- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ത്രിവർണ ശോഭയിൽ തിളങ്ങി ഇടുക്കി അണക്കെട്ട്; ചെറുതോണി അണക്കെട്ടിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിൽ ലൈറ്റുകൾ പ്രകാശിപ്പിച്ച് ദേശീയപതാകയുടെ നിറം നൽകി; ഹൈഡൽ ടൂറിസം വകുപ്പ് ഒരുങ്ങിയത് അത്യപൂർവ്വ കാഴ്ച്ചാവിരുന്ന്
തൊടുപുഴ: ഓഗസ്റ്റ് 15ന് രാജ്യത്ത് 75-ാം സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരിക്കെ ത്രിവർണ ശോഭയിൽ തിളങ്ങി ഇടുക്കി അണക്കെട്ട്. ഇന്നലെ രാത്രിയാണ് ചെറുതോണി അണക്കെട്ടിൽ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിൽ ലൈറ്റുകൾ പ്രകാശിപ്പിച്ച് ദേശീയപതാകയുടെ നിറം നൽകിയത്. ഇത് ഡാം തുറന്നതിന് ശേഷം തന്നെ അത്യപൂർവ്വ സംഭവമായി മാറി.
ത്രിവർണ ദൃശ്യവിരുന്ന് ഒരുക്കിയത് ഹൈഡൽ ടൂറിസം വകുപ്പായിരുന്നു. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇതിന്റെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചു. അണക്കെട്ടിൽ നിന്ന് ഒഴുകുന്ന വെള്ളത്തിലാണ് പ്രത്യേക വെളിച്ച സംവിധാനത്തോടെ ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തിയത്. സ്വാതന്ത്ര്യാഘോഷങ്ങളുടെ ഭാഗമായാണ് വ്യത്യസ്തമായി ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.
ഡാം തുറന്നതിന്റെ ആശങ്കകൾക്കിടയിലും ഈ മനോഹരദൃശ്യം കാഴ്ചക്കാർക്ക് കുളിർമയേകുകയാണ്. നിരവധി പേർ ഈ ത്രിവർണ കാഴ്‌ച്ച പകർത്താനുമെത്തി. ജില്ലാ ഇൻഫോർമേഷൻ സെന്ററിന്റെ പേജിൽ പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇടുക്കി ഡാമിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് തുറന്ന ഷട്ടറുകൾ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്.
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 140 സെ.മീ. വീതവും ഒന്ന്, അഞ്ച് ഷട്ടറുകൾ 40 സെ.മീ. വീതവുമാണ് ഉയർത്തിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ പത്തിന് ഇടുക്കിയിൽ 2387.42 അടിയായിരുന്നു ജലനിരപ്പ്. ഇത് വൈകീട്ടോടെ 2387.36 അടിയായി കുറഞ്ഞു.
സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇടുക്കിയിൽ 350 ഘനയടിയിൽ നിന്ന് 345.75 ആയി താഴ്‌ത്തി. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 16 അടിയോളം വെള്ളമാണ് ഇടുക്കിയിൽ കൂടുതലുള്ളത്. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വെള്ളം എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് വർദ്ധിച്ചു. ഇതോടെ സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കിവിടുന്നത്.
അതേസമയം അതിശക്തമായ മഴ ഉണ്ടായിട്ടും ഇക്കുറി വലിയ പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇത് സർക്കാറിന്റെ ഇടപെടൽ കൊണ്ടാണെന്നാണ് റോഷി അഗസ്റ്റിൽ വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ