മലപ്പുറം: ടെലികോം സേവന ദാതാക്കളായ മൊബൈൽ നെറ്റ് വർക്കിംങ് കമ്പനികളുടെ തട്ടിപ്പിനും പിടിച്ചു പറിക്കും ഒരു വതവണയെങ്കിലും ഇരയാകേണ്ടി വരാത്തവരായി ആരും ഉണ്ടാകില്ല. ഉപഭോക്താവാന്റെ സമ്മതമോ അറിവോ ഇല്ലാതെ മെയിൻ ബാലൻസിൽ നിന്നും വിവിധ കാരണങ്ങൾ കാണിച്ച് പണം തട്ടുകയാണ് മൊബൈൽ കമ്പനികളുടെ പതിവ് രീതി.

എന്നാൽ നഷ്ടപ്പെട്ട തുക ചെറുതോ വലുതോ ആണെങ്കിലും അമർഷം ഉള്ളിലൊതുക്കുകയല്ലാതെ ഇത് പിന്തുടരുകയോ അന്വേഷിക്കുകയോ ചെയ്യാത്തവരാണ് അധികപേരും. എന്നാൽ ഇതാ, നഷ്ടപ്പെട്ട മുപ്പത് രൂപ വിടാതെ പിന്തുടർന്ന് തിരിച്ചുപിടിച്ചിരിക്കുന്നു.

മൊബൈൽ സേവനദാതാവായ ഐഡിയയുടെ തട്ടിപ്പിനെതിരെ മലപ്പുറം സ്വദേശിയുടെ ഇടപെടലിന് സോഷ്യൽ മീഡിയയിൽ നിറയെ കയ്യടി ലഭിച്ചു കൊണ്ടിരിക്കുകയാണ്.

മൊബൈൽ ഷോപ്പ് ഉടമയും മലപ്പുറം സ്വദേശിയായ യുവാവിന്റെ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവുമായുള്ള ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൊബൈൽ കമ്പനികളുടെ തട്ടിപ്പുകൾക്കെതിരെ പൊതു ജനങ്ങളെ ബോധവൽക്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇത്തരം പിടിച്ചുപറിക്കു മുന്നിൽ കരുതലോടെ ഇരിക്കാൻ സാധാരണക്കാരെ ബോധവാന്മാരാക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും യുവാവ് സംഭാഷണത്തിൽ പറയുന്നു.

മുമ്പ് പല തവണ മൊബൈൽ കമ്പനികളുടെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും അത് സമൂഹമാദ്ധ്യമങ്ങളിൽ ഇട്ടിരുന്നതായും ഇതിന് നിറഞ്ഞ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും യുവാവ് പറയുന്നു.

ഐഡിയ സിം കണക്ഷൻ ഉപയോഗിക്കുന്ന ഈ യുവാവിന്റെ റിക്വസ്റ്റോ അറിവോ ഇല്ലാതെ വാല്യൂ ആഡഡ് സർവീസ് ആക്ടിവേഷൻ ചെയ്യുകയും ഇതിനുള്ള പണം, മുപ്പത് രൂപ മെയിൻ ബാലൻസിൽ നിന്നും ഈടാക്കുകയുമായിരുന്നു. ഹംഗാമ പ്രൊവൈഡറായുള്ള സൈറ്റ് മുഖേനയായിരുന്നു വാല്യൂ ആഡഡ് സർവീസ് ആക്ടിവേഷൻ ചെയ്തിരിക്കുന്നത്.

എന്നാൽ ബാലൻസ് നഷ്ടമായത് എങ്ങനെയെന്നറിയാൻ ഐഡിയ കസ്റ്റമർ കെയറിനെ ഈ യുവാവ് വിളിച്ചന്വേഷിച്ചപ്പോൾ സിസ്റ്റം ഡൗൺ ആണെന്നും ഒരു മണിക്കൂർ കഴിഞ്ഞ് വിളിക്കാനുമായിരുന്നു മറുപടി. എന്നാൽ യുവാവ് വിടാൻ തയ്യാറായില്ല. ഒരു മണിക്കൂർ കഴിഞ്ഞ് വിളിച്ചാൽ 24 മണിക്കൂർ കഴിഞ്ഞെന്ന കാരണം പറഞ്ഞ് ഫണ്ട് തിരിച്ചു നൽകാൻ പറ്റില്ലെന്ന് സ്ഥിരം കാരണം പറയുമെന്ന് യുവാവ് സൂചിപ്പിച്ചു.

ഇതോടെ സിസ്റ്റം ഡൗൺ ആണെന്ന് കസ്റ്റമർ കെയർ ആവർത്തിക്കുകയും പരിഹാരമാകാതെ കട്ട് ചെയ്യില്ലെന്ന നിലപാടിൽ യുവാവും നിലകൊണ്ടു. മേൽ ഉദ്യോഗസ്ഥന് ലൈൻ കണക്ട് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ലൈൻ ബിസിയാണെന്ന മറുപടിയായിരുന്നു. യുവാവിന്റെ ആവശ്യത്തിൽ ഉറച്ചു നിന്നതോടെ കസ്റ്റമർ കെയർ എക്‌സിക്യട്ടീവ് സീനിയർ ഉദ്യോഗസ്ഥന് ലൈൻ കൈമാറുകയായിരുന്നു.

തുടർന്ന് ബാലൻസ് നഷ്ടമായ വഴി അറിഞ്ഞെങ്കിലും ഇത് എന്തിനു വേണ്ടി ആരുടെ റിക്വസ്റ്റിൽ ആക്ടിവേഷൻ ചെയ്തു എന്നതിനു മറുപടിയുണ്ടായിരുന്നില്ല. കമ്പനിയുടെ തട്ടിപ്പും ചൂഷണവും യുവാവ് സീനിയർ ഉദ്യോഗസ്ഥനോട് സംസാരിക്കുകയും ഈ സംഭാഷണം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയകളിൽ ഇടുമെന്നും പറഞ്ഞതോടെ നഷ്ടപ്പെട്ട 30 രൂപ അര മണിക്കൂറിനുള്ളിൽ തിരിച്ചു ക്രെഡിറ്റ് ആകുമെന്ന മറുപടി സീനിയർ എക്‌സിക്യൂട്ടിവിൽ നിന്നും ലഭിച്ചു.

ഐഡിയ എക്‌സിക്യൂട്ടീവിനെ 'ക്ഷ' വരപ്പിച്ച ഈ യുവാവ് രസകരവും സ്വതസിദ്ധവുമായ ശൈലിയിലുള്ള സംഭാഷണ രീതിയുമാണ് ഏറെ കയ്യടിക്ക് ഇടയാക്കിയത്. എന്നാൽ ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ പണം മാത്രം കോടികൾ വരുമെന്നും ഈ പിടിച്ചുപറി നിർത്തലാക്കാൻ എന്ത് ചെയ്യുമെന്നും യുവാവ് ചോദിക്കുന്നുണ്ടെങ്കിലും എക്‌സിക്യൂട്ടീവിന് മറുപടിയുണ്ടായിരുന്നുല്ല. ഐഡിയക്കു പുറമെ മറ്റു കമ്പനികളും സമാന തട്ടിപ്പുകൾ നടത്തുന്നതായും ഇത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ദൗത്യമെന്നും യുവാവ് പറയുന്നു. 18 മിനുട്ട് ദൈർഘ്യമുള്ള സംഭാഷണത്തിലുടനീളം മൊബൈൽ കമ്പനികളുടെ തട്ടിപ്പിന്റെ നിത്യ സംഭവങ്ങൾ വിവരിക്കുന്നതാണ്. തട്ടിപ്പിനെതിരിൽ ഇത്തരത്തിലുള്ള ഇടപടൽ നടത്താനും പ്രതികരിക്കാനും യുവാവ് അഭ്യർത്ഥിച്ചു കൊണ്ടാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.