- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെയും കുടുംബത്തെയും ചുട്ടെരിച്ചത് കൂസലില്ലാതെ വിവരിച്ച് ഹമീദ്; 'അവനെ വിടരുത്, അടിച്ചുകൊല്ലണം' ശപവാക്കുകളുമായി സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ; ചീനിക്കുഴിയിൽ കൂട്ടക്കൊലയിൽ തെളിവെടുപ്പിനിടെ പ്രതിഷേധം
തൊടുപുഴ: ഇടുക്കി ചീനക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് ചുട്ടെരിച്ച പ്രതി ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. ശാപ വാക്കുകളുമായി സ്ത്രീകളടക്കമുള്ളവർ സ്ഥലത്ത് തടിച്ചുകൂടി. 'അവനെ ആദ്യം അടിച്ചു കൊല്ലണം, അവനെ വിടരുത്' എന്നു പറഞ്ഞാണ് നാട്ടുകാർ ഇയാൾക്കു ചുറ്റും കൂടിയത്.
വൻ പൊലീസ് സന്നാഹത്തോടയാണ് ഇയാളെ തെളിവെടുപ്പിനായി ഇവിടെയെത്തിച്ചത്. തുറസായ സ്ഥലത്താണ് വീട് എന്നതിനാൽ നിരവധി നാട്ടുകാരാണ് ഇയാളെ എത്തിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയത്.പ്രതി ഹമീദിന് പരമാവധി ശിക്ഷതന്നെ നൽകണമെന്ന് ജനങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടു.
ഇയാളെ ആക്രമിക്കാനും അസഭ്യം പറയാനും പാഞ്ഞടുത്ത ജനങ്ങളെ വളരെയധികം പ്രയാസപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്. തെളിവെടുപ്പിലുടനീളം കൂസലില്ലാതെയാണ് ഹമീദ് കാണപ്പെട്ടത്. തെളിവെടുപ്പിന് ശേഷം ഇയാളെ പൊലീസ് കരിമണ്ണൂർ സ്റ്റേഷനിലെത്തിച്ചു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്‌ന എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫൈസലിന്റെ അച്ഛൻ എഴുപത്തിയൊൻപതുകാരനായ പ്രതി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്.
ഉറക്കത്തിലായിരുന്ന മുഹമ്മദ് ഫൈസലും കുടുംബവും മുറിക്കുള്ളിൽ തീ പടരുന്നത് കണ്ടാണ് ഞെട്ടിയുണർന്നത്. വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ രക്ഷപ്പെടാനായില്ല. കുട്ടികളിൽ ഒരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അപ്പോഴാണ് ഹമീദിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്.
രക്ഷതേടി കുടുംബം ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. ഓടിയെത്തിയ രാഹുൽ പുറത്തുനിന്ന് പൂട്ടിയ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി. കിടപ്പുമുറിയുടെ വാതിലും ചവിട്ടിത്തുറന്നു. അപ്പോഴും പെട്രോൾ നിറച്ച കുപ്പികൾ ഹമീദ് മുറിക്കുള്ളിലേക്ക് എറിയുന്നുണ്ടായിരുന്നു.
ശുചിമുറിക്കുള്ളിലായ കുടുംബം രാഹുലെത്തിയിട്ടും പേടിച്ച് പുറത്തേക്ക് വന്നില്ല. അവിടെതന്നെ കത്തിയമർന്നു. തീയണച്ച് അകത്ത് കയറിയ നാട്ടുകാർ കണ്ട കാഴ്ച ദയനീയമായിരുന്നു. ശുചിമുറിക്കുള്ളിൽ മക്കളെയും ഭാര്യയെയും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു ഫൈസൽ. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നു.
സ്വത്ത് വീതംവച്ച് നൽകിയ ശേഷവും തന്നെ മകൻ നോക്കുന്നില്ല എന്ന പേരിൽ ഹമീദ് മുൻപ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണവും തരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ പേരിൽ തർക്കവും കൈയാങ്കളിയും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഹമീദും മുഹമ്മദ് ഫൈസലും തമ്മിൽ കൈയാങ്കളി നടന്നതായാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ