്രമല്ല കൂറച്ചുകൂടി ഭേദപ്പെട്ട നിലയിൽ ഇയാളെ പ്രതിഷ്ഠിക്കുകയും ചെയ്തു .ഇതോടെ കൂടുതൽ കരുത്താർജ്ജിച്ച ശിവകുമാറും സദാശിവനും ഈ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി മാറി. ആരും തങ്ങളുടെ പ്രവൃത്തികളിൽ കൈകടത്തില്ലന്നുള്ള അതിരുകടന്ന ആത്മവിശ്വാസത്തിലാണ് ഇവരുടെ ഇപ്പോഴത്തെ നീക്കമെന്നും ഇതിന് കടിഞ്ഞാണിടാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നുംആവശ്യപ്പെട്ടുകൊണ്ടാണ് പരാതി ജിമ്മി പരാതി അവസാനിപ്പിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഈ പരാതി ലഭിച്ചിട്ട് ഒരുമാസമായിട്ടും ഇതേക്കുറിച്ചന്വേഷിക്കാൻ ഉന്നതാധികൃതർ തയ്യാറായിട്ടില്ല. പരാതിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളവരുടെ ഉന്നത ബന്ധമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പരാതിയിൽ താൻ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങൾക്കും തെളിവ് തന്റെ പക്കലുണ്ടെന്നാണ് പരാതിക്കാരന്റെ അവകാശവാദം. ഈ സാഹചര്യത്തിൽ വനംവകുപ്പിന്റെ കീർത്തി വാനോളം വർദ്ധിപ്പിച്ച ഇടമലയാർ ആനവേട്ട കേസ്സ് കോടതിയിൽ പരാജയപ്പെടുന്നതിന് സാധ്യതയേറെയാണ്.
ഓപ്പറേഷൻ ശിക്കാർ എന്നു പേരിട്ടിരുന്ന ഈ കേസന്വേഷണം വഴി അന്താരാഷ്ട്ര കള്ളക്കടത്തുസംഘങ്ങളുമായും ഹവാല ഇടപാടുകാരുമായും ബന്ധമുള്ള ആനക്കൊമ്പ് കടത്തൽ സംഘത്തിലെ തിരുവനന്തപുരം സ്വദേശികളായ ഈഗിൾ രാജൻ, അജി ബ്രൈറ്റ്, ഡൽഹി സ്വദേശി ഉമേഷ് അഗർവാൾ എന്നിവർ ഉൾപ്പെടെ എഴുപതോളം പ്രതികൾ ഇരുമ്പഴിക്കുള്ളിലായി. ഉമേഷ് അഗർവാൾ ഡൽഹിയിൽ രഹസ്യകേന്ദത്തിൽ ഒളിപ്പിച്ചിരുന്ന 500-ൽപ്പരം കിലോ ആനക്കൊമ്പ് അന്വേഷകസംഘം കണ്ടെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥസംഘം തന്നെ പുറത്തുവിട്ടവിവരം. ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കും സാമ്പത്തീക നേട്ടത്തിനുമായി കേസ്സ് നടപടികൾ വഴിതിരിച്ചുവിട്ടതോടെ ഈ കേസന്വേഷണത്തിനായി ഇതുവരെ സംസ്ഥാന ഖജനാവിൽ നിന്നും ചിലവഴിച്ച ലക്ഷങ്ങൾ ജലരേഖയായി മാറി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.