ഇടുക്കി:നാഥനില്ലാ കളരിയായി മാറിയ ഇടുക്കി മെഡിക്കൽ കോളജിൽ ഡോക്ടറുടെ പരിചരണം കിട്ടാതെ യുവതി ശുചിമുറിയിൽ പ്രസവിച്ചു. ഒപ്പമുണ്ടായിരുന്നവരുടെയും ഡ്യൂട്ടി ഡോക്ടറുടെയും അവസരോചിതമായ ഇടപെടൽമൂലം അമ്മയും കുഞ്ഞും സുരക്ഷിരായി ആശുത്രിയിൽ കഴിയുന്നു. കട്ടപ്പന കല്യാണത്തണ്ട് സ്വദേശിപടിഞ്ഞാറയിൽ മുട്ടിപ്പള്ളിൽ തങ്കച്ചന്റെ ഭാര്യ ആശ(26)യാണ് ഡോക്ടറുടെ പരിചരണം ലഭിക്കാഞ്ഞതിനെ തുടർന്ന് ശുചിമുറിയിൽ ശിശുവിനു ജന്മം നൽകേണ്ടി വന്ന നിർഭാഗ്യവതി. വിവരമറിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഓടിയെത്തി നവജാതശിശുവിനെയും ആശയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

തിങ്കളാഴ്ച ഉച്ചയോടെയാണ് ആശയുമായി വീട്ടുകാർ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ഒ.പിയിലും അത്യാഹിത വിഭാഗത്തിലും വൻതിരക്കായിരുന്നു. ആയിരത്തോളം രോഗികൾ രണ്ടിടത്തുമായി ക്യൂ നിൽക്കുകയായിരുന്നു. ഒ. പിയിലും കാഷ്വാലിറ്റിയിലും ഓരോ വനിതാ ഡോക്ടർമാർ മാത്രമാണുണ്ടായിരുന്നത്. രോഗികളുടെ തിരക്കുമൂലം രണ്ടിടത്തും മുറിയിലേയ്ക്ക് കയറാൻ പോലുമായില്ല. അസ്വസ്ഥത കൂടുതലായതിനെ തുടർന്ന് ശുചിമുറിയിൽ പോകണമെന്നു ആശ പറഞ്ഞതനുസരിച്ച് ബന്ധുക്കൾ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി.

ശുചിമുറിയിൽ കയറിയ ആശ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെവന്നതിനാൽ ബന്ധുക്കൾ അകത്തുകയറി നോക്കിയപ്പോൾ പ്രസവിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ വീട്ടുകാരും മറ്റുള്ളവരും ചേർന്നു ഡോക്ടറെ വിവരമറിയിച്ചു. ജിവനക്കാർ അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേത്ത് മാറ്റിയശേഷം പിന്നീട് ലേബർ വാർഡിൽ പ്രവേശിപ്പിച്ചു. ശുചിമുറിയിലെ ക്ലോസറ്റിനു പുറത്തു കുഞ്ഞ് പിറന്നു വീണതും തക്ക സമയത്ത് വീട്ടുകാർ അറിഞ്ഞതുമാണ് തുണയായത്.

സംഭവസമയത്ത് കാഷ്വാലിറ്റി, ഒ. പി ഡോക്ടർമാരെ കൂടാതെ സർജനും ഗൈനക്കോളജിസ്റ്റും മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അവർ രണ്ടുപേരും ഓപ്പറേഷൻ തീയേറ്ററിലായിരുന്നു. ജില്ലാ ആശുപത്രിയും മെഡിക്കൽ കോളജും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. 25 ഡോക്ടർമാർ ജില്ലാ ആശുപത്രിയിലും 35-ഓളം ഡോക്ടർമാർ മെഡിക്കൽ കോളജിലും ഉണ്ടെങ്കിലും സേവനം നാല് പേരിൽ ഒതുങ്ങിയാതിന് പിന്നിൽ അധികാരികളുടെ കൃത്യവിലോപമാണ്. ഇടുക്കിയിലെ ജില്ലാ ആശുപത്രിയാണ് മെഡിക്കൽ കോളജായി ഉയർത്തിയത്. മെഡിക്കൽ കോളജും ജില്ലാ ആശുപത്രിയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.

രോഗികൾക്ക് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സേവനം മിക്കപ്പോഴും ലഭ്യമല്ല. ജില്ലാ ആശുപത്രിയിലെ പകുതിയോളം ഡോക്ടർമാർ മാത്രമാണ് സേവന സന്നദ്ധതയോടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസം പത്തനംതിട്ടയിൽ ആരോഗ്യവകുപ്പ് ഉന്നതാധികൃതർ വിളിച്ചുകൂട്ടിയ യോഗത്തിൽ രോഗികളെ മെഡിക്കൽ കോളജ് ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നൽകണണെന്നു കർശനമായി നിർദേശിച്ചിരുന്നു. അല്ലാത്തവരുടെ ശമ്പളം തടയുമെന്നു മുന്നറിയിപ്പും നൽകി. ഇതേ തുടർന്ന് ഓരോ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിലൊരിക്കൽ മാത്രം ആശുപത്രി ഒ. പിയിൽ എത്തുക മാത്രമാണ് ചെയ്യുന്നത്. ആപൂർവം ചിലർ മാത്രമാണ് വാർഡുകൾ സന്ദർശിച്ച് രോഗികളെ പരിശോധിക്കുന്നത്.

ക്രിസ്മസ് പ്രമാണിച്ച് അവധിയെടുത്തും അല്ലാതെയും ഡോക്ടർമാരെല്ലാം പോയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. ഒ. പിയിലും അത്യാഹിത വിഭാഗത്തിലുമെത്തുന്ന ഗുരുതരാവസ്ഥയിലായ രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്ത് നിരാശരാക്കി അയക്കുന്ന സ്ഥിരം പരിപാടിയാണ് ഡെിക്കൽ കോളജ് ഡോക്ടർമാർ ചെയ്യുന്നത്. ഓട്ടോറിക്ഷ വിളിക്കാൻപോലും നിവൃത്തിയില്ലാതെ 100 കിലോമീറ്റർ അകലെ മറയൂരിൽനിന്നുപോലും എത്തുന്ന രോഗികളോടാണ് ഡോക്ടർമാരുടെ ഈ അലംഭാവം.

ഡോക്ടർമാർ ഡ്യൂട്ടിക്കെത്താതെ ശമ്പളം വാങ്ങുന്നതിനെ ചോദ്യം ചെയ്യാൻ കലക്ടറോ, എം. പിയോ, എംഎൽഎയോ മെഡിക്കൽ കോളജ് പ്രിൻസിപ്പലോ പോലും തയാറാകുന്നില്ലെന്ന ദു:സ്ഥിതിയും ഇടുക്കിയിൽ കാണാം. ഇതിനിടെ ആശുപത്രിയിലെ ഏക എം. ഡി ഫിസിഷ്യനെയും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോക്ടറെയും ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ച് ഇടുക്കിക്കാരോട് ആരോഗ്യ വകുപ്പ് ക്രുരത വെളിവാക്കി.