കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ ഭാരവാഹിയും നടനുമായ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 'അമ്മ'യുടെ താരഷോയുമായി ബന്ധപ്പെട്ടാണ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. റിഹേഴ്‌സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു. ഇതിന്റെ ചില രേഖകൾ അന്വേഷണ സംഘത്തിനു കൈമാറി. ചോദ്യം ചെയ്യൽ അരമണിക്കൂറോളം നീണ്ടു.

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. ഈ കേസിൽ ആദ്യമായാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. ഇതേ കേസിൽ നടൻ കൂടിയായ മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവർത്തകയുമായ റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.

കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു

അതിനിടെ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ കാർ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി. രണ്ടു മാസം കാവ്യയുടെ കാർ ഡ്രൈവറായിരുന്നുവെന്ന് പൊലീസിന് നൽകിയ മൊഴിയിലാണ് സുനി വെളിപ്പെടുത്തിയത്. അതേസമയം, പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് പൊലീസ് ചോദ്യംചെയ്യലിൽ കാവ്യാ മാധവൻ കൈക്കൊണ്ടത്. കാവ്യയുടെ മൊഴി ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

നടിയെ ഉപദ്രവിക്കാനുള്ള ക്വട്ടേഷൻ നടപ്പിലാക്കിയ പ്രതികൾ, സംഭവത്തിനു ശേഷം കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകം ചോദ്യാവലി തയാറാക്കിയാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ.

കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചന പൊലീസ് നൽകിയിരുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു കാവ്യയുടെ മറുപടി പൂർണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.