കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇടുക്കി പുറ്റടിയിൽ തിങ്കൾ പുലർച്ചെ ഒന്നോടെയാണ് തീകൊളുത്തിയത്.

വണ്ടന്മേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകൾ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കിടപ്പുമുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണു തന്റെ ദേഹത്തേക്കും തീ പടർന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണു മരണകാരണമെന്നുള്ള സന്ദേശം വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രൻ അയച്ചതായി പൊലീസ് കണ്ടെത്തി. അണക്കരയിൽ ജ്യോതി സ്റ്റോഴ്‌സ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രൻ.

പൊള്ളലേറ്റ ശ്രീധന്യ വീടിനു പുറത്തുവന്ന് നിലവിളിക്കുകയും തീപിടിച്ച വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണു നാട്ടുകാർ ഓടിക്കൂടിയത്. ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അവശയായി വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ശ്രീധന്യ. അമ്മയെ രക്ഷിക്കണമെന്ന മകളുടെ കരച്ചിൽകേട്ട് അയൽക്കാർ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചെങ്കിലും തീ പടർന്നതിനാൽ സാധിച്ചില്ല. രവീന്ദ്രനും ഉഷയും മരിച്ച നിലയിലായിരുന്നു.